രൂപയുടെ മൂല്യം 60ല്‍ എത്തിയപ്പോള്‍ പരിഹസിച്ച മോദി, ബിജെപി ഭരിക്കുമ്പോള്‍ ഡോളറിനെതിരെ രൂപ 100ലേക്ക് വീഴുന്നു, അധികാരത്തിലെത്തിയശേഷം 60 ശതമാനത്തോളം മുല്യമിടിഞ്ഞു
ഇന്ത്യന്‍ രൂപ ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ 100 രൂപയിലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 8-9% മൂല്യം നഷ്ടപ്പെട്ടു.
സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്ന, ഇറക്കുമതി ചെലവ് കുതിച്ചുയരുന്ന, മിഡില്‍ ക്ലാസിന്റെ സമ്പാദ്യം നശിപ്പിക്കുന്ന ഒരു സാമ്പത്തിക ആഘാതമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ 100 രൂപയിലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു വര്‍ഷത്തിനുള്ളില്‍ രൂപയുടെ മൂല്യം ഏകദേശം 8-9% നഷ്ടപ്പെട്ടു. സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്ന, ഇറക്കുമതി ചെലവ് കുതിച്ചുയരുന്ന, മിഡില്‍ ക്ലാസിന്റെ സമ്പാദ്യം നശിപ്പിക്കുന്ന ഒരു സാമ്പത്തിക ആഘാതമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപ 60-64 ലെവലിലെത്തിയപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയിയിരുന്ന നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ''രൂപ വീഴുന്നത് ഡല്‍ഹിയിലെ ദുരുപയോഗവും അഴിമതിയും കൊണ്ടാണ്. സര്‍ക്കാര്‍ കസേര രക്ഷിക്കാനല്ലാതെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. രൂപയുടെ മൂല്യം വീഴുന്നതും സര്‍ക്കാരിന്റെ മാന്യത വീഴുന്നതും തമ്മില്‍ മത്സരമാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ''രൂപയുടെ മൂല്യം കണ്ടെത്താന്‍ മൈക്രോസ്‌കോപ്പ് വേണം'' എന്നും പരിഹസിച്ചു.
ഇന്ന് അതേ മോദി പ്രധാനമന്ത്രിയായിരിക്കെ രൂപ 96-97 ലെത്തി നില്‍ക്കുകയാണ്. 2014-ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഏകദേശം 60 ആയിരുന്ന രൂപ ഇപ്പോള്‍ ഏകദേശം 60% മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. അന്ന് യുപിഎ ആണ് പ്രശ്‌നമെന്ന് പറഞ്ഞവര്‍ ഇന്ന് നിശബ്ദരാണ്. പ്രതിപക്ഷം ഈ വീഡിയോകള്‍ വീണ്ടും വീണ്ടും പങ്കുവയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ആഗോള ഘടകങ്ങള്‍ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. അന്നത്തെ യുക്തി ഇന്നും ബാധകമല്ലേയെന്നാണ് ചോദ്യം.
രൂപയുടെ തകര്‍ച്ചയ്ക്ക് പല ഘടകങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എണ്ണ ഇറക്കുമതിക്ക് ഡോളറില്‍ പണമടയ്ക്കണം. എണ്ണവില ഉയരുമ്പോള്‍ ഡോളര്‍ ആവശ്യം കുതിച്ചുയരുന്നു. ഫോറിന്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഷെയറുകളും ബോണ്ടുകളും വിറ്റ് പുറത്തുപോകുന്നു. 2025-26-ല്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ പുറത്തേക്ക് ഒഴുകി.
യുഎസ് പലിശനിരക്ക് ഉയര്‍ന്നതും ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വവും ഡോളറിനെ ശക്തമാക്കുന്നു. എമര്‍ജിങ് മാര്‍ക്കറ്റ് കറന്‍സികള്‍ ഇതിലൂടെ ബാധിക്കപ്പെടുന്നു. ഉയര്‍ന്ന ഇറക്കുമതി കുറയ്ക്കാനും, നിര്‍മ്മാണ മേഖല ശക്തിപ്പെടുത്താനും, വിദേശ മൂലധനം ആകര്‍ഷിക്കാനും മതിയായ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇല്ലാത്തതും രൂപയ്ക്ക് തിരിച്ചടിയാണ്.
രൂപ താഴുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍പിജി വില ഉയരുന്നു. യാത്രാ ചെലവ് വര്‍ധിക്കുന്നു. ഭക്ഷ്യ എണ്ണ, വളം, ഗതാഗത ചെലവ് ഉയരുന്നതിനാല്‍ പച്ചക്കറി, പാല്‍, മറ്റ് സാധനങ്ങളുടെ വില കൂടുന്നു. ഇലക്ട്രോണിക്‌സ്, മരുന്ന്, വിദേശ വിദ്യാഭ്യാസം എല്ലാം ചിലവേറും.
രൂപയുടെ വിലത്തകര്‍ച്ചയ്ക്ക് ആഗോള ഘടകങ്ങള്‍ ഉണ്ടെങ്കിലും, രൂപയുടെ തകര്‍ച്ച സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുകയും സമ്പാദ്യം ഇല്ലാതാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഇതിനെ ആഗോള പ്രതിസന്ധിയായി മാത്രം ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യം മറയ്ക്കാനുള്ള ശ്രമമാണ്. ജനങ്ങള്‍ക്ക് ആവശ്യം യഥാര്‍ത്ഥ നയ മാറ്റങ്ങളും ഉത്തരവാദിത്തവുമാണ്.