കുത്തിനിറച്ചുള്ള മലയാളികളുടെ യാത്രാ ദുരിതം തീരുമോ? വരുമോ അതിവേഗ റെയില്‍? അതോ പ്രതിപക്ഷം തടയുമോ?

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് വീണ്ടും പ്രതീക്ഷയുണരുകയാണ്. സര്‍ക്കാരിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രവും രംഗത്തിറങ്ങിയതോടെ മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആവശ്യത്തിന് ട്രെയിനുകളും കോച്ചുകളും ഇല്ലാത്തതും ട്രെയിനുകള്‍ വൈകിയോടുന്നതും അടുത്തകാലത്ത് യാത്രാദുരിതം വര്‍ധിപ്പിച്ചിരുന്നു.
 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് വീണ്ടും പ്രതീക്ഷയുണരുകയാണ്. സര്‍ക്കാരിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം കേന്ദ്രം പരിഗണിച്ചതോടെ മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആവശ്യത്തിന് ട്രെയിനുകളും കോച്ചുകളും ഇല്ലാത്തതും ട്രെയിനുകള്‍ വൈകിയോടുന്നതും അടുത്തകാലത്ത് യാത്രാദുരിതം വര്‍ധിപ്പിച്ചിരുന്നു.

വന്ദേ ഭാരത് വന്നതോടെ കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നായിരുന്നു നേരത്തെ റെയില്‍വേയും ബിജെപിയും പ്രതിപക്ഷവും സംസ്ഥാനത്തെ ജനങ്ങളോട് നിരന്തരം പറഞ്ഞിരുന്നത്. എന്നാല്‍, വന്ദേഭാരതിനുവേണ്ടി മറ്റു ട്രെയിനുകളെ മണിക്കൂറുകളോളം പിടിച്ചിടാന്‍ തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമാവുകയാണ് ചെയ്തത്.

കേരളത്തിനകത്തുള്ള യാത്രികരുടെ ദുരിതം അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം പിടിച്ചുപറ്റിയതോടെയാണ് കെ റെയിലുമായി ചര്‍ച്ച നടത്താന്‍ റെയില്‍ മന്ത്രാലയം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, കൂടിയ നിരക്കുണ്ടായിട്ടും വന്ദേഭാരത് ഏറ്റവും ലാഭത്തോടെ ഓടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരുന്നു.

അതിവേഗ ട്രെയിനുകള്‍ എത്തുകയാണെങ്കില്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിയാകും. സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തേക്ക് യാത്രചെയ്യാന്‍ ഇപ്പോഴെടുക്കുന്ന സമയത്തിന്റെ നാലിലൊന്ന് മതിയാകും. ലോകമെങ്ങും അതിവേഗ ട്രെയിനുകളുടെ വിപ്ലവം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും തിക്കുംതിരക്കുമേറിയ പഴയകാല ട്രെയിനുകളാണെന്നത് നാണക്കേടാണ്.

കേരളത്തിന്റെ അതിവേഗ ട്രെയിന്‍ എന്ന ആവശ്യം മുന്‍ഗണനയോടെ പരിഗണിച്ച് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭൂമിയുടെ വിനിയോഗം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടു.

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട വിഷയം ഉടനടി പരിഗണിക്കണമെന്നും റെയില്‍വേ മാനേജരോട് നിര്‍ദേശിച്ചിട്ടുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തെ സര്‍വേ നടത്തിയിരുന്നു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമിയെക്കുറിച്ചും, സ്റ്റേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങളിലെല്ലാം ആശയക്കുഴപ്പം നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ആശയവിനിമയം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യം സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളിയിരുന്നു. വിഷയത്തില്‍ കേന്ദ്രം വീണ്ടും ഇടപെട്ടതോടെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കേരളം.