ശ്രീജിത്തിന് വഴിവിട്ട സംരക്ഷണം, സർക്കാർ വൻ കുരുക്കിൽ ; ചെന്നിത്തലയ്ക്ക് എതിരെ കോടതി വിമർശനം വന്നാൽ രാജി വയ്ക്കേണ്ടി വരും
എസ് ശ്രീജിത്തിനെ ഡിജിപിയായി ഉദ്യോഗകയറ്റം നൽകിയ വിഡി സതീശൻ സർക്കാർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് ചെന്ന് പെട്ടിരിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ ഇനി എന്ത് തീരുമാനമാണ് സർക്കാർ എടുക്കുക എന്നതാണ് രാഷ്ട്രീയ കേരളവും നിയമ വിദഗ്ദരും ഉറ്റുനോക്കുന്നത്.
എസ് ശ്രീജിത്തിനെ ഡിജിപിയായി ഉദ്യോഗകയറ്റം നൽകിയ വിഡി സതീശൻ സർക്കാർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് ചെന്ന് പെട്ടിരിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ ഇനി എന്ത് തീരുമാനമാണ് സർക്കാർ എടുക്കുക എന്നതാണ് രാഷ്ട്രീയ കേരളവും നിയമ വിദഗ്ദരും ഉറ്റുനോക്കുന്നത്.
കോടതി മുൻപാകെ ഗുരുതര സ്വഭാവമുള്ള ഹർജി എഡിജിപി ശ്രീജിത്തിന് എതിരെ നിലനിൽക്കെ, അദ്ദേഹത്തിന് ഡിജിപിയായി ഉദ്യോഗ കയറ്റം നൽകിയ നടപടിയെ വിമർശിച്ച് രംഗത്ത് വന്ന ഹൈക്കോടതി ഉത്തരവാണ് സർക്കാരിന് വൻ പ്രഹരമായിരിക്കുന്നത്. ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർമാരായി നിയമനം നൽകിയത് സംബന്ധമായ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആഗസ്റ്റ് 10 ന് അകം ഉണ്ടായില്ലങ്കിൽ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകിയിട്ടുണ്ട്.
അത്തരം ഒരു സാഹചര്യം ഉണ്ടാവുകയും കോടതി ഉത്തരവിൽ ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്താൽ, പ്രതിപക്ഷത്തിനെ സംബന്ധിച്ച് സർക്കാരിന് എതിരെ ആഞ്ഞടിക്കാൻ അതൊരു ആയുധമാകും. മാത്രമല്ല, മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഒഴിയേണ്ട സാഹചര്യവും ഉണ്ടാകും. 'ഓപ്പറേഷൻ തൂഫാൻ' വഴി കെട്ടിപ്പൊക്കിയ സകല ഇമേജും തകരാനും അത്തരമൊരു സാഹചര്യം കാരണമാകും. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങളും കൂടിയാലോചനകളുമാണ് സെക്രട്ടറിയേറ്റിൽ നടക്കുന്നത്.
അഡ്വ.കെ എം ഷാജഹാൻ നൽകിയ പരാതിയിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നവരിൽ എഡിജിപി ശ്രീജിത്തിന് പുറമെ ചീഫ് സെക്രട്ടറി ബിശ്വനാഫ് സിൻഹയും സംസ്ഥാന പൊലീസ് മേധാവി റവാദ ചന്ദ്രശേഖറുമുണ്ട് എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. അടുത്ത വർഷം മാത്രം ഉദ്യോഗകയറ്റം ലഭിക്കേണ്ട എഡിജിപി എസ് ശ്രീജിത്തിന് തിടുക്കപ്പെട്ട് ഡിജിപിയായി ഉദ്യോഗകയറ്റം നൽകിയതിന് എതിരെ യുഡിഎഫ് നേതാക്കൾക്കിടയിലും കടുത്ത അതൃപ്‌തി ഉയർന്നിട്ടുണ്ട്. ലേറ്റസ്റ്റ് വിജിലൻസ് ക്ലിയറൻസ് വാങ്ങാതെ ഉദ്യോഗകയറ്റം നൽകുന്നതിന് ഐഎഎസ് ഉന്നതർ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തെറ്റിധരിപ്പിക്കുകയാണ് ഉണ്ടായതെന്ന വാദവും കോൺഗ്രസ്സ് കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തുന്നുണ്ട്.
എഡിജിപി ശ്രീജിത്തിന് ഡിജിപി റാങ്ക് നൽകിയ ഉത്തരവ് പുറത്ത് വന്നതോടെ, അദ്ദേഹത്തെ സംസ്ഥാന പൊലീസ് ചീഫാക്കി എന്ന തരത്തിലുള്ള വ്യാപകമായ പ്രചരണമാണ് സോഷ്യൽ മീഡിയകളിലൂടെ നടക്കുന്നത്. അറിയപ്പെടുന്ന ഉന്നത സംഘപരിവാർ നേതാക്കൾ ഉൾപ്പെടെ ശ്രീജിത്തിന് അഭിവാദ്യം അർപ്പിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇട്ടിട്ടുമുണ്ട്. ശ്രീജിത്തിൻ്റെ പ്രമോഷൻ അഘോഷമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും പരിവാർ ഗ്രൂപ്പുകളാണ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ശ്രീജിത്തിന് ഉദ്യോഗകയറ്റം നൽകിയത് മുസ്ലിംലീഗിനുള്ളിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിജിലൻസ് ക്ലിയറൻസ് വാങ്ങാതെ എന്തിന് ഉദ്യോഗ കയറ്റം നൽകി എന്ന ചോദ്യമാണ് ഉന്നത ലീഗ് നേതാക്കൾ തന്നെ ഉയർത്തുന്നത്. മന്ത്രി കെ എം ഷാജി അടക്കമുള്ളവർ കടുത്ത രോഷത്തിലാണ് എന്നാണ് റിപ്പോർട്ട്. ഇതിനിടെ, പ്രബല മുസ്ലിം സംഘടനയായ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' തന്നെ ഈ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഡിറ്റോറിയലുമായി രംഗത്ത് വന്നതും വിഡി സതീശൻ സർക്കാരിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
സുപ്രഭാതം എഡിറ്റോറിയലിൻ്റെ പൂർണരൂപം ചുവടെ :-
ധാർമികത മറക്കുന്ന ഭരണകൂട തിടുക്കങ്ങൾ
നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാർതന്നെ നിയമങ്ങളെയും മാനദണ്ഡങ്ങളെയും നോക്കുകുത്തിയാക്കുമ്പോൾ, ജനാധിപത്യത്തിന്റെ കാവലാളായ കോടതികൾ ഇടപെടുന്നത് സ്വാഭാവിക ഔചിത്യംകൊണ്ടു മാത്രമാണ്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കി ഉയർത്താനുള്ള യു.ഡി.എഫ് സർക്കാരിന്റെ തിടുക്കത്തിനു നേരെ കഴിഞ്ഞദിവസം ഹൈക്കോടതി താക്കീതായി നിന്നത് അത്തരമൊരു ഓർമപ്പെടുത്തലാണ്. ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് വിജിലൻസ് ക്ലിയറൻസില്ലാതെ സ്ഥാനക്കയറ്റം നൽകിയത് എന്തടിസ്ഥാനത്തിലെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചത്. ബോഡി ബിൽഡിങ് ചാംപ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സര വെള്ളിമെഡൽ ജേതാവ് ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലിസ് ഇൻസ്‌പെക്ടർമാരായി വഴിവിട്ട് നിയമനം നൽകിയത് ചോദ്യം ചെയ്ത ഹരജി പരിഗണിക്കവേയായിരുന്നു കോടതിയിൽനിന്ന് കടുത്ത പരാമർശങ്ങളുണ്ടായത്. അധികാരത്തിലേറി മൂന്നുമാസം തികയും മുമ്പാണ് വി.ഡി സതീശൻ സർക്കാരിന് നീതിപീഠത്തിൽനിന്ന് പഴി കേൾക്കേണ്ടിവന്നത്.
ഒരു ഉദ്യോഗസ്ഥനെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പദവിയിലിരുത്തുമ്പോൾ പാലിക്കേണ്ട യോഗ്യതകളും നടപടിക്രമങ്ങളും നിലവിലുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിജിലൻസ് ക്ലിയറൻസ്. ആരോപണമുനയിൽ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥനെ പൊലിസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്? 'ആരോപണവിധേയർക്ക് സ്ഥാനക്കയറ്റം നൽകാൻ എന്തിനിത്ര തിടുക്കം' എന്ന കോടതിയുടെ ചോദ്യം കേവലം സാങ്കേതികമല്ല, ഭരണരംഗത്ത് പാലിക്കേണ്ട അടിസ്ഥാനപരമായ സുതാര്യതയെയും ധാർമികതയെയും കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരെ വളഞ്ഞവഴിയിൽ പൊലിസ് സേനയിലെടുത്തത്. അതിനു ചുക്കാൻ പിടിച്ചതാകട്ടെ എ.ഡി.ജി.പി എസ്. ശ്രീജിത്തും. ഇരുവരുടെയും നിയമനത്തിനെതിരേ അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസും യൂത്ത് കോൺഗ്രസും വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു.
പൊലിസ് സേനയുടെ തലപ്പത്ത് ഇരിക്കുന്നവരുടെ വിശ്വാസ്യത പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അവിടെ പക്ഷപാതമോ രാഷ്ട്രീയ തിടുക്കങ്ങളോ നിഴലിച്ചാൽ അത് സേനയുടെ മനോവീര്യത്തെ മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായയെയും ബാധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും സ്‌പെഷൽ നിയമനങ്ങളുടെ കാര്യത്തിലായാലും കൃത്യമായ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
എ.ഡി.ജി.പി എസ്. ശ്രീജിത്ത് എതിർകക്ഷിയായ ഹരജിയിലെ ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണം സംബന്ധിച്ച് കോടതി നേരത്തേ നിലപാട് തേടിയിരുന്നു. ഈ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തിടുക്കം കാട്ടിയത്. സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിർദേശങ്ങൾ പാലിക്കപ്പെടാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നീതിപീഠത്തിൽനിന്ന് ഇത്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത് ജനാധിപത്യസർക്കാരിന് ഭൂഷണമല്ല. സർവിസിൽ കയറിയ കാലംമുതൽ അനവധി ആരോപണങ്ങൾക്ക് പാത്രമാകേണ്ടിവന്ന ഉദ്യോഗസ്ഥനാണ് എസ്. ശ്രീജിത്ത്. വിവാദവ്യവസായികളുമായുള്ള വഴിവിട്ട ചങ്ങാത്തവും നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹ ഇടപെടലുകളും ശ്രീജിത്തിനെതിരേ ഉയർന്നു. കണ്ണൂർ പാലത്തായി പീഡനക്കേസിലും ഈ ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടലുകളുണ്ടായെന്ന് ആരോപണമുയർന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്. ശ്രീജിത്ത് പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമായിരുന്നു ആദ്യം സമർപ്പിച്ചത്.
ഇതാണ് കേസിലെ പ്രതിയും പ്രാദേശിക ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് തുടക്കത്തിൽ ജാമ്യം കിട്ടാൻ ഇടയാക്കിയതെന്നും വിമർശനമുയർന്നു. അന്വേഷണം നടക്കുന്നതിനിടെ ഐ.ജി ശ്രീജിത്ത് പൊതുപ്രവർത്തകനുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരയായ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രതിയെ ന്യായീകരിക്കുന്ന രീതിയിലുമായിരുന്നു ആ സംഭാഷണമെന്നും ആരോപണമുയർന്നു. ഇരയെ അപമാനിക്കുന്നതും കേസ് അട്ടിമറിക്കുന്നതും തുല്യമാണെന്ന്ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയും പൊതുസമൂഹത്തിനു മുന്നിലുണ്ട്. കുടുംബത്തിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി, എസ്. ശ്രീജിത്തിനെ അന്വേഷണചുമതലയിൽനിന്ന് മാറ്റാൻ ഉത്തരവിട്ടതും നാം ഓർക്കണം. ഇത്തരത്തിൽ സർവിസ് ബുക്കിൽ പലതവണ ചുവപ്പുവര വീണ, ഒരു ഉദ്യോഗസ്ഥനെ പൊതിഞ്ഞു കാക്കാനും പൊലിസ് തലപ്പത്ത് അവരോധിക്കാനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ വ്യഗ്രത കേരളീയ പൊതുസമൂഹം അംഗീകരിച്ചുതരുമോ.
തങ്ങളല്ലാതെ മറ്റാരെന്ന രണ്ടാം പിണറായി സർക്കാരിന്റെ ഔദ്ധത്യത്തിനെതിരേ രാഷ്ട്രീയകേരളം നിലപാടെടുത്തതിനാലാണ് സംസ്ഥാനത്ത് ഭരണമാറ്റം സാധ്യമായത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇടതുമുന്നണിയുടെ ചരിത്രതോൽവിക്ക് കാരണമെന്ന് സി.പി.എം നേതൃത്വംതന്നെ തുറന്നുസമ്മതിക്കുന്ന സമയത്താണ് കാൽകൊല്ലംപോലും പൂർത്തിയാക്കുന്നതിനു മുമ്പേ വി.ഡി സതീശൻ സർക്കാരും പിണറായി സർക്കാർ വെട്ടിത്തെളിച്ച വളഞ്ഞ വഴിതന്നെ തെരഞ്ഞെടുക്കുന്നത്. നീണ്ട 10 വർഷം ജനം പുറത്തിരുത്തിയതിനുശേഷമാണ് വലിയ ഭൂരിപക്ഷത്തിൽ അവർതന്നെ തങ്ങളെ അധികാരത്തിലേറ്റിയതെന്ന ചിന്ത യു.ഡി.എഫ് സർക്കാരിന് ഉണ്ടായിരുന്നാൽ അവർക്ക് നന്ന്. ജനം വെറുത്ത് വലിച്ചെറിഞ്ഞവരെയൊക്കെ തിരിച്ചുകൊണ്ടുവരാൻ അതേ ജനതക്ക് വലിയ ഗൃഹപാഠമൊന്നും ചെയ്യേണ്ടിവരില്ലെന്ന കാര്യം ഇനിയും പഠിക്കുന്നില്ലെന്നോ!