എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതിൽ മുഖ്യ വില്ലനാര്? സർക്കാർ ചട്ടം ലംഘിച്ച് പെട്രോൾ പമ്പിനായുള്ള അപേക്ഷ നൽകിയ പ്രശാന്തന് സി.പി.എം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന് ഉന്നത സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്.

 
പെട്രോൾ പമ്പ് തുടങ്ങുന്നതിനായി പി. പി ദിവ്യയുടെ ഭർത്താവും സഹപ്രവർത്തകനുമായ അജിത്ത് കുമാറിൻ്റെ സഹായം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന് ഉന്നത സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായി താൽക്കാലികമായി ജോലി ചെയ്തിരുന്ന പ്രശാന്തൻ ചെറുപ്പം മുതലെ സി.പിഎം പ്രവർത്തകനാണ്. എ.കെ.ജി സെൻ്ററിലെ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കെയുടെ പിതൃസഹോദരൻ്റെ മകനാണ് പ്രശാന്ത്. ഇതു കൂടാതെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥിൻ്റെ വല്യച്ഛൻ്റെ മകൻ കൂടിയാണ്.

എന്നാൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായി പി. പി ദിവ്യയുടെ ഭർത്താവും സഹപ്രവർത്തകനുമായ അജിത്ത് കുമാറിൻ്റെ സഹായം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അത്തരമൊരു ബിനാമി ഇടപാട് സ്വതവെ അന്തർമുഖനും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജില ഓഫിസ് അറ്റൻഡറുമായ അജിത്ത് കുമാറിനില്ലെന്നാണ് പുറത്തു വരുന്ന വിവരം. വളരെ ചുരുക്കം ചിലരുമായി മാത്രമേ അജിത്ത് കുമാർ ജോലിസ്ഥലത്ത് ബന്ധം പുലർത്തിയിരുന്നുള്ളു.

പെട്രോൾ പമ്പ് തുടങ്ങുന്നതിനായി പി.പി ദിവ്യ പണം മുടക്കിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ചില ഉന്നത നേതാക്കൾ ആവശ്യപ്പെട്ടതുപ്രകാരം എൻ.ഒ.സി കൊടുക്കാൻ എ.ഡി. എമ്മിനോട് ശുപാർശ ചെയ്തിട്ടുണ്ട്. താൻ പറഞ്ഞിട്ടും എൻഒസി കൊടുക്കാൻ വൈകിപ്പിച്ച എഡി.എം സി.പി.ഐ കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞപ്പോൾ അനുസരിച്ചതാണ് ദിവ്യയെ പ്രകോപിതയാക്കിയത്. ഈ കാര്യം പറഞ്ഞ് അടുത്ത ബന്ധമുണ്ടായിരുന്ന പ്രശാന്തൻ എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്തു.

ഇതിനിടെ എ.ഡി. എമ്മിൻ്റെ ആത്മഹത്യയിൽ മുഖ്യ റോൾ വഹിച്ച പ്രശാന്തന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പെട്രോൾ പമ്പിനു അനുമതി നേടിയത് സർക്കാർ ചട്ടങ്ങൾ എല്ലാം ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.

സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം പ്രശാന്തിനും ബാധകമാണ് മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെയാണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണമെന്നത് അറിയില്ല എന്ന പ്രശാന്തിന്റെ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാനാണ് സാധ്യത.