വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കുള്ള ഫണ്ട് മുക്കിയാലെന്താ, ഏവര്‍ക്കും പ്രിയങ്കയുടെ തുലാഭാര ചിത്രമുള്ള കലണ്ടര്‍ തന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ, സര്‍ക്കാര്‍ നല്‍കുന്ന വീടുകളില്‍ വയനാട് എംപിയുടെ സമ്മാനം
വയനാട്ടിലെ ഭൂമി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞിട്ടും, ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ വൈകുന്നതിനിടെ, വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്ര പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തത് വിവാദമാകുന്നു.
കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞിട്ടും, ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ വൈകുന്നതിനിടെ, വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്ര പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തത് വിവാദമാകുന്നു.
കലണ്ടറില്‍ പ്രിയങ്കയുടെ വയനാട് സന്ദര്‍ശനങ്ങളുടെ വിവിധ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്. ജനുവരി മാസത്തെ ആദ്യ ചിത്രം തന്നെ പ്രിയങ്കയുടെ തുലാഭാര ചടങ്ങിന്റേതാണ്. ദുരന്തബാധിതര്‍ക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് മുക്കിയതും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ എങ്ങുമെത്താതെ പോയതുമെല്ലാം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് പുതുവര്‍ഷസമ്മാനമെന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ പ്രിയങ്കയുടെ ചിത്രം നിറഞ്ഞ കലണ്ടറുകളുമായെത്തിയത്.
പ്രിയങ്ക ഗാന്ധി വയനാട് എംപി സ്ഥാനത്തെത്തിയതിനു ശേഷമുള്ള ഇടപെടലുകളാണ് കലണ്ടറിന്റെ പ്രധാന പ്രമേയമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കല്‍പ്പറ്റയിലെ ഹ്യൂം സെന്ററിലെ ദുരന്താനന്തര ചര്‍ച്ചകളുടെ ചിത്രങ്ങള്‍ മുതല്‍ തുലാഭാരം ചടങ്ങിന്റെ ഫോട്ടോകള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നിര്‍മിക്കുന്ന വീടുകള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് ഇതിനായി പിരിച്ചപണം എന്തു ചെയ്‌തെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഓരോ മാസവും അടുത്തമാസം സ്ഥലം വാങ്ങി നിര്‍മാണം തുടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുമെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വീട് നിര്‍മാണത്തില്‍ അനക്കമില്ല.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, കലണ്ടര്‍ വിതരണത്തെക്കുറിച്ച് ഒട്ടേറെ പ്രതികരണങ്ങളെത്തി. 'വയനാട്ടിലെ ജനങ്ങള്‍ ഈ കലണ്ടര്‍ കിട്ടാതെ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. എന്തായാലും അതിനു വേണ്ടി ഇടപെടല്‍ നടത്തിയ പ്രിയങ്ക ഗാന്ധിക്ക് ഒരായിരം താമരപ്പൂക്കള്‍' എന്നാണ് ഒരു ഉപയോക്താവ് പരിഹസിച്ചത്. മറ്റൊരു പോസ്റ്റില്‍, വയനാട് ദുരന്തത്തില്‍ വീട് പോയവര്‍ക്ക് പുതിയ വീട് പിണറായി കൊടുക്കും, ആ പുതിയ വീട്ടില്‍ തൂക്കാന്‍ ഉള്ള കലണ്ടര്‍ പ്രിയങ്ക കൊടുക്കും എന്നാണ്. ഫണ്ടുകള്‍ മുക്കിയാലും കലണ്ടര്‍ നല്‍കിയല്ലേ എന്നാണ് പലരുടെയും പരിഹാസം.
ദുരന്തബാധിതര്‍ക്കായി 30 വീടുകള്‍ നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ്, പണപ്പിരിവില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം നിലനില്‍ക്കുകയാണ്. എത്ര രൂപ ഇതിനായി സ്വരൂപിച്ചെന്നത് വ്യക്തമായ ഉത്തരമില്ല. ഈ ഫണ്ട് പാലക്കാട് തെരഞ്ഞെടുപ്പിന് ചെലവഴിച്ചെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി, പുനരധിവാസ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എന്നാല്‍, കേന്ദ്ര സഹായം കാര്യമായി ലഭിച്ചില്ല. വയനാട് എംപി ആയിട്ടും പ്രിയങ്ക ഗാന്ധി ഇക്കാര്യത്തില്‍ ശക്തമായ ആവശ്യം ഉന്നയിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍, കലണ്ടര്‍ വിതരണം പോലുള്ള നടപടികള്‍ യഥാര്‍ത്ഥ സഹായത്തിനു പകരമാകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം.