രോഹിത്തിന്റേത് മണ്ടന്‍ ക്യാപ്റ്റന്‍സി, കോഹ്ലിയുടേത് കരിയറിലെ മോശം ഷോട്ട്, ആഞ്ഞടിച്ച് മുന്‍ കളിക്കാര്‍, പുറത്താക്കണം, കലിപ്പുമായി ആരാധകരും

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വിയിലേക്ക് നിങ്ങുന്ന ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കളിക്കാരും ആരാധകരും.
 

പൂണെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വിയിലേക്ക് നിങ്ങുന്ന ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കളിക്കാരും ആരാധകരും. ആദ്യ ടെസ്റ്റിലെന്നപോലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ പൂര്‍ണ പരാജയമായി. 38 വര്‍ഷത്തിലാദ്യമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് വിജയിച്ച ന്യൂസിലന്‍ഡ് പരമ്പര വിജയമെന്ന ചരിത്ര നേട്ടത്തിന്റെ അരികിലാണ്.

രണ്ട് കളികളിലും ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മ പരാജയമായി. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധശതകം നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനോ സമനിലയിലേക്ക് നയിക്കാനോ പ്രാപ്തമായ ഒരു പ്രകടനമായിരുന്നില്ല അത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിങ്‌സില്‍ 8 റണ്‍സിനുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്.

ആദ്യ ഇന്നിങ്‌സില്‍ കിവീസ് 103 റണ്‍സിന്റെ ലീഡ് നേടുകയും ഇന്ത്യയ്ക്ക് ജയിക്കാന്‍ 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്തത് രോഹിത്തിന്റെ പിടിപ്പുകേടാണെന്ന് മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി വിലയിരുത്തി. ന്യൂസിലന്‍ഡിനെതിരെ ആക്രമണാത്മക ഫീല്‍ഡിങ് ഒരുക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല. ഇത് അവരുടെ റണ്ണൊഴുക്കിന് ഇടയാക്കിയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 156 റണ്‍സിനാണ് പുറത്തായത്. വലിയ ലീഡ് വഴങ്ങിയതിന് ശേഷം ഇന്ത്യയ്ക്ക് ഇത്തരമൊരു ഫീല്‍ഡിങ് അല്ലായിരുന്നു വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡ് ആക്രമിച്ച് കളിച്ചതോടെ ഇന്ത്യയുടെ ഫീല്‍ഡിങ് ചിതറി. വിക്കറ്റുകള്‍ വീഴ്ത്താവുന്ന ഫീല്‍ഡിങ്ങായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതെന്ന് ശാസ്ത്രി പറയുകയുണ്ടായി.

ആദ്യ ഇന്നിങ്‌സിലെ മോശം പുറത്താകല്‍ കോഹ്ലിയുടെ കരിയറിലെ ആദ്യത്തേത് ആയിരിക്കുമെന്നാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം. മിച്ചല്‍ സാന്റ്‌നറുടെ ഒരു പന്തില്‍ തെറ്റായ രീതിയില്‍ ബാറ്റുവീശിയാണ് കോഹ്ലി പുറത്തായത്. ടെസ്റ്റില്‍ തന്റെ മുന്‍കാല ഫോമിലേക്കുയരാന്‍ കോഹ്ലിക്ക് സാധിക്കുന്നില്ല. കോഹ്ലിയും രോഹിത്തും ടീമില്‍ നിന്നും പുറത്തുപോകണമെന്നാണ് ആരാധകരുടെ ആവശ്യം. ആഭ്യന്തര ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയോടെ തിളങ്ങിയ ചേതേശ്വര്‍ പൂജാരയെ തിരിച്ചുവിളിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പൂജാരയെ പരിഗണിച്ചില്ല.