വരുമാനപരിധി നോക്കാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്ട്രോണിക് രജിസ്ട്രി നിലനിര്‍ത്തുന്നതിനായി വികസിപ്പിച്ച യു-വിന്‍ പോര്‍ട്ടലും അതേ ദിവസം തന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇവ രണ്ടും കൂടാതെ മറ്റ് ചില പദ്ധതികളും ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
COVID-19 വാക്സിന്‍ മാനേജ്മെന്റ് സിസ്റ്റമായ Co-WIN-ന്റെ തനിപ്പകര്‍പ്പായ U-Win പ്ലാറ്റ്ഫോം, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ജനനം മുതല്‍ 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്സിനേഷന്റെ സ്ഥിരമായ ഡിജിറ്റല്‍ റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനാണ് വികസിപ്പിച്ചിരിക്കുന്നത്.
70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതില്‍ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിപുലീകരിച്ച പദ്ധതി ലഭിച്ചുകഴിഞ്ഞാല്‍ AB PMJAY എംപാനല്‍ ചെയ്ത ഏതെങ്കിലും ആശുപത്രികളില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
2024 സെപ്റ്റംബര്‍ 1 വരെ, 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആകെ 29,648 ആശുപത്രികള്‍ PMJAY യുടെ കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഡല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ആധാര്‍ കാര്‍ഡ് പ്രകാരം 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും ഈ സ്‌കീമിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി PMJAY പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം.
ഇതിനകം ആയുഷ്മാന്‍ കാര്‍ഡ് ഉള്ളവര്‍ വീണ്ടും ഒരു പുതിയ കാര്‍ഡിനായി അപേക്ഷിക്കുകയും അവരുടെ eKYC വീണ്ടും പൂര്‍ത്തിയാക്കുകയും വേണം. ഇതിനകം AB PM-JAY യുടെ കീഴില്‍ വരുന്ന കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങള്‍ക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും.
70 വയസും അതില്‍ കൂടുതലുമുള്ള മറ്റെല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളായ കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) എന്നിവയില്‍ നിന്ന് ഇതിനകം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അവരുടെ നിലവിലുള്ള സ്‌കീം തിരഞ്ഞെടുക്കാം അല്ലെങ്കില്‍ പുതിയ പദ്ധതിയിലേക്ക് മറാം.