ടീമിലെ സ്ഥാനത്തിനുവേണ്ടി കളിക്കില്ല, എങ്ങിനെ കളിക്കണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കുമെന്ന് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനുവേണ്ടി ബാറ്റേന്തുന്ന ശൈലി തനിക്കുണ്ടാകില്ലെന്നും ഇനിയും തന്റേതായ കളിയില്‍ ഉറച്ചുനില്‍ക്കുമെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍.

 

സ്ഥാനത്തിനായുള്ള മത്സരത്തിന് പകരം ആസ്വദിച്ചു കളിക്കാനായിരുന്നു തന്റെ തീരുമാനം. 2026 ടി20 ലോകകപ്പിന് മുമ്പ് തന്നെ മത്സരത്തില്‍നിന്നും നിന്ന് മാറി കളി ആസ്വദിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് സഞ്ജു പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനുവേണ്ടി ബാറ്റേന്തുന്ന ശൈലി തനിക്കുണ്ടാകില്ലെന്നും ഇനിയും തന്റേതായ കളിയില്‍ ഉറച്ചുനില്‍ക്കുമെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ജിയോഹോട്ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ബോള്‍ഡ് പ്രഖ്യാപനം നടത്തിയത്.

2026 ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ സഞ്ജു, തന്റെ ഇന്ത്യന്‍ ടീം അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ചെറുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര അരങ്ങിലേക്ക് കടന്നെങ്കിലും, ടീമിലെ മത്സരം കാരണം അവസരങ്ങള്‍ക്കായി ദീര്‍ഘനാളത്തെ കാത്തിരിപ്പ് നേരിട്ടു. സ്ഥാനം ഉറപ്പിച്ചതായി തോന്നിയപ്പോഴും പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും വീണ്ടും തിരിച്ചുവരികയും ചെയ്തു.

സ്ഥാനത്തിനായുള്ള മത്സരത്തിന് പകരം ആസ്വദിച്ചു കളിക്കാനായിരുന്നു തന്റെ തീരുമാനം. 2026 ടി20 ലോകകപ്പിന് മുമ്പ് തന്നെ മത്സരത്തില്‍നിന്നും നിന്ന് മാറി കളി ആസ്വദിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് സഞ്ജു പറഞ്ഞു.

ലോകകപ്പിന് മുമ്പ് ടി20 ഓപ്പണറായി സ്ഥാനം ഉറപ്പിച്ചെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവും പിന്നീട് ഇഷാന്‍ കിഷന്റെ ഫോം കാരണവും ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജു താഴോട്ട് തള്ളപ്പെട്ടു. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലോകകപ്പില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍, ടീം ലോകകപ്പില്‍ നിന്ന് പുറത്താകാന്‍ സാധ്യത ഉയര്‍ന്നപ്പോള്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറായി ഉള്‍പ്പെടുത്തി. മൂന്ന് തുടര്‍ച്ചയായ മികച്ച ഇന്നിംഗ്‌സുകള്‍ കൊണ്ട് ഇന്ത്യയെ മൂന്നാം ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ഇതോടെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവും ലഭിച്ചു.

സഞ്ജു സഞ്ജുവിന് വേണ്ടി തീരുമാനിക്കുമെന്നാണ് താരത്തിന്റെ നിലപാട്. ദൈവകൃപയാല്‍ ഞാന്‍ ഒരുപാട് നേടിയിട്ടുണ്ട്. ഇപ്പോള്‍ 31 വയസ്സ്. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ട് ഞാന്‍ സ്വന്തം നിബന്ധനകളില്‍ ഉറച്ചുനിന്ന് കളിക്കാന്‍ തീരുമാനിച്ചു. ആരും ഞാന്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്തുചെയ്യണമെന്നോ പറയില്ല. സഞ്ജു സഞ്ജുവിന് വേണ്ടി തീരുമാനിക്കും. എല്ലാ ബഹുമാനത്തോടെയും ഞാന്‍ കളിക്കും, കളി ആസ്വദിക്കും, നല്ല ടീംമേറ്റായിരിക്കും, ഗ്രൂപ്പിനെ പിന്തുണയ്ക്കും. പക്ഷേ അത് എന്റെ വഴിയിലായിരിക്കുമെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വ്യക്തമാക്കി.

2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പില്‍ കളിക്കുമെന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ 14-15 അംഗ സ്‌ക്വാഡില്‍ പോലും ഉണ്ടായിരുന്നില്ല. അപ്പോള്‍ 2028നെക്കുറിച്ച് എങ്ങനെ ആലോചിക്കും? ടീമിന് എന്നെ ആവശ്യമുണ്ടെങ്കില്‍, നല്ല ഫോമിലാണെങ്കില്‍ കാര്യങ്ങള്‍ ശരിയാകും. അല്ലെങ്കില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. നേട്ടം ആര്‍ക്കും എടുത്തുകളയാന്‍ കഴിയില്ലെന്നും സഞ്ജു പറയുന്നു.