മലയാളികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച രാജീവ് ചന്ദ്രശേഖര്‍ ബിജെപി പ്രസിഡന്റാകുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടുന്നത് മുട്ടന്‍ പണി
കേരളത്തിനെതിരെ എന്നും വ്യാജ വാര്‍ത്തകളും വിദ്വേഷ പരാമര്‍ശങ്ങളും നടത്തിയിരുന്ന രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വെല്ലുവിളികള്‍ ഏറെ.

ശതകോടീശ്വരനായ ഒരു വ്യക്തി സംസ്ഥാനത്തെ പാര്‍ട്ടി ചുമതല ഏറ്റെടുക്കുമ്പോള്‍ സാധാരണക്കാരെ സ്വീകരിച്ചുവന്നിരുന്ന മലയാളികള്‍ ഇത് എത്രമാത്രം ഉള്‍ക്കൊള്ളുമെന്നത് കണ്ടറിയണം.
തിരുവനന്തപുരം: കേരളത്തിനെതിരെ എന്നും വ്യാജ വാര്‍ത്തകളും വിദ്വേഷ പരാമര്‍ശങ്ങളും നടത്തിയിരുന്ന രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വെല്ലുവിളികള്‍ ഏറെ. മലയാളികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുക്കപ്പെട്ട വ്യക്തിക്ക് ജനങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കുക എളുപ്പമാകില്ല.
ശതകോടീശ്വരനായ ഒരു വ്യക്തി സംസ്ഥാനത്തെ പാര്‍ട്ടി ചുമതല ഏറ്റെടുക്കുമ്പോള്‍ സാധാരണക്കാരെ സ്വീകരിച്ചുവന്നിരുന്ന മലയാളികള്‍ ഇത് എത്രമാത്രം ഉള്‍ക്കൊള്ളുമെന്നത് കണ്ടറിയണം. നേരത്തെ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി പറയേണ്ടിവരും.
സാമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചത് കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രാര്‍ത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസ്.
അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാരഹിതമായ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്ന് ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കേരളത്തില്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുകയാണെന്നും അദ്ദേഹം എക്സില്‍ പരാമര്‍ശിച്ചു.
ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്, ഇത് വര്‍ഗീയ അജണ്ടയെ പ്രതിഫലിപ്പിക്കുന്നതാണെന്ന്. വിഷമുള്ളവര്‍ വിഷം വമിപ്പിച്ചുകൊണ്ടിരിക്കും. ഉത്തരവാദിത്തമുള്ള മന്ത്രി എന്ന നിലയില്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സികളോട് അദ്ദേഹം ബഹുമാനം കാണിക്കണമായിരുന്നു. അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള പരസ്യ പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ച അതേ ക്രിസ്ത്യന്‍ വിഭാഗമായ യഹോവ സാക്ഷികളില്‍ നിന്നുള്ള ഒരാളാണ് സംഭവത്തില്‍ പിടിയിലായത്. മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിന് പിന്നീട് കേസെടുക്കുകയും ചെയ്തു.
കേരളത്തില്‍ കഴിഞ്ഞവര്‍ഷം വെള്ളപ്പൊക്കത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വ്യാജ വാര്‍ത്തയും രാജീവ് ചന്ദ്രശേഖര്‍ പ്രചരിപ്പിച്ചു. കേരളം കനത്ത മഴയെ നേരിടുന്നു, പല ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നൊക്കെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.
കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചരിത്രമുള്ള രാജീവ് ബിജെപി സംസ്ഥാന പ്രസിഡന്റാകുമ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിന് നിഷ്പക്ഷ മാധ്യമം എന്ന ലേബല്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
ചാനല്‍ മുതലാളി ബിജെപി പ്രസിഡന്റായിരിക്കെ ചാനലിന്റെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവ് തട്ടുമെന്നുറപ്പാണ്. ജനം ടിവി പോലെ പൂര്‍ണമായും ബിജെപി അനുകൂല ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറും. ബാര്‍ക്ക് റേറ്റിങ്ങ് മുന്‍ നിര്‍ത്തിയുള്ള കിടമത്സരത്തിനിടെ മറ്റു ചാനലുകള്‍ക്ക് ഇത് നേട്ടമാവുകയും ചെയ്യും.