ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിക്ക് മകളെ പോലെ, കരുതലും സ്‌നേഹവും, എപ്പോള്‍ വന്നാലും കാണാന്‍ അനുമതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ക്കെതിരെ നവ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികളുടെ തെറിവിളിയാണ്. കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയായതിനാല്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം.
എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടെങ്കിലും കൂടുതല്‍ നടപടിയുണ്ടായില്ല. പിന്നീട് സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു ദിവ്യയുടെ പ്രവര്‍ത്തനങ്ങളെല്ലാം. ഇതോടെ ഏറെ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖം എംഡിയായി അവരെ നിയമിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദിവ്യയെ ഈ സ്ഥാനത്ത് നിയമിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍. ഒരു മകളോടെന്നപോലെ സ്‌നഹവും കരുതലും പിണറായി വിജയന് അവരോടുണ്ടെന്നത് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തുബന്ധമുള്ളവര്‍ പറയുന്നു. ഏറ്റവും വിശ്വസ്തയായതുകൊണ്ടുതന്നെയാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ ഉത്തരവാദിത്തം യുവ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രി ഏല്‍പ്പിച്ചതും.
മുന്‍കൂട്ടി അനുവാദം വാങ്ങാതെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാനാകില്ല. എന്നാല്‍, എപ്പോള്‍ ഓഫീസിലെത്തിയാലും മുഖ്യമന്ത്രിയെ കാണാന്‍ ദിവ്യയ്ക്ക് അനുമതി ലഭിക്കും. വികസന കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള ഇച്ഛാശക്തിയും ഭരണനൈപുണ്യവും പലപ്പോഴും ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസ് അനുഭാവികളെ ചൊടിപ്പിക്കുകയും പതിവാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന്‍ തന്നെ ഇപ്പോള്‍ ദിവ്യയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയം തുറന്നുകാട്ടുന്നതായി. പല യുവ നേതാക്കളും ശബരീനാഥിനെ അകറ്റിനിര്‍ത്തുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുന്‍ എംഎല്‍എയ്‌ക്കെതിരെ സരിന്‍ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും അസാധ്യമായി തോന്നിപ്പിക്കുന്ന അനേകം പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാതൃകയാണെന്നുമുള്ള ദിവ്യ പരാമര്‍ശമാണ് സരിനെ ചൊടിപ്പിച്ചത്. സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അണികള്‍ ദിവ്യയെ തെറിവിളിക്കാനും ആരംഭിച്ചു. പ്രമുഖ നേതാക്കള്‍ തന്നെ ദിവ്യയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തുമ്പോള്‍ കോണ്‍ഗ്രസികത്ത് മറ്റൊരു പോര്‍മുഖംകൂടി തുറക്കുകയാണ്.