'എന്റെ പെങ്ങളുടെ ജീവൻ പോയി, ഇങ്ങനെ പോകുന്ന എല്ലാവര്ക്കും ഇതൊരു പാഠമാകണം..'; അന്നൂരിലെ അനിലയുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ

അനിലയുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ അനീഷ് . സുദർശൻ ഒറ്റയ്ക്കായിരിക്കില്ല കൊലപാതകം ചെയ്തത്. ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും കുടുംബത്തെ മറന്ന് ഇങ്ങനെ പോകുന്ന എല്ലാവര്ക്കും ഇത് ഒരു പാഠമായിരിക്കണം എന്നും അനിലയുടെ സഹോദരൻ പറഞ്ഞു.
 

പയ്യന്നൂർ: അനിലയുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ അനീഷ് . സുദർശൻ ഒറ്റയ്ക്കായിരിക്കില്ല കൊലപാതകം ചെയ്തത്. ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും കുടുംബത്തെ മറന്ന് ഇങ്ങനെ പോകുന്ന എല്ലാവര്ക്കും ഇത് ഒരു പാഠമായിരിക്കണം എന്നും അനിലയുടെ സഹോദരൻ പറഞ്ഞു. അതേസമയം അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും പ്രകോപന കാരണം അവ്യക്തമായി തുടരുകയാണ്.

മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെ ഞായറാഴ്ചയാണ് പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. 

അന്നൂരിലെ ബെറ്റി ജോസഫിന്റെ വീട്ടിലാണ് അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെറ്റി ജോസഫ് കുടുംബസമേതം വിനോദയാത്ര പോയിരിക്കുകയാണ്. വിനോദയാത്ര പോകുമ്പോള്‍ വീട് നോക്കാനും വളര്‍ത്തുനായകള്‍ക്ക് ഭക്ഷണം നല്‍കാനും സുഹൃത്തായ ഷിജുവിനെയാണ് ഏല്‍പ്പിച്ചിരുന്നത്. അനിലയുടെ മുഖം അടിയേറ്റ് വികൃതമായിട്ടുണ്ട്. എന്നാൽ അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഈ വീട്ടിനകത്ത് കണ്ടെത്താനായിട്ടില്ല. അനിലയുടെ ഫോൺ വെള്ളോറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നതിലും ദുരൂഹത തുടരുകയാണ്.

അതേസമയം സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാര്‍ അറിയുകയും പല പ്രശ്‌നങ്ങളും കുടുംബങ്ങള്‍ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നുമാണ് പോലീസ് പറയുന്നത്.