പാലക്കാട് ശോഭ തൂക്കുമോ? പിഷാരടിയുടെ കോമഡിക്ക് ബിജെപിയുടെ രാഷ്ട്രീയം മറികടക്കാനാകുമോ? നിര്‍ണായകമാവുക എല്‍ഡിഎഫ് വോട്ട്
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട് മണ്ഡലം വീണ്ടും ഏറ്റവും ചൂടേറിയ പോരാട്ടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.
ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,000ത്തിലേറെ വോട്ടുകള്‍ നേടി ജയിച്ചെങ്കിലും ലൈംഗിക പീഡനക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ മണ്ഡലത്തില്‍ ബിജെപി ജയ സാധ്യത കണക്കുകൂട്ടുന്നു.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട് മണ്ഡലം വീണ്ടും ഏറ്റവും ചൂടേറിയ പോരാട്ടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. 2021ലെ ഫലം അനുസരിച്ച് യുഡിഎഫിന്റെ ഷാഫി പറമ്പില്‍ വിജയിച്ചത് വെറും 3,859 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. ബിജെപിയുടെ ഇ. ശ്രീധരന്‍ 50,220 വോട്ടുകള്‍ (35.34%) നേടി രണ്ടാമതെത്തിയപ്പോള്‍ സിപിഎമ്മിന്റെ സി.പി. പ്രമോദ് 36,433 വോട്ടുകള്‍ (25.64%) മാത്രമേ പിടിച്ചുള്ളൂ.
ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,000ത്തിലേറെ വോട്ടുകള്‍ നേടി ജയിച്ചെങ്കിലും ലൈംഗിക പീഡനക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ മണ്ഡലത്തില്‍ ബിജെപി ജയ സാധ്യത കണക്കുകൂട്ടുന്നു.
ബിജെപിയുടെ ദേശീയ വക്താവ്, മുന്‍ മഹിളാ മോര്‍ച്ച പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ് ഇക്കുറി സ്ഥാനാര്‍ഥി. പാലക്കാട്ട് നേരത്തെ മത്സരിച്ച് അനുഭവം നേടിയ അവര്‍ക്ക് ഇത്തവണ എതിരാളികള്‍ ദുര്‍ബലമായിരിക്കുന്നത് വലിയ അവസരമൊരുക്കുന്നു. പാര്‍ട്ടി മറ്റ് മണ്ഡലങ്ങളില്‍ പരീക്ഷണം നടത്തിയപ്പോഴും ശോഭയെ പാലക്കാട്ട് നിലനിര്‍ത്തിയത് തന്ത്രപരമായ നീക്കമാണ്. ബിജെപിയുടെ സംഘടനാ ശക്തിക്കൊപ്പം വ്യക്തിപരമായ വോട്ടുകള്‍ ആകര്‍ഷിക്കാനും ശോഭാ സുരേന്ദ്രന് സാധിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പകരമായി കോണ്‍ഗ്രസ് സിനിമാ കോമഡി താരം രമേഷ് പിഷാരടിയേയാണ് മണ്ഡലത്തില്‍ പരീക്ഷിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോ മുതിര്‍ന്ന നേതാക്കളോ ഇല്ലാതെ, പാര്‍ട്ടി അനുഭാവി മാത്രമായ ഒരു സെലിബ്രിറ്റിയെ മത്സരിപ്പിക്കുന്നത് തോല്‍വി സാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പിഷാരടിയുടെ കോമഡി സ്‌റ്റൈല്‍ ജനപ്രിയമാണെങ്കിലും, ബിജെപിയുടെ സംഘടിത രാഷ്ട്രീയത്തിന് മുന്നില്‍ അത് മതിയാവുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ പ്രകാരം ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്‍. റസാഖിനെ സ്വതന്ത്രനായി ഇറക്കാനാണ് തീരുമാനം. പി. സരിന്‍ പോലുള്ള ശക്തരായ നേതാക്കളെ മാറ്റിനിര്‍ത്തി വ്യവസായിയെ തിരഞ്ഞെടുത്തത് വിമര്‍ശനമുണ്ടാക്കുന്നു. ഇടതുപക്ഷത്തിന്റെ വോട്ടിന്റെ പിന്‍ബലത്തിലാണ് ഷാഫി പറമ്പില്‍ ജയിച്ചതെന്നതിനാല്‍ ഇക്കുറിയും ഈ വോട്ടുകള്‍ നിര്‍ണായകമാകും.
പാലക്കാട് ഇത്തവണ താമര വിരിയാനുള്ള സാധ്യതകള്‍ ശക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് വോട്ടിന്റെ ഗതി, പിഷാരടിയുടെ കാമ്പെയിന്‍ ഫലപ്രാപ്തി, ശോഭയുടെ ഗ്രാസ്റൂട്ട് പ്രവര്‍ത്തനം ഇവയെല്ലാം ചേര്‍ന്ന് മത്സരഫലം നിര്‍ണയിക്കും. കോണ്‍ഗ്രസ് ജയം ആവര്‍ത്തിക്കുമോ അതോ ബിജെപി ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പക്ഷേ ഇപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പ്, ജയസാധ്യതയുള്ള മണ്ഡലം എന്നതില്‍നിന്നും ബിജെപിക്ക് ഉറച്ച സാധ്യതയുള്ള മണ്ഡലമായി പാലക്കാട് മാറിക്കഴിഞ്ഞു.