പോലീസോ അതോ ഗുണ്ടകളോ, പ്രണയിച്ച വിദ്യാര്‍ത്ഥിയെ മോഷണക്കേസ് ചുമത്തി പീഡിപ്പിച്ചു, മകന്റെ വേര്‍പാടില്‍ ഹൃദയംനുറുങ്ങുന്ന വേദന പങ്കുവെച്ച് ഒരു പിതാവ്, പരാജയമായി ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ്

കൊടുങ്ങല്ലൂര്‍ സ്വദേശിയായ 18 വയസ്സുകാരന്‍ മുഹമ്മദ് അസ്ലമിന്റെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി പിതാവ് നൗഷാദ്.

 

സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 6.45-ന് കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് അസ്ലം പോലീസ് സ്റ്റേഷനിലുണ്ടെന്നും ഉടന്‍ വരണമെന്നും അറിയിച്ചതായി പിതാവ് പറയുന്നു.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ സ്വദേശിയായ 18 വയസ്സുകാരന്‍ മുഹമ്മദ് അസ്ലമിന്റെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി പിതാവ് നൗഷാദ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍, മക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ മര്‍ദ്ദനവും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവുമാണ് മകന്റെ മരണത്തിന് കാരണമായെന്ന് അദ്ദേഹം ആരോപിക്കുന്നു.

സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 6.45-ന് കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് അസ്ലം പോലീസ് സ്റ്റേഷനിലുണ്ടെന്നും ഉടന്‍ വരണമെന്നും അറിയിച്ചതായി പിതാവ് പറയുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇളയ മകന്‍ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുകയും മക്കളെ മര്‍ദ്ദിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ചെന്ന മൂത്തമകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്യാതെ പീഡിപ്പിച്ചതെന്ന് നൗഷാദ് പറയുന്നു.

നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 
 

 സുഹൃത്തുക്കളെ 06-10-2026. പഴുപറമ്പില്‍ നൗഷാദ് മകന്‍ മുഹമ്മദ് അസ്ലം 18 വയസ്സ് മരണപെടാന്‍ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയില്‍ ചുവടെ കൊടുക്കുന്നു....

27- 09-2026 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ നിന്നും എനിക്ക് 9633284716 എന്ന നബറില്‍ നിന്നും CI ആണെന്ന് പറഞ്ഞു കാള്‍ വന്നു. നിങ്ങള്‍ അസ്ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. അന്നേരം മറുതലക്കല്‍ നിന്നും പോലീസ്. നിന്റെ മകന്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നീ കാരണം അറിഞ്ഞാല്‍ മാത്രമേ ഇവിടെ വരികയുള്ളു എന്ന് മറുപടി തന്നു. ഞാന്‍ ഒരു ടാക്‌സി ഡ്രൈവര്‍ ആണെന്നും ഞാന്‍ ഒരു ഓട്ടം പോയ് കൊണ്ടിരിക്കുകയാണെന്നും വണ്ടിയില്‍ ഉള്ള ആളുകളെ വഴിയില്‍ ഇറക്കി വിട്ട് എനിക്ക് ഇപ്പോള്‍ വരാന്‍ സാധിക്കില്ലയെന്നും ഞാന്‍ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാള്‍ അവസാനിപ്പിച്ചു...

ഉടനെ ഞാന്‍ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജന്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും പറഞ്ഞു വിട്ടു. 
കുറച്ച് കഴിഞ്ഞ് രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഓട്ടം കഴിഞ്ഞപ്പോള്‍ 10.30 കഴിഞ്ഞിരുന്നു. ഞാന്‍ വേഗം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്ത് എല്ലിന്‍ കഷ്ണം നുണഞ്ഞു നില്‍ക്കുന്ന കുറെ രാഷ്ട്രീയകാരെ ഞാന്‍ കണ്ടു.

ആകെ വെട്ടി വിയര്‍ത്ത് വായില്‍ എല്ലിന്‍ കഷ്ണം കടിച്ച് CI ബൈജു സാറിനെയുമാണ് കണ്ടത്..
ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. സാര്‍ എന്നെ വിളിച്ചിരുന്നു എന്റെ മക്കള്‍ ഇവിടെയുണ്ട്. അന്നേരം CI ബൈജു സാര്‍ എന്റെ അടുത്ത് നിന്റെ മുടിയനായ ഇളയ പുത്രന്‍ അവന്‍ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും 20 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും ഫോണില്‍ ഭീഷണി പെടുത്തി വാങ്ങിയെന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ കൊണ്ട് ഒരു ഇന്നോവ കാര്‍ വാങ്ങിയെന്നും പറഞ്ഞു. ഞാന്‍ അവരുടെ മേല്‍ FIR ഇട്ടിട്ടുണ്ട് കേസ് ആക്കിയെന്നും പറഞ്ഞു...

ഞാന്‍ ഉടനെ എന്റെ മക്കളെ കാണാന്‍ സ്റ്റേഷന്റെ അകത്തേക്ക് പോയ് മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലും ഇരുത്തിയിരുന്നു. ഞാന്‍ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ചോദിച്ചു നീ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും 20 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവന്‍ വാപ്പിച്ചി ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാന്‍ ഒരു പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തോളമായി ഇഷ്ടത്തില്‍ ആണെന്നും അവളുടെ വീട്ടുകാര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ ആയി അവളുമായി ബന്ധപെടാന്‍ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാന്‍ ഞാന്‍ അവളുടെ വീട്ടില്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു ചെന്നു അപ്പോള്‍ അവളുടെ വീട്ടുകാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി.... 

ഞാന്‍ മകനുമായി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്ന നേരം പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു വനിത പോലീസും മറ്റൊരു പോലീസ് ഓഫീസറും കൂടി എന്നോട് ഇവിടെ നില്‍ക്കാന്‍ പറ്റില്ലയെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഇത് എന്റെ മക്കള്‍ ആണെന്നും എനിക്ക് ഇവരോട് കാര്യങ്ങള്‍ ചോദിച്ചു അറിയണമെന്നും പറഞ്ഞു. അപ്പോള്‍ വനിതാ പോലീസും മറ്റേ പോലീസ്‌ക്കാരനും കൂടി എന്റെയടുത്ത് ചോദ്യം ചെയ്യാന്‍ ഇവിടെ പോലീസ് ഉണ്ടെന്നും നിങ്ങള്‍ പുറത്ത് പോകൂ എന്നും പറഞ്ഞു... 

ഞാന്‍ പുറത്തേക്ക് പോകുന്ന വഴിയില്‍ മൂത്ത മകനോട് കാര്യങ്ങള്‍ ചോദിച്ചു. അവന്‍ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടിട്ട് പോലുമില്ല. ഫോണില്‍ കൂടി ചാറ്റ് ചെയ്തിട്ടില്ല വിളിച്ചിട്ടുമില്ല എന്റെ അനുജനെ എന്റെ മുന്നില്‍ ഇട്ട് ഒരുപാട് ശരീരമായി ഉപദ്രവിക്കുകയും അവന്റെ നാഭിക്ക് ചവിട്ടുകയും മണിയില്‍ പിടിച്ച് അമര്‍ത്തുകയും കുനിച്ചു നിര്‍ത്തി അയാള്‍ വിയര്‍ക്കുന്നത് വരെ ഇടിക്കുകയും കഴുത്തിലെക്ക് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അവന്‍ SI അതുല്‍ മോഹനന്‍ സാറിനോട് അവനെ വെറുതെ വിട്ടേക്ക് ഞാന്‍ ആണ് ഇതൊക്കെ ചെയ്തതെന്ന് സ്വയം കുറ്റം പറഞ്ഞു....

സാധാരണ കുറ്റം ഏറ്റ് പറഞ്ഞാല്‍  പോലീസ്‌കാര്‍ക്ക് ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച്  ശാസ്ത്രീയമായി തെളിവ് ശേഖരിക്കാമായിരുന്നു. 
3 ദിവസമാണ് CI ബൈജുവും SI അതുല്‍ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചത്. 
പ്രായപൂര്‍ത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയില്‍ ഹാജര്‍ ആക്കിയത് 3 ദിവസം കഴിഞ്ഞ് ആണ്...
3 ആം ദിവസം എന്നോട് ഒരു പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു.   ഇവരെ കോടതിയില്‍ ഹാജരാക്കണം ഞാന്‍ ആ പേപ്പര്‍ വാങ്ങി വായിച്ച് നോക്കിയപ്പോള്‍ ഇന്നലെ ഉച്ചക്ക് ആണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുള്ളതെന്ന് എഴുതിയിരിക്കുന്നു. ഞാന്‍ എന്റെ വക്കീലിനെ വിളിച്ച് ആ കാര്യം പറഞ്ഞു. അത് സാരമില്ല എന്നോട് ഒപ്പിട്ട് കൊടുക്ക് നമുക്ക് അവരെ ജാമ്യത്തില്‍ എടുക്കാമെന്നും പറഞ്ഞു. 

22 വയസ്സ് ബികോം പാസായിരിക്കുന്ന മൂത്ത മകനെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പോലീസ്‌കാര്‍ അവനെ കുറിച്ച് വീഡിയോ ചെയ്യുകയും ന്യൂസ് ചാനലുകളില്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും പത്രങ്ങളില്‍ കൊടുക്കുകയും ചെയ്ത് അവന്റെ ജീവിതം തന്നെ നശിപ്പിച്ചു...

പ്രായപൂര്‍ത്തി ആകാത്ത ഇളയ മകനെ ജുവൈനല്‍ ജസ്റ്റിസ് മുന്‍പാകെ ഒരു ബോര്‍ഡ് മെമ്പറിന്റെ അടുത്തേക്ക് വിടുകയും അവനെ ജാമ്യത്തില്‍ എടുക്കാന്‍ ഞാനും വക്കീലും രണ്ട് ജാമ്യക്കാരെയും കൂട്ടി രണ്ട് പോലീസ് ഓഫിസര്‍മാര്‍ക്കൊപ്പം തൃശൂര്‍ രാമപുരത്തുള്ള അവരുടെ വസതിയില്‍ ചെന്നു. വീനിത എന്നാണ് അവരുടെ പേര് അവര്‍ വകീലുമല്ല ജഡ്ജിയുമല്ല ഒരു ബോര്‍ഡ് മെമ്പര്‍ മാത്രം. 

വകീല്‍ ജാമ്യപേക്ഷ അവരെ കാണിച്ച് കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ എന്തോ മുന്‍ വിധിയോടെയാണ് അവര്‍ പെരുമാറിയത് മകന്‍ ഒരിക്കലും ജാമ്യം കിട്ടരുതെന്ന ഉദ്ദേശത്തില്‍ ആണ് അവര്‍ പെരുമാറിയത്..
( NB: അവരുടെ സംസാരത്തിനിടയില്‍ പെട്ടന്ന് അവരുടെ വായില്‍ CI ബൈജു സാര്‍ ഇന്നലെ വിളിച്ചിരുന്നു  എന്ന് പറയാന്‍ ഇടയായി. ) ഞാന്‍ വക്കീലിന്റെ മുഖത്ത് ഒന്ന് നോക്കി CI നേരത്തെ സെറ്റപ്പ് ആക്കിയ ടീം ആയിരുന്നു ഈ ബോര്‍ഡ് മെമ്പര്‍ എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇളയ മകനെ 4 ദിവസം അവരുടെ കസ്റ്റഡിയില്‍ ഇട്ടു ഇളയ മകനെ പോലീസ് ക്രൂരമായി മര്‍ദ്ധിച്ചത് ഞാന്‍ ആ വനിതയോട് പറഞ്ഞു അവനെ ആശുപത്രിയില്‍ കാണിക്കണമെന്നും നല്ല പരിക്ക് ഉണ്ടെന്നും പറഞ്ഞു അപ്പോള്‍  ജ്യൂവനല്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ട് പോകുമെന്നും അവര്‍ എന്നോട് പറഞ്ഞു ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ മകനോട് നിന്നെ അവര്‍ ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് മറുപടി തന്നു ....
4 ദിവസം കഴിഞ്ഞ് വകീലുമായി ചെന്ന് എന്റെ ഇളയ മകനെ ജാമ്യത്തില്‍ എടുത്ത് വീട്ടില്‍ കൊണ്ട് വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇളയ മകന്‍ സബ്ജയിലില്‍ കിടക്കുന്ന ജേഷ്ഠനെ കാണണമെന്ന് പറഞ്ഞു. ഞാന്‍ അവന്റ ഉമ്മയെ കൂട്ടി പറഞ്ഞയച്ചു. അവനെ കണ്ടപ്പോള്‍ രണ്ട് പേരും പൊട്ടി പൊട്ടി കരഞ്ഞു അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ അവനെയും കൂട്ടി തിരികെ പോന്നു.

പോരുന്ന വഴിയില്‍ കൊടുങ്ങല്ലൂര്‍ എത്തിയപ്പോള്‍ അവന്‍ കുഴിമന്തി വാങ്ങി കൊടുക്കാന്‍ ഉമ്മയോട് പറഞ്ഞു അത് അവന്റെ അവസാനത്തെ ആഗ്രഹം ആണെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. കുറച്ച് പാര്‍സല്‍ വാങ്ങി വീട്ടില്‍ വന്ന് 5ആം ക്ലാസ്സില്‍ പഠിക്കുന്ന ഇളയ സഹോദരന് കൊടുത്തു.

ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ രാത്രി 10 മണിയായി ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചു ഇരുന്നു. അവന്‍ മുകളിലെ റൂമില്‍ ആണ് കിടന്നിരുന്നത് അവന്‍ ഉറങ്ങാന്‍ ആയി മുകളിലേക്ക് പോയ്. ഞങ്ങള്‍ താഴെ റൂമില്‍ ആണ് കിടന്നിരുന്നത് നേരം വെളുത്തപ്പോള്‍ എന്റെ അയല്‍വാസിയായ ആള്‍ വന്ന് കോളിങ് ബെല്‍ അടിച്ചു ആ ശബ്ദം കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്നെ അയാള്‍ പുറത്തേക്ക് വിളിച്ച് കൊണ്ട് പോയി നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചു. എന്ത് അറിഞ്ഞില്ലേയെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. വീടിന്റെ മറുവശത്തേക്ക് എന്നെ കൊണ്ട് പോയ് മുകളിലേക്ക് ചൂണ്ടി കാണിച്ചു. ആ നിമിഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല തൊണ്ടയിടറി കണ്ണുകള്‍ നിറഞ്ഞു ഞാന്‍ മുകളിലേക്ക് ഓടി കയറി. ജീവന്‍ ഒരു തരിയെങ്കിലും ഉണ്ടാവണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. 6 അടി രണ്ട് ഇഞ്ചു പൊക്കമുള്ള ആ 18 വയസ്‌കാരന്റെ വായില്‍ നിന്നും നുര വരുന്നുണ്ടായിരുന്നു...

10 മാസം നൊന്ത് പ്രസവിച്ച ഒരു അമ്മ ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും കാണാന്‍ പറ്റാത്ത ഒരു കാഴ്ച അതും 18 വയസ്സ് തികയാത്ത ഒരു മകന്റെ ചേതനയറ്റ ശരീരം തൂങ്ങി നില്‍ക്കുന്നത് നേരിട്ട് കാണേണ്ടി വരുന്നത് ഓര്‍ക്കാന്‍ കൂടി വയ്യാ. ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകന്‍ ജയിലില്‍ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണമെന്ന് എനിക്ക് അറിയില്ല....

സ്വന്തം സഹോദരന്റെ ജീവനറ്റ ശരീരം ഒരു നോക്ക് കാണാന്‍ ആഗ്രഹമുണ്ടോ എന്ന് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന എന്റെ മകനോട് ഞാന്‍ പോയ് ചോദിച്ചു..
അവനെ കാണാന്‍ നിന്നെ കൊണ്ട് വരുമ്പോള്‍ കയ്യില്‍ വിലങ്ങ് വെച്ചിട്ടുണ്ടാകും അത്രയും ആളുകള്‍ കൂടി നില്‍ക്കുന്ന സമയത്ത് അങ്ങനെ ഒരു സീനില്‍ നിനക്ക് അവനെ കാണണമോ എന്ന് ഞാന്‍ ചോദിച്ചു. അല്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് തിരികെ പോരുമ്പോള്‍ പോലീസ് സ്റ്റേഷന്റെ അടുത്ത് ആംബുലന്‍സ് നിര്‍ത്തി കാണിച്ചാല്‍ മതിയോ എന്നും ഞാന്‍ ചോദിച്ചു.

അവന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ വന്ന് അവനെ കാണണമെന്ന് പറഞ്ഞു. വൈകുന്നേരം 5 മണി കഴിഞ്ഞ് ആംബുലന്‍സ് വീട്ടില്‍ എത്തുന്നതിന് മുന്‍പ് പോലീസ്‌കാര്‍ മൂത്ത മകനുമായി  വീട്ടില്‍ എത്തിയിരുന്നു ആ കാഴ്ച കണ്ട് നിന്ന മുഴുവന്‍ ആളുകളുടെയും കണ്ണുകള്‍ നിറച്ചു...

ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരില്‍ സ്വന്തം ജേഷ്ഠന് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം എല്‍ക്കേണ്ടി വരുകയും അതിന്റെ ഭാഗമായി ജേഷ്ഠന്‍ ജയിലില്‍ കിടക്കേണ്ടി വരുകയും ചെയ്ത മനോവിഷമം എന്റെ മോനെ നേരം വെളുക്കുന്നത് കാണാന്‍ അവന്റെ മനസ്സ് അനുവദിച്ചില്ല. അവന്‍ ഓമനിച്ചു വളര്‍ത്തിയ റൂബി എന്ന നായ കുട്ടിയെ ലോക്ക് ചെയ്താണ് ഈ കടും കൈ ചെയ്തത്.
എനിക്ക് പോലീസ്  സിസ്റ്റത്തോട് ചോദിക്കാനുള്ള കുറച്ച് ചോദ്യങ്ങള്‍...?

1-  ഒരു പരാതി കിട്ടിയാല്‍ അതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണോ ഏത് കേസും കൈകാര്യം ചെയ്യുന്നത്...?

2- ഇത്രയും ടെക്‌നോളജി വളര്‍ന്ന സ്ഥിതിക്ക് ഒരു ഇന്നോവ കാര്‍ ആരുടെ പേരിലാണ് എന്ന് അറിയാന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും കഴിയാതെ പോയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല.
ഫോണില്‍ ഒരു കാറില്‍ ചാരി നിന്ന് ഫോട്ടോ എടുത്താല്‍ അത് അയാളുടെ കാര്‍ തന്നെ ആവണമെന്നുണ്ടോ...?

വാര്‍ത്ത ചാനലുകളില്‍ ന്യൂസ് കൊടുക്കുമ്പോള്‍ ആ പ്രതിയുടെ പേരില്‍ ഒരു കാര്‍ എങ്കിലും ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്യാമായിരുന്നു.

3- 20 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും ഫോണില്‍ കൂടി ഭീഷണിപെടുത്തി വാങ്ങി എന്ന് പരാതിയില്‍ ആരോപിക്കുന്ന പെണ്‍കുട്ടിയെ എന്റെ മൂത്ത മകന്‍ ഫോണില്‍ കൂടി ചാറ്റ് ചെയ്യുകയോ മെസ്സേജ് ചെയ്യുകയോ കാള്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ആണ് അവന്റെ ഫോണ്‍ ഇരിക്കുന്നത് ആ വിവരം എന്നെ ഒന്ന് കാണിക്കാമോ...?

4- ഒരു പരാതി കിട്ടിയാല്‍ പ്രായപൂര്‍ത്തി ആകാത്ത പയ്യന്മാരെ ക്രൂരമായി തല്ലി ചതക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്....?

5- പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്ന രക്ഷിതാക്കളോട് പോലീസ് മാന്യമായി പെരുമാറണമോ...?

ഇനി സ്വന്തം വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും കട്ടെടുത്ത് മറ്റുള്ളവര്‍ക്ക് കൊടുത്ത ആ പെണ്‍കുട്ടിക്ക് എതിരെ പോലീസ് കേസ് എടുക്കുമോ...?

രണ്ട് കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരു മകനെ കൊലക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലില്‍ ആക്കുകയും ചെയ്ത കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍  CI ബൈജുവിനെയും  SI അതുല്‍ മോഹനയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...