രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള അഭിമുഖം, ധാര്‍മികതയുടെ പേരില്‍ ഇതേ ചാനലിലെ ഗോപീ കൃഷ്ണന്‍ നിരസിച്ചതെന്ന് സൂചന, ഏറ്റെടുത്ത് ഹാഷ്മി, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

സീരിയല്‍ ലൈംഗിക പീഡന കേസുകളെതുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള 24 ന്യൂസ് ചാനലിന്റെ അഭിമുഖം വിവാദമാകുന്നു.

 

ലൈംഗിക പീഡനത്തിന്റേയും ഗര്‍ഭഛിദ്രത്തിന്റേയും ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും ഇരകളോടുള്ള വെല്ലുവിളിയാണ് രാഹുലിനെ അഭിമുഖത്തിന് ശ്രമിച്ചതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് ഒരുവിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്.

കൊച്ചി: സീരിയല്‍ ലൈംഗിക പീഡന കേസുകളെതുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള 24 ന്യൂസ് ചാനലിന്റെ അഭിമുഖം വിവാദമാകുന്നു. ലൈംഗിക പീഡനത്തിന്റേയും ഗര്‍ഭഛിദ്രത്തിന്റേയും ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും ഇരകളോടുള്ള വെല്ലുവിളിയാണ് രാഹുലുമായുള്ള അഭിമുഖം എന്നാണ് ഒരുവിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്.

ഹാഷ്മി താജ് ഇബ്രാഹിമാണ് രാഹുലുമായുള്ള അഭിമുഖം ചെയ്തിരിക്കുന്നത്. എന്നാല്‍, അഭിമുഖം ആദ്യം ഇതേ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ഗോപീകൃഷ്ണന്‍ നിരസിച്ചതാണെന്നാണ് സൂചന. ചാനലിലെ മിക്ക അഭിമുഖ പരിപാടികളും ഗോപീകൃഷ്ണനാണ് നടത്താറുള്ളത്. രാഹുലിന്റെ അഭിമുഖം ധാര്‍മികതയുടെ പേരില്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ സുഹൃത്ത് കൂടിയായ ഹാഷ്മി നടത്തിയ അഭിമുഖത്തില്‍ പല ചോദ്യങ്ങളും ചോദിക്കാതെ വിട്ടുകളഞ്ഞതായി കാണാം. രാഹുല്‍ നടത്തിയ പ്രതികരണത്തില്‍ കൃത്യതയില്ലാത്തപ്പോഴും ഉപചോദ്യങ്ങളുന്നയിക്കാനോ ഇരകള്‍ക്കൊപ്പം നില്‍ക്കാനോ ഹാഷ്മിക്ക് സാധിച്ചില്ല.

ഇത് സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഭിമുഖത്തെ പലരും ധാര്‍മികതയ്ക്ക് നിരക്കാത്തത് എന്ന് വിശേഷിപ്പിച്ചു. ലൈംഗിക പീഡനക്കേസിലെ പ്രതിയെ ചാനല്‍ അഭിമുഖത്തിലൂടെ വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം.

അതിജീവിതകളുടെ വേദനയും അവരുടെ പരാതികളും പരിഗണിക്കാതെ, പ്രതിക്ക് പ്ലാറ്റ്‌ഫോം നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് എതിരാണെന്ന് വാദിക്കുന്നവരുണ്ട്. ലക്ഷ്മി പദ്മയെപ്പോലുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഹാഷ്മിയുടെ അഭിമുഖ രീതിയെ രൂക്ഷമായി വിമര്‍ശിച്ചു. ചിലര്‍ ഇതിനെ 'പ്രതിയെ നിരപരാധിയാക്കി കാണിക്കാനുള്ള ശ്രമം' എന്നും വിശേഷിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഹാഷ്മി, 24 ന്യൂസ് എന്നിവര്‍ക്കെതിരെ ട്രോളുകളും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹാഷ്മിയുടെ 'ധാര്‍മിക പ്രസംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ല' എന്ന തരത്തിലുള്ള കമന്റുകളും സജീവമായി.

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യവും ധാര്‍മികതയും, ലൈംഗിക പീഡന ആരോപണങ്ങളോടുള്ള സമീപനവും സംബന്ധിച്ച വലിയ ചര്‍ച്ചയ്ക്കാണ് അഭിമുഖം വഴിവെച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസുകള്‍ ഇപ്പോഴും നിയമനടപടികളില്‍ തുടരുകയാണ്. അതിജീവിതകളുടെ പരാതികള്‍ ഗൗരവമുള്ളതാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.