പോലീസില്‍ അഴിമതിക്കാരുണ്ടോ? ഈ വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം, ബാക്കി പണി അന്‍വര്‍ കൊടുക്കും

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകള്‍ പുറത്തുവിട്ട പിവി അന്‍വര്‍ എംഎല്‍എ കൂടുതല്‍ പോലീസുകാരെ കുടുക്കാന്‍ തയ്യാറെടുക്കുന്നു.
 

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകള്‍ പുറത്തുവിട്ട പിവി അന്‍വര്‍ എംഎല്‍എ കൂടുതല്‍ പോലീസുകാരെ കുടുക്കാന്‍ തയ്യാറെടുക്കുന്നു. പോലീസിലെ ചില പുഴക്കുത്തുകള്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത്തരം ആളുകളുടെ ഇടപെടല്‍ അന്വേഷിക്കാന്‍ അദ്ദേഹം ഒരു വാട്‌സ്ആപ്പ് നമ്പറും പുറത്തുവിട്ടു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളാ പോലീസില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടെന്നും, അവര്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അത്തരക്കാരെ സമൂഹമധ്യത്തില്‍ എത്തിക്കുക എന്ന കര്‍ത്തവ്യം ഏറ്റെടുത്ത് കൊണ്ടാണ് നമ്മള്‍ അടുത്തിടെ ഒരു പോരാട്ടം തുടങ്ങി വച്ചിട്ടുള്ളത്.
നല്ലവരായ നിരവധി പോലീസ് ഉദ്യോഗസ്ഥരുള്ള പോലീസ് സേനയ്ക്കാകെ കളങ്കമായി കൊണ്ട്,പോലീസിലെ ഒരു ചെറിയ വിഭാഗം ക്രിമിനലുകള്‍ ജീവിതം തകര്‍ത്ത നിസ്സഹായരായ നിരവധി മനുഷ്യര്‍ നമ്മള്‍ക്ക് ചുറ്റുമുണ്ട്.എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍,മലപ്പുറം എസ്.പി സുജിത്ത് ദാസ് എന്നിവര്‍ ഇതില്‍ പ്രമുഖരാണെന്നാണ് വ്യക്തിപരമായുള്ള എന്റെ വിശ്വാസം. സംസ്ഥാനത്ത് നടന്ന പല ക്രൈമുകളിലും ഇവര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്ന കൃത്യമായ ബോധ്യമുണ്ട്.അത് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നമ്മള്‍.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വന്‍ സ്വര്‍ണ്ണക്കടത്തും കൊള്ളയും അടുത്തിടെയായി നടക്കുന്നുണ്ട്.മലപ്പുറം മുന്‍ എസ്.പി സുജിത്ത് ദാസും സംഘവുമാണ് ഇതിന്റെ പിന്നില്‍.സ്വര്‍ണ്ണം പൊട്ടിക്കലിനൊപ്പം,നിയമപരമായി സ്വര്‍ണ്ണം കൊണ്ടുവരുന്ന ആളുകളെ വരെ ഇവര്‍ കൊള്ളയടിച്ചിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിട്ടുള്ളവര്‍ക്കും എന്നെ ബന്ധപ്പെടാം.

പോലീസിലെ ഒരു ചെറിയ വിഭാഗം നടത്തിയിട്ടുള്ള ഇത്തരം ക്രിമിനല്‍ ആക്ടിവിറ്റികളെ പറ്റി വിവരം നല്‍കാന്‍ കഴിയുന്ന ആളുകള്‍ ധൈര്യത്തോടെ മുന്‍പോട്ട് വരികയാണ് വേണ്ടത്.ഇത്തരം വിവരങ്ങള്‍ കൃത്യമാണെങ്കില്‍,അവര്‍ക്കൊപ്പം തന്നെ ഈ സര്‍ക്കാര്‍ ഉണ്ടാകും.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങളും സുരക്ഷയും നമ്മള്‍ നല്‍കും.

ഇങ്ങനെയുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായവര്‍ക്ക് ഈ വാട്ട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.
8304855901