കേന്ദ്രമന്ത്രിയുടെ മകനെതിരായ പോക്സോ കേസ് ഒതുക്കാന്‍ ശ്രമം, പ്രധാനമന്ത്രിക്കൊപ്പവും തെലങ്കാന മുഖ്യമന്ത്രിക്കൊപ്പവും വേദി പങ്കിട്ട് മന്ത്രി

തെലങ്കാനയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് യൂണിയന്‍ മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭഗീരത് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസാണ്.

 

മന്ത്രിയുടെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം മടിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മൂന്ന് മാസത്തോളം വൈകിയ ശേഷമാണ് എഫ്ഐആര്‍ വന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  സമീപനവും വിമര്‍ശനത്തിന് വിധേയമായി.

ന്യൂഡല്‍ഹി: തെലങ്കാനയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് യൂണിയന്‍ മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭഗീരത് (ബണ്ടി സായ് ഭഗീരത്) എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ്. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനില്‍ മെയ് 8-ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ജൂണ്‍ 2025 മുതല്‍ ഭഗീരത് പെണ്‍കുട്ടിയെ ഗ്രൂമിങ് ചെയ്ത് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മോയിനാബാദിലെ ഫാംഹൗസില്‍ 2025 ഡിസംബര്‍ 31ന് മദ്യം നല്‍കി ബലാത്സംഗം ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഫലമായി പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയെന്നും പരാതിയിലുണ്ട്.

ഭഗീരത് ആരോപണങ്ങള്‍ നിഷേധിച്ച് കൗണ്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം തന്നെ ഹണി ട്രാപ്പില്‍ കുടുക്കി 5 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇരു പരാതികളും അന്വേഷണത്തിലാണ്, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മന്ത്രിയുടെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം മടിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മൂന്ന് മാസത്തോളം വൈകിയ ശേഷമാണ് എഫ്ഐആര്‍ വന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  സമീപനവും വിമര്‍ശനത്തിന് വിധേയമായി. മുഖ്യധാരാ തെലുഗു മീഡിയ പലരും കേസ് റിപ്പോര്‍ട്ട് ചെയ്യാത്തതും വലിയ ചര്‍ച്ചയായി. 

കേസ് വന്നതിനു ശേഷവും ബണ്ടി സഞ്ജയ് പ്രമുഖരുമായി വേദി പങ്കിട്ടത് വലിയ വിവാദത്തിനാണ് ഇടംകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് പരിപാടിയുമായി ബന്ധപ്പെട്ട് ബണ്ടി സഞ്ജയുടെ പേര് ഔദ്യോഗിക ക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും, കേന്ദ്ര മന്ത്രിയായ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം വിവാദത്തിന് ഇന്ധനമായി. പെണ്‍കുട്ടിയുടെ കുടുംബവും സ്ത്രീകളും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മകനെതിരായ പോക്സോ കേസ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാടിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്വേഷണം സുതാര്യവും നീതിപൂര്‍വകവുമാകണമെന്നാണ് പൊതുജന ആവശ്യം. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്ലാതെ നിയമം മാത്രം നടപ്പാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.