പിണറായിയുടെയും എം വി ഗോവിന്ദൻ്റെയും ധാർഷ്ട്യം നിറഞ്ഞ ശൈലി കനത്ത തോൽവിക്കിടയാക്കി : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ധാർഷ്ട്യവുമാണെന്നാണ് പ്രധാന വിമർശനം.
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമർശനമുയരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്നത് ഏകാധിപത്യ ശൈലിയും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ധാർഷ്ട്യവുമാണെന്നാണ് പ്രധാന വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഹങ്കാരവും തോൽവി ക്കിടയാക്കിയെന്ന വിമർശനും മറയില്ലാതെ ഉയർന്നു.
ഇന്നലെ അഴീക്കോടൻ മന്ദിരത്തിൽ ചേർന്നസിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നേതൃത്വത്തിനെതിരെ അതി രൂക്ഷ വിമര്‍ശനമുയർന്നത്. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.
പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്ന് അനുഭവിച്ചതായി ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി പിണറായി തിരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പറഞ്ഞത്. പാർട്ടി പ്രവർത്തകൻ വിളിച്ചു ചോദിച്ചത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ടി കെ ഗോവിന്ദൻ പാർട്ടി വിടുമെന്ന് നേരത്തെ ചില നേതാക്കൾക്ക് അറിയാമായിരുന്നു. ഇവരെ സന്ദർശിച്ചു തൻ്റെ അതൃപ്‌തി വ്യക്തമാക്കിയിട്ടും തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല അയാൾ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.
തളിപ്പറമ്പിൽ എൻ സുകന്യയുടെ പേര് കൂടി സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്നു എന്നാൽ ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ ലിസ്‌റ്റിൽ പി കെ ശ്യാമളയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളു. ഇതു പാർട്ടി അണികൾക്കിടെയിലും ആശയ കുഴപ്പവും അതൃപ്തിയുണ്ടാക്കി. പയ്യന്നൂരിൽ ടി ഐ മധുസുദനൻ ജയിക്കുമെന്ന് പാർട്ടി അമിതമായി വിശ്വസിച്ചു. അൻപതിനായിരത്തിന് ജയിച്ച മണ്ഡലത്തിലാണ് ഏഴായിരത്തിലേറെ വോട്ടുകൾക്ക് തോറ്റത്. ബി ജെ പി യുടെ പതിനായിരം വോട്ടു മറിച്ചുവെന്ന് വാദിച്ചാലും തോൽവിയെ ന്യായീകരിക്കാനാവില്ല. ധർമ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായത് നെഞ്ചിടിപ്പ് കൂട്ടിയെന്ന് ഒരംഗം ചൂണ്ടികാട്ടി. മട്ടന്നൂരും കല്യാശേരിയും അഴിക്കോടും വോട്ടുകൾ ഗണ്യമായി കുറഞ്ഞത് പരിശോധിക്കണം കണ്ണൂർ മണ്ഡലം നഷ്‌ടമായി.
കൂത്തുപറമ്പ് നേരിയ വ്യത്യാസത്തിനാണ് ആർ.ജെ ഡി സ്ഥാനാർത്ഥി ജയിച്ചു കയറിയത് . തങ്ങളെ വിശ്വാസത്തിലെടുക്കാതെ മുൻപോട്ടു പോയ നേതൃത്വത്തെ അണികൾതിരുത്തിയെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളിലൊരാൾ വി കുഞ്ഞികൃഷ്ണൻ്റെ പുസ്‌തകത്തിലെ തലവാചകം കടമെടുത്തു കൊണ്ട് പറഞ്ഞു. എംവി ഗോവിന്ദൻ, ഇപി ജയരാജൻ, പി കെ ശ്രീമതി , എം വി ജയരാജൻ, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പരാജയ കാരണങ്ങൾ വിലയിരുത്താനായി ഇന്നും നാളെയും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേരും.