പാര്‍ട്ടിക്കുവേണ്ടി 45 വര്‍ഷത്തെ പ്രവര്‍ത്തനം, എസ്എഫ്‌ഐക്കാരി ആയിരിക്കെ ഗോവിന്ദന്‍ മാഷുമായി വിവാഹം, വെറും പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മാത്രമല്ല പികെ ശ്യാമള

കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ തളിപ്പറമ്പ് മണ്ഡലത്തെ ചുവപ്പിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.കെ ശ്യാമള ടീച്ചർ എത്തുമ്പോൾ, അത് കേവലം ഒരു സ്ഥാനാർത്ഥി പ്രഖ്യാപനമല്ല, മറിച്ച്

 

'സെക്രട്ടറിയുടെ ഭാര്യ' എന്ന ലേബിളിൽ ഒതുങ്ങില്ല; എസ്.എഫ്.ഐയിൽ തുടങ്ങിയ പോരാട്ടവീര്യം, ജനകീയ നായികയായി ശ്യാമള ടീച്ചർ കളത്തിലേക്ക്

കണ്ണൂർ: കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ തളിപ്പറമ്പ് മണ്ഡലത്തെ ചുവപ്പിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.കെ ശ്യാമള ടീച്ചർ എത്തുമ്പോൾ, അത് കേവലം ഒരു സ്ഥാനാർത്ഥി പ്രഖ്യാപനമല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള ആവേശോജ്ജ്വലമായ ഒരു പൊതുപ്രവർത്തന ജീവിതത്തിനുള്ള അംഗീകാരമാണ്. എം.വി ഗോവിന്ദൻ മാസ്റ്ററുടെ ജീവിതപങ്കാളി എന്ന ലേബലിൽ ടീച്ചറെ ഒതുക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രം കൃത്യമായ മറുപടിയാണ് നൽകുന്നത്. 

കേവലം ഒരു പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്നതിലുപരി, എൺപതുകളിൽ എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ശ്യാമള ടീച്ചർ, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് ഗോവിന്ദൻ മാസ്റ്ററെ വിവാഹം കഴിക്കുന്നത്. വിവാഹശേഷവും വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, പാർട്ടിയുടെ ഓരോ ചലനങ്ങളിലും സജീവമായി ഇടപെട്ടും ജനകീയ സമരങ്ങളിൽ മുൻനിരയിൽ നിന്നും ടീച്ചർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

മോറാഴ സെൻട്രൽ യുപി സ്കൂളിലെ അധ്യാപികയായിരുന്ന കാലത്തും ജനപക്ഷത്തുനിന്ന് ചിന്തിച്ച ശ്യാമള ടീച്ചർ, നിലവിൽ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ആന്തൂർ, തളിപ്പറമ്പ് നഗരസഭകളുടെ ചെയർപേഴ്സൺ എന്ന നിലയിൽ ടീച്ചർ കാഴ്ചവെച്ച മികച്ച ഭരണമികവ് ഇന്നും മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ ചർച്ചയാണ്.

 സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ ടീച്ചർക്കെതിരെ ഉയർന്നുവരുന്ന 'കുടുംബാധിപത്യ' ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വസ്തുകൾ പരിശോധിച്ചാൽ വ്യക്തമാകും. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം കൃത്യതയോടെയും കരുത്തോടെയും നിർവ്വഹിച്ച ടീച്ചർ, സംഘടനാ ചട്ടക്കൂടിൽ നിന്നുകൊണ്ട് പടിപടിയായി ഉയർന്നു വന്ന വനിതാ നേതാവാണ്. അവർ ഒരു മികച്ച സംഘാടക കൂടിയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

തളിപ്പറമ്പിന്റെ മണ്ണും മനസ്സും അറിയുന്ന, ജനങ്ങളോട് ചേർന്നുനിൽക്കുന്ന ഈ വിപ്ലവനായികയ്ക്ക് മണ്ഡലത്തിൽ വൻ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ക്യാമ്പുകൾ. വികസനത്തിന്റെ തുടർഭരണത്തിനായി തളിപ്പറമ്പ് ഒരിക്കൽ കൂടി ചുവപ്പണിയാൻ ഒരുങ്ങുകയാണ്.