അന്ന് വമ്പന്‍ മുതലാളിയെ തൂക്കി ജയിലിലിട്ടു, ഇന്ന് കോടീശ്വര പുത്രനുവേണ്ടി പോലീസിന്റെ ഒത്തുകളി, സബ് ജയിലിന് പകരം ബോസ്റ്റല്‍ സ്‌കൂള്‍, ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, പണം വാരിയെറിയുന്നതായി സംശയം

നെടുമ്പാശ്ശേരി വിഐപി റോഡില്‍ കഴിഞ്ഞദിവസം മിനി കൂപ്പര്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം.

 

സുഹൈല്‍ കക്കനാട് ഗോള്‍ഡ് ടവറിലെ താമസക്കാരനാണ്. അച്ഛന്‍ സജീവ് ജമാല്‍ ഐഹ ഡിസൈന്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ചെയര്‍മാന്‍.

കൊച്ചി: നെടുമ്പാശ്ശേരി വിഐപി റോഡില്‍ കഴിഞ്ഞദിവസം മിനി കൂപ്പര്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം. അറസ്റ്റിലായ പ്രതിയെ സബ് ജയിലില്‍ അയക്കാതെ ബോസ്റ്റല്‍ സ്‌കൂളിയച്ചെന്നും പോലീസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്. 

അപകടത്തില്‍ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിലും അമിതവേഗത്തിലുമാണ് കാര്‍ ഓടിച്ചതെന്ന് പ്രതിയായ 19-കാരന്‍ സുഹൈല്‍ സജീവ് തന്നെ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം എഫ്‌ഐആറിലില്ലെന്നാണ് വിവരം.

സുഹൈല്‍ കക്കനാട് ഗോള്‍ഡ് ടവറിലെ താമസക്കാരനാണ്. അച്ഛന്‍ സജീവ് ജമാല്‍ ഐഹ ഡിസൈന്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ചെയര്‍മാന്‍. അമ്മ നുഹ മാനേജിങ് ഡയറക്ടര്‍. ദുബായിലും ഷാര്‍ജയിലും ബൂട്ടിക്ക് ബ്രാഞ്ചുകള്‍. മകന് പതിനെട്ട് തികഞ്ഞപ്പോഴാണ് വീട്ടുകാര്‍ ആഡംബര കാര്‍ സമ്മാനമായി നല്‍കിയത്. പ്രതി ഇന്‍സ്റ്റഗ്രാമില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ ഓടിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് ബാറുകളില്‍ (കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശ്ശേരി മാരിയറ്റ്) മദ്യപിച്ച ശേഷമാണ് സ്‌കൂട്ടറിലിടിച്ചത്.

സുഹൈലിനൊപ്പം സുഹൃത്തുക്കളായ നിനവ്, അമീര്‍, ജോയല്‍ എന്നിവരും കേസില്‍ പ്രതികളാണ്. മൂന്നുപേരുടെ ജീവനെടുത്തിട്ടും നാട്ടുകാരോട് കയര്‍ക്കുകയാണ് പ്രതികള്‍ ചെയ്തത്. കോടീശ്വരനായ പിതാവ് കാര്യങ്ങള്‍ നോക്കുമെന്ന് സുഹൈലിനറിയാം. പ്രതികളെ കുട്ടികുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റിയതോടെ ഇവര്‍ക്ക് കോടതിയില്‍ നിന്നും കടുത്ത ശിക്ഷ കിട്ടാനും സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

സമ്പന്നന്റെ മകന്‍ ആയതുകൊണ്ട് എഫ്ഐആര്‍ ദുര്‍ബലമാക്കിയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മദ്യപിച്ച്, അമിതവേഗത്തില്‍, മൂന്ന് നിരപരാധികളെ കൊന്നതിന് ഇത്രയും സൗകര്യം മറ്റാര്‍ക്കും ലഭിച്ചുകാണില്ല.

നേരത്തെ എല്‍ഡിഎഫ് ഭരണകാലത്ത് മുഹമ്മദ് നിഷാം എന്ന മറ്റൊരു കോടീശ്വരന്‍ തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ചന്ദ്രബോസിനെ ഹമ്മര്‍ കാറിടിച്ച് കൊന്നപ്പോള്‍ പോലീസ് യാതൊരുതര വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. പ്രതിക്ക് ജീവപര്യന്തം തടവും ലഭിച്ചു. ഇപ്പോള്‍ അതേ സംസ്ഥാനത്ത്, സമാന കേസില്‍, സമ്പന്നന്റെ മകന് വ്യത്യസ്തമായ സമീപനം. അതുകൊണ്ടുതന്നെ ഒത്തുകളി ആരോപണം ഉയരുന്നത് സ്വാഭാവികമാണ്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. സമ്പത്തും സ്വാധീനവുമുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് പോലീസ് തന്നെ ഒരുക്കിക്കൊടുക്കുന്നത് ഇരകള്‍ക്കുള്ള നീതി നിഷേധമാണ്. മൂന്ന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത കേസില്‍ നീതി ഉറപ്പാക്കാന്‍ പോലീസും സര്‍ക്കാരും കടുത്ത നടപടി സ്വീകരിക്കണം. കൊലക്കുറ്റം ചുമത്താനുള്ള ആവശ്യം അവഗണിക്കരുത്. കോടീശ്വരന്റെ മകന്‍ ആയതുകൊണ്ട് നിയമം മയപ്പെടുത്തരുത്. ജുവനൈല്‍ ഹോമില്‍ ഒതുങ്ങി രക്ഷപ്പെടാനുള്ള അവസരം ഇനിയും തുറന്നിട്ടാല്‍, നീതിയുടെ തുലാസ് തന്നെ ചോദ്യം ചെയ്യപ്പെടും.