കൗമാരത്തിലും യൗവ്വനത്തിലും കൊച്ചു പുസ്തകങ്ങള്‍ വായിക്കാത്ത രതിമോഹങ്ങളുണരാത്തവര്‍ കല്ലെറിഞ്ഞാല്‍ മതി, നാരായണീന്റെ കൊച്ചുമക്കളെ വെറുതെ വിടണമെന്ന് ശാരദക്കുട്ടി

നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയിലെ സഹോദര മക്കളുടെ ലൈംഗികതയെക്കുറിച്ച് പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി.

 
narayaneente moonnaanmakkal

കൗമാരത്തിലും യൗവ്വനത്തിലും രതിമോഹങ്ങളുണരാത്ത ആരെങ്കിലുമുണ്ടോയെന്നും അത്തരക്കാര്‍ മാത്രം കല്ലെറിഞ്ഞാല്‍ മതിയെന്നുമാണ് അവരുടെ നിലപാട്.

കൊച്ചി: നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയിലെ സഹോദര മക്കളുടെ ലൈംഗികതയെക്കുറിച്ച് പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. കൗമാരത്തിലും യൗവ്വനത്തിലും രതിമോഹങ്ങളുണരാത്ത ആരെങ്കിലുമുണ്ടോയെന്നും അത്തരക്കാര്‍ മാത്രം കല്ലെറിഞ്ഞാല്‍ മതിയെന്നുമാണ് അവരുടെ നിലപാട്. സിനിമയിലെ സഹോദര മക്കളുടെ പ്രണയവും ലൈംഗികതയും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 എസ് ശാരക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

രതിനിര്‍വ്വേദം കണ്ടാണോ നാട്ടിലെ ആണ്‍കുട്ടികളാരെങ്കിലുമൊക്കെ കുടുംബത്തിലെ  മുതിര്‍ന്ന ചേച്ചിമാരെ കാമിച്ചു തുടങ്ങിയത്?
ചെല്ലപ്പനാശാരിമാരാണോ നാട്ടിലെ ആണ്‍കുട്ടികള്‍ക്ക് മുഴുവന്‍ രതിരഹസ്യം കൈമാറിയത്?
ഈ നാട് എന്ന സിനിമ കണ്ടാണോ നാട്ടില്‍ മദ്യദുരന്തമുണ്ടായത് ? നാട്ടില്‍ നടന്ന വലിയ ഒരു മദ്യദുരന്തം സിനിമക്കു പ്രേരണയാവുകയായിരുന്നില്ലേ?
ഐ വി ശശിയുടെ ഇണ എന്ന ചിത്രം കണ്ട് ഉടനെ തന്നെ യുവതലമുറ ഒളിച്ചോടിത്തുടങ്ങിയോ? അമേരിക്കന്‍ ചലച്ചിത്രമായ ബ്ലൂ ലഗൂണാണ് മലയാളത്തില്‍ ഇണ എന്ന കൗമാരരതിക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തിന് പ്രേരണയായത്.
 ഇണയിറങ്ങി വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മലയാളസിനിമാപ്രേക്ഷകരില്‍ ഒരു വിഭാഗം നാരായണീന്റെ കൊച്ചുമക്കളെ വെറുതെ വിടുന്നില്ല. രതി എന്നാല്‍ കേവലം ലൈംഗിക ബന്ധം മാത്രമല്ല എന്നു തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഇത്തരം ചിത്രങ്ങളോട് നീതിപൂര്‍വ്വം സംവദിക്കാനാകൂ.
തന്റെ കലയില്‍ പൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ സാഹസികമായ പരീക്ഷണങ്ങള്‍ സാധ്യമാകൂ.
 അപരിചിതമെന്ന് ബോധപൂര്‍വ്വം നാം നടിക്കുന്ന എത്രയോ ഇടനാഴിയിരുട്ടു പ്രമേയങ്ങളെ, ഐവി ശശിയും പത്മരാജനും ഭരതനും ധൈര്യപൂര്‍വ്വം അനായാസം  അഭ്രപാളികളിലേക്ക് തുറന്നു വിട്ടു. ഗോപ്യമായി എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു വെച്ചു.
 അതിനെത്രയോ മുന്‍പ് തന്നെ സ്‌കൂളുകളിലും കുടുംബങ്ങളിലും  പ്രണയങ്ങളും രതിസംവേദനങ്ങളും  ഒളിച്ചോട്ടങ്ങളും ആത്മഹത്യകളും  ഉണ്ടായിട്ടുണ്ട്  
കളപ്പുരക്കളത്തില്‍ മേടപ്പുലരിയില്‍, വിളക്കു കെടുത്തി ആദ്യമായ് നല്‍കിയ വിഷുക്കൈനീട്ടങ്ങള്‍ എന്തായിരുന്നിരിക്കും ?  ആരും കാണാതെ മുറപ്പെണ്ണിന്റെ പൂങ്കവിളില്‍ ഹരിശ്രീ എഴുതിയതെങ്ങനെ ആയിരുന്നിരിക്കും ? ഇളനീര്‍ക്കുടമുടച്ച് തിങ്കളാഴ്ച നോയ്മ്പ് മുടക്കിയതെങ്ങനെ ആയിരുന്നിരിക്കും? ഇതൊക്കെ കേട്ട് രോമാഞ്ചം കൊണ്ടതല്ലാതെ ധാര്‍മ്മികരോഷം കൊണ്ടിട്ടുള്ളവരാണോ നിങ്ങള്‍ ?
നാട്ടിലും വീട്ടിലും സംഭവിച്ചിരുന്നതും സംഭവിച്ചേക്കാവുന്നതും ഒക്കെത്തന്നെയല്ലേ ചലച്ചിത്രങ്ങളില്‍ എല്ലാക്കാലത്തും ആവിഷ്‌കരിച്ചിരുന്നത്?
ഇവിടെ ഇങ്ങനെ ഒക്കെ കൂടിയാണ് കാര്യങ്ങള്‍, നിങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കിയാലും അതങ്ങനെയൊക്കെത്തന്നെ സംഭവിക്കുന്നുണ്ടാകാം എന്ന് പറയാനും സിനിമയെ ഉപയോഗിക്കാം.
മക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കവും അസൂയയും ഉണ്ടാകുന്നതു പോലെ തന്നെ, വയ്യാതായ രക്ഷിതാവ് ബാധ്യതയാകുന്നതു പോലെ തന്നെ, വിജാതീയ വിവാഹം ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പോലെ തന്നെ സ്വാഭാവികമാണ് കൗമാരക്കാര്‍ക്ക് പരസ്പരാകര്‍ഷണം തോന്നുന്നതും. അച്ഛന്റെ പഴയ ക്രഷിനെ കുറിച്ച് മകന്‍ ചോദിക്കുന്ന അതേ  കൗതുകത്തോടെ മകന്റെ ക്രഷിനെ അച്ഛന് കാണാന്‍ കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്.
ചെറിയഛന്റെ വേഷം ചെയ്യുന്ന ജോജു പറയുന്നതേ പറയാനുള്ളു, 'അവനെ വഴക്കുപറയുകയോ തല്ലുകയോ ചെയ്യരുത് . അവന്റെ പ്രായമതാണ് എന്ന് മനസ്സിലാക്കിയാല്‍ മതി'.
കൗമാരത്തിലും യൗവ്വനത്തിലും രതിമോഹങ്ങളുണരാതെ, പ്രണയിക്കാതെ, കൊച്ചുപുസ്തകം വായിക്കാതെ, ശ്രീകൃഷ്ണ ലീലകളെ ആരാധിക്കാതെ ദൈവനാമം ചൊല്ലി നടന്നവര്‍ മാത്രം കല്ലെടുത്താല്‍ മതി.
കൗമാരത്തിലിങ്ങനെയുമൊക്കെ ആകാം മനുഷ്യരെന്ന് മറന്നു പോകരുത്.