അന്നേ പറഞ്ഞത് സംഭവിച്ചു, വേണുഗോപാല്‍ രാജിവെച്ച ഒഴിവിലും ജയിച്ച് എന്‍ഡിഎ രാജ്യസഭയിലും ഭൂരിപക്ഷം നേടി

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ച് ജയിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെക്കേണ്ടിവരുമെന്നും അങ്ങിനെവന്നാല്‍ അത് എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്നുമുള്ള സിപിഎം മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായി.
 

ന്യൂഡല്‍ഹി: കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ച് ജയിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെക്കേണ്ടിവരുമെന്നും അങ്ങിനെവന്നാല്‍ അത് എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്നുമുള്ള സിപിഎം മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ലോക്‌സഭാംഗമായതോടെ രാജിവെച്ച രാജ്യസഭാ ഒഴിവില്‍ കേന്ദ്രസഹമന്ത്രി രവ്നീത് സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടു.

രാജസ്ഥാനില്‍നിന്നായിരുന്നു വേണുഗോപാല്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതോടെ ഒരിക്കല്‍ക്കൂടി ജയം നേടാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. രണ്ടുവര്‍ഷം വരെ രാജ്യസഭാംഗത്വം ഉണ്ടായിട്ടും ആലപ്പുഴയില്‍ മത്സരിക്കാനുള്ള വേണുഗോപാലിന്റെ തീരുമാനം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ വേണുഗോപാലിന്റെ തീരുമാനം തുണയായി.

എതിരില്ലാതെയാണ് രവ്‌നീത് സിങ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് രവ്‌നീത്. പത്രിക നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ഥി ബബിത വാധ്വാനിയുടെ പത്രിക 22 ന് തള്ളിയിരുന്നു. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയും പത്രിക പിന്‍വലിച്ചതോടെയാണ് രവ്നീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഈ സീറ്റിന്റെ അംഗത്വ കാലാവധി 2026 ജൂണ്‍ 21 വരെയാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 12 സീറ്റില്‍ 11 ഉം എന്‍ഡിഎ നേടി. നിലവില്‍ 237 ആണ് രാജ്യസഭയിലെ അംഗബലം. അതുപ്രകാരം ഭൂരിപക്ഷത്തിന് 119 അംഗങ്ങള്‍ വേണം. ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റ് കൂടി നേടിയതോടെ എന്‍ഡിഎയുടെ അംഗബലം 121ല്‍ എത്തി. ബിജെപിയുടെ അംഗബലം 96 ആയി. എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് എല്ലാമായി 17 സീറ്റും നാമനിര്‍ദേശം ചെയ്യപ്പെട്ട ആറു പേരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. ഇന്ത്യാ കൂട്ടായ്മയിലെ കക്ഷികള്‍ക്കെല്ലാമായി 85 സീറ്റുണ്ട്.