പിപി ദിവ്യക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ, രാഷ്ട്രീയം വിടരുതെന്ന് അഭ്യര്‍ത്ഥന, പ്രവര്‍ത്തകരുടെ പിന്തുണയില്‍ അമ്പരന്ന് പാര്‍ട്ടി

പാര്‍ട്ടി അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ദിവ്യ അതൃപ്തി പ്രകടിപ്പിച്ചെന്ന പ്രചരണത്തിനെതിരെ അവര്‍ നല്‍കിയ മറുപടിയിലാണ് ആയിരക്കണക്കിന് ആളുകള്‍ പിന്തുണയുമായെത്തിയത്.

 

പിപി ദിവ്യക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. പാര്‍ട്ടി അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ദിവ്യ അതൃപ്തി പ്രകടിപ്പിച്ചെന്ന പ്രചരണത്തിനെതിരെ അവര്‍ നല്‍കിയ മറുപടിയിലാണ് ആയിരക്കണക്കിന് ആളുകള്‍ പിന്തുണയുമായെത്തിയത്.

എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കഴിഞ്ഞദിവസം പാര്‍ട്ടി അച്ചടക്ക നടപടിയും കൈക്കൊണ്ടു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും നീക്കി ബ്രാഞ്ച് അംഗമായാണ് ദിവ്യയെ തരംതാഴ്ത്തിയത്. അച്ചടക്ക നടപടി കടുത്തതാണെന്നും പാര്‍ട്ടി തന്നെ കറിവേപ്പിലയാക്കിയെന്നും ദിവ്യ പറഞ്ഞതായി വാര്‍ത്തവന്നതോടെ അവര്‍ വിശദീകരണവുമായെത്തി.
 

പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ലെന്ന് ദിവ്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത്  തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നെന്നും എന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അവര്‍ കുറിച്ചു.

ഫേസ്ബുക്കിലെ ദിവ്യയുടെ വിശദീകരണക്കുറിപ്പ് പുറത്തുവന്നതോടെയാണ് അവര്‍ക്ക് പിന്തുണയുമായി ആളുകളെത്തിയത്. 12,000ത്തിലധികം ലൈക്കുകള്‍ ലഭിച്ച പോസ്റ്റില്‍ നൂറുകണക്കിന് ആളുകള്‍ അനുകൂലമായി പ്രതികരിച്ചു. ദിവ്യ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തി കരുത്തോടെ തിരിച്ചെത്തണമെന്നുമാണ് പോസ്റ്റിലെ പ്രതികരണം. 

ദിവ്യയുടെ പോസ്റ്റിലെ ചില കമന്റുകള്‍ ഇങ്ങനെ,

വൈകാതെ സത്യം മറനീക്കി പുറത്ത് വരും... സിപിഐ അനുകൂല സര്‍വീസ് സംഘടനയും അതിലെ ചില നേതാക്കളും അടങ്ങുന്ന മന്ത്രിയുടെ റവന്യൂ കുടുംബം എന്തെന്ന് ലോകം അറിയും.... നവീന്‍ ബാബു ഒപ്പിട്ട ചില ഫയലുകളിലെ വിവരങ്ങള്‍ കൂടി പുറത്ത് വരുന്നതോടെ ദിവ്യയുടെ നിരപരാധിത്വം അനായാസമായി തെളിയും... 

മാധ്യമങ്ങള്‍ സൃഷ്ട്ടിച്ചെടുക്കുന്ന ഒരു തരം കൃത്രിമ പൊതുബോധമുണ്ട് അതിനൊപ്പം പാര്‍ട്ടി കൂടി സഞ്ചരിച്ചാല്‍ സര്‍വ്വതും നാശത്തിലാവും .പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചും പ്രതിസന്ധികള്‍ തരണം ചെയ്തും ഇരുപത് വര്‍ഷത്തിലധികമായി പൊതുരംഗത്ത് ഉള്ള സഖാവ് പി പി ദിവ്യയെ സംഭവിച്ചു പോയ ഔചിത്യക്കുറവിന്റെ പേരില്‍ വിമര്‍ശിച്ചോളൂ... ശാസിച്ചോളൂ പക്ഷേ ഇല്ലാതാക്കി കളയാമെന്ന സ്വപ്നമൊന്നും ഒരുത്തനും വേണ്ട. നന്നാക്കാന്‍ വേണ്ടിയുള്ള വിമര്‍ശനം അംഗീകരിക്കാന്‍ പ്രയാസമില്ല പക്ഷെ നശിപ്പിയ്ക്കുക എന്ന ലക്ഷ്യമാണ് നിങ്ങളുടേതെങ്കില്‍ അതൊന്നും നടക്കില്ല ദിവ്യ കമ്മ്യൂണിസ്റ്റ് ആണ്.കരുത്തുള്ള സഖാവാണ്. വേട്ടയാടും തോറും കരുത്താര്‍ജ്ജിയ്ക്കുന്ന കമ്യൂണിസ്റ്റ്

സഖാവേ, സഖാവിന്നനുഭവിക്കുന്ന മാനസിക വിഷമം ഞങ്ങള്‍ സഖാക്കള്‍ക്ക് മനസിലാവും... ഞങ്ങള്‍ക്കേ മനസിലാവൂ.... കടിച്ച് കീറാന്‍ സ്മൃതി പരുത്തിക്കാടിന്റെയൊക്കെ രൂപത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വേതനം പറ്റുന്ന ചില മാധ്യമ പ്രവര്‍ത്തകരുണ്ട്... അവര് കിട്ടിയ അവസരത്തില്‍ കടിക്കട്ടെ... മറുത്ത് ചോദിക്കാനൊരവസരം നമുക്കുമുണ്ടാവും

ഈ പാര്‍ട്ടിയുടെ ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ മൂലം ഒരു കുടുംബം നശിച്ചു എന്ന കാര്യം സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള പാര്‍ട്ടി അനുയായികള്‍ക്ക് വളരെ വിഷമം ഉണ്ടാക്കി എന്ന് അറിയിക്കുന്നു, വേറെ ഒന്നും പറയാനില്ല..

നിങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഡാമേജ് ചില്ലറയല്ല, പ്രേത്യേകിച്ചു പാര്‍ട്ടി ഒരു ഉപതെരെഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍. എഡിഎമ്മിനോടുള്ള താങ്കളുടെ പ്രവൃത്തി അപക്വമായിപ്പോയി. താങ്കള്‍ക്ക് എതിരാണ് പൊതുവികാരവും പാര്‍ട്ടിയെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആളുകളും.പാര്‍ട്ടിക്ക് പൊതുവികാരം മാനിച്ചേ പറ്റൂ.അതുകൊണ്ട് പാര്‍ട്ടി താങ്കള്‍ക്കെതിരെ എടുത്ത നടപടി തീര്‍ത്തും ശരിയാണ്. പാര്‍ട്ടി എന്നാല്‍ വെറും പാര്‍ട്ടി മെമ്ബര്‍ മാര്‍ മാത്രം അടങ്ങിയതല്ല, പൊതു ജനങ്ങളും ചേര്‍ന്നതാണ് പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടിയെ പൊതു ജനങ്ങള്‍ക്കിടയില്‍ വെറുപ്പിക്കുന്ന താങ്കളെ പോലുള്ള ആളുകള്‍ ഈ പാര്‍ട്ടിയില്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.

ദിവ്യയെ പ്രതികൂലിച്ചും ഒട്ടേറെ കമന്റുകള്‍ പോസ്റ്റില്‍ എത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് അനുകൂലമായി ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. വിവാദം അവസാനിച്ചതിനുശേഷം പൊതുരംഗത്ത് സജീവമാകാനാകും പാര്‍ട്ടി ദിവ്യയോട് ആവശ്യപ്പെടുക. അതേസമയം, പാര്‍ട്ടയില്‍നിന്നും ദീര്‍ഘകാലത്തേക്ക് അവധിയെടുത്ത് ദിവ്യ മാറി നിന്നാല്‍ അതിശയിക്കാനില്ല.