മോദി ഉദ്ഘാടനം ചെയ്ത പ്രഗതി മൈതാന്‍ ടണല്‍ വെള്ളംകയറി അടച്ചിട്ടു, ഇനി മാറ്റിപ്പണിയണം, ചെലവഴിച്ചത് 777 കോടി രൂപ, കരാറുകാര്‍ ബിജെപിക്ക് നല്‍കിയത് കോടികളുടെ സംഭാവന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ല്‍ ഉദ്ഘാടനം ചെയ്ത ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ടണല്‍ വെള്ളം കയറിയതുമൂലം അടച്ചു. കഴിഞ്ഞവര്‍ഷം തന്നെ നിര്‍മാണത്തിലെ അപാകത കാരണം ടണല്‍ അടച്ചിട്ടിരുന്നു. മഴക്കാലം വീണ്ടും കനത്തതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്.
777 കോടി രൂപ ചെലവഴിച്ചാണ് 1.3 കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മിച്ചത്. എന്നാല്‍, ആദ്യ മഴയ്ക്കുതന്നെ നിര്‍മാണത്തിലെ അപാകത മൂലം തുരങ്കം പലതവണ അടക്കേണ്ടതായി വന്നു.
പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായ ഈ തുരങ്കം മധ്യ ഡല്‍ഹിയും നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളും നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മിച്ചതെങ്കിലും മഴ ആരംഭിച്ചാല്‍ അടച്ചിടേണ്ട സ്ഥിതിയാണ്.
ടണലിന്റെ പല ഭാഗത്തുനിന്നും വെള്ളം ഒഴികിപ്പോകുന്നില്ല. ടണല്‍ ഈ രീതിയില്‍ നന്നാക്കാന്‍ കഴിയില്ലെന്നും മുഴുവന്‍ ഭാഗവും പുനര്‍നിര്‍മ്മിക്കേണ്ടിവരുമെന്നുമാണ് എഞ്ചിനീയര്‍മാര്‍ പറയുന്നത്. ടണല്‍ നിര്‍മാണത്തില്‍ ശരിയായ രീതിയില്‍ ഡ്രെയിനേജ് നല്‍കാത്തത് തിരിച്ചടിയായി.
മൈതാനം തുറന്നുകൊടുത്ത് വെറും രണ്ടു വര്‍ഷത്തിനകം ഇത് ഉപയോഗശൂന്യമായി. ഇന്‍ഫ്രാ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) ആണ് ഇത് നിര്‍മിച്ചത്. കേന്ദ്രമാണ് പദ്ധതിക്ക് പണം അനുവദിച്ചത്.
മോശം ഡ്രെയിനേജ്, കോണ്‍ക്രീറ്റിലെ വിള്ളലുകള്‍, വെള്ളം ഒലിച്ചിറങ്ങാനുള്ള പ്രശ്‌നങ്ങള്‍ എന്നിവ കാരണം തുരങ്കം ഇപ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ടണല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പദ്ധതിയുടെ രൂപകല്പനയും നിര്‍വഹണവും എല്‍ ആന്‍ഡ് ടിയുടെ നിയന്ത്രണത്തിലാണെന്നും ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും ഇതില്‍ പങ്കില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രശ്നങ്ങള്‍ ഉടനടി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കമ്പനിയെ അറിയിച്ചെങ്കിലും രണ്ട് മാസത്തിലേറെയായി അവ പരിഹരിക്കപ്പെടാതെ കിടക്കുന്നതായി പിഡബ്ല്യുഡി പറഞ്ഞു.
2023 സെപ്തംബറില്‍ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി ലക്ഷ്യം വെച്ച് നിര്‍മ്മിച്ച പ്രധാന തുരങ്കവും അഞ്ച് അണ്ടര്‍പാസുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. റോഡ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട്, ഭൈറോണ്‍ മാര്‍ഗിലെ ഗതാഗത ഭാരം കുറയ്ക്കുന്നതിനാണ് പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. വലിയ അറ്റകുറ്റപ്പണി നടത്താതെ തുരങ്കം നന്നാക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം. ഭൈറോണ്‍ മാര്‍ഗിന് സമീപമുള്ള അണ്ടര്‍പാസ് 5 ന്റെ രൂപകല്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.
ഇതിന്റെ ഉദ്ഘാടനം വലിയ ആഘോഷമായിട്ടായിരുന്നു പ്രധാനമന്ത്രി നിര്‍വഹിച്ചത്. എന്നാല്‍, പദ്ധതിയില്‍ വന്‍ ക്രമക്കേട് വന്നതോടെ സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു. കോടിക്കണക്കിന് രൂപ ബിജെപിക്ക് ഇലക്ടറര്‍ ബോണ്ടായി സംഭാവന നല്‍കിയ കമ്പനിയാണ് എല്‍ ആന്‍ഡ് ടി. അതുകൊണ്ടുതന്നെ ഈ നിര്‍മാണക്കമ്പനിക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിക്ക് മടിക്കുകയാണ്.
2022 ജൂണ്‍ 19-ന് പദ്ധതിയുടെ സമാരംഭത്തിന് ശേഷം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ 'അത്ഭുതകരമായ തുരങ്കം' എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ടണല്‍ 55 ലക്ഷം ലിറ്റര്‍ ഇന്ധനം ലാഭിക്കുന്നതിനും 5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പാരിസ്ഥിതിക ലാഭമുണ്ടാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.