കഠിന വേദനയിലും മായാത്ത പുഞ്ചിരി ; ആറാമത്തെ രക്തതാരകമായി പുതുക്കുടി പുഷ്പൻ വിട പറയുമ്പോൾ

ഐതിഹാസികമായ കൂത്തുപറമ്പ് സമര ചരിത്രത്തിൽ പൊലിഞ്ഞ അഞ്ച് രക്തസാക്ഷികൾക്കൊപ്പം ജീവിക്കുന്ന രക്തസാക്ഷിയായ പുതുക്കുടി പുഷ്പനും വിലയം പ്രാപിച്ചു. കൂത്തുപറമ്പ് സമരത്തിൽ പൊലിഞ്ഞത് ഇനി അഞ്ചല്ല ആറു പേരാണ്.

 

കണ്ണൂർ : ഐതിഹാസികമായ കൂത്തുപറമ്പ് സമര ചരിത്രത്തിൽ പൊലിഞ്ഞ അഞ്ച് രക്തസാക്ഷികൾക്കൊപ്പം ജീവിക്കുന്ന രക്തസാക്ഷിയായ പുതുക്കുടി പുഷ്പനും വിലയം പ്രാപിച്ചു. കൂത്തുപറമ്പ് സമരത്തിൽ പൊലിഞ്ഞത് ഇനി അഞ്ചല്ല ആറു പേരാണ്.

ജീവിക്കുന്ന രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന പുതുക്കുടി പുഷ്പനെന്ന 56 വയസുകാരൻ ഇതുവരെ മരണത്തിന് കീഴടങ്ങാതെ പൊരുതിയത് കണ്ണിലെ കൃഷ്ണമണി പോലെ പാർട്ടിയും ജനങ്ങളും സംരക്ഷിച്ചതിനാലാണ്.

ഏറ്റവും ഒടുവിൽ മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.

വലതുപക്ഷ മാധ്യമങ്ങൾ കൂത്തുപറമ്പ് സമരത്തിൻ്റെ പേരിൽ കടന്നാക്രമിക്കുമ്പോഴും പുഷ്പൻ പാർട്ടിയാണ് ശരിയെന്ന് ഉറച്ചു വിശ്വസിച്ചു. വ്യക്തിതാൽപര്യമല്ല പ്രസ്ഥാനത്തിൻ്റെ താൽപര്യമാണ് പാർട്ടിയുടെ വളർച്ചയ്ക്ക് കാരണമാകുന്നതെന്ന ഉത്തമ സഖാവിനുള്ള തിരിച്ചറിവായിരുന്നു അതിനു പിന്നിലുള്ള പ്രചോദനം.
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെയെന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ഛനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയ ബോധ്യവും  പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.

1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് പ്രസ്ഥാനം ഉറപ്പുവരുത്തി. ഭരണകൂട ഭീകരതയുടെ അടയാളമായിരുന്നു പുഷ്പന്‍. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം.