പ്രമേഹം നിയന്ത്രിക്കാന്‍ അഞ്ചു കാര്യങ്ങള്‍, അമേരിക്കക്കാര്‍ പരീക്ഷിച്ചു വിജയിച്ചത്
ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുകയാണെന്ന് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഈ രോഗങ്ങള്‍ അധികരിക്കുന്നതിനുള്ള പ്രധാന കാരണം. കര്‍ശനമായ ഭക്ഷണ, വ്യായാമ ജീവിതത്തിലൂടെ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാം.
തുടക്കം മുതലേ ശ്രദ്ധിക്കുകയാണെങ്കില്‍ നിയന്ത്രിക്കാവുന്നതാണ് പ്രമേഹം. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം ജീവിതശൈലിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തില്‍, നിങ്ങളുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാലോ ഇന്‍സുലിന്‍ നന്നായി ഉപയോഗിക്കാത്തതിനാലോ ആണ് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുണ്ടെങ്കില്‍, അത് തടയാനോ കാലതാമസം വരുത്താനോ ജീവിതശൈലീ മാറ്റത്തിലൂടെ സാധിക്കും.
പ്രീ ഡയബറ്റിസ് ഉള്ളപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിരോധമുയര്‍ത്തണം. പ്രീ ഡയബറ്റിസ് എന്നാല്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണ്, എന്നാല്‍ പ്രമേഹം എന്ന് വിളിക്കാവുന്നത്ര ഉയര്‍ന്നതല്ല എന്നാണ്. പല കാരണങ്ങളാലും ഇത് ഉണ്ടാകാവുന്നതാണ്.
പ്രീ ഡയബറ്റിസ് ആണെന്ന് കണ്ടെത്തിയാല്‍ അത് തടയാനോ കാലതാമസം വരുത്താനോ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഇതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ഇത് മറ്റ് രോഗങ്ങളുടെ അപകടസാധ്യതയും കുറയ്ക്കും.
ഇതിനായി പ്രാഥമികമായി വേണ്ടത് ശരീരഭാരം അധികമാണെങ്കില്‍ അത് കുറയ്ക്കുകയെന്നതാണ്. ശരീരഭാരം നിയന്ത്രിക്കുന്നത് പ്രമേഹ പ്രതിരോധത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നിലവിലെ ഭാരത്തിന്റെ 5 മുതല്‍ 10% വരെ കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ തടയാനോ കാലതാമസം വരുത്താനോ കഴിഞ്ഞേക്കാം. ഒരിക്കല്‍ ശരീരഭാരം കുറച്ചാല്‍, അത് കൂടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഓരോ ദിവസവും നിങ്ങള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷണത്തിന്റെ കലോറിയുടെ അളവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും കഴിയും. ഭക്ഷണത്തില്‍ കൊഴുപ്പും പഞ്ചസാരയും കുറയ്ക്കുക. ധാരാളം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ ഓരോ ഭക്ഷണ ഗ്രൂപ്പില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കണം. ചുവന്ന മാംസം പരിമിതപ്പെടുത്തുന്നതും സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
പതിവായി വ്യായാമം ചെയ്യുക. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നതുള്‍പ്പെടെ വ്യായാമത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ 5 ദിവസം കുറഞ്ഞത് 30 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ സജീവമല്ലെങ്കില്‍, ഏത് തരത്തിലുള്ള വ്യായാമമാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് മനസിലാക്കാന്‍ പ്രൊഫഷണലുമായി സംസാരിക്കുക. പുകവലി ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും, ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. പുകവലി ശീലമുണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുക.