പാർട്ടി കോട്ടകളായ പയ്യന്നൂരും തളിപറമ്പും ഇളക്കിമറിക്കാൻ വർഗ വഞ്ചകരെന്ന് ചാപ്പ കുത്തിയ നേതാക്കൾ, സി.പി.എം നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി

കണ്ണൂരിലെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടു പയ്യന്നൂരും തളിപ്പറമ്പും മുൻ ജില്ലാ നേതാക്കൾ മത്സരിക്കാനിങ്ങുന്നത് ചുവപ്പൻ കോട്ടകളെന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളുടെ അടിവേരിളക്കുമോയെന്ന ചോദ്യമുയരുന്നു.

 

തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് കൺവീനറായിരുന്ന ടി.കെ തന്നെയായിരുന്നു സി.കെ പി പത്മനാഭൻ, ജയിംസ് മാത്യു, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത്

കണ്ണൂർ : കണ്ണൂരിലെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടു പയ്യന്നൂരും തളിപ്പറമ്പും മുൻ ജില്ലാ നേതാക്കൾ മത്സരിക്കാനിങ്ങുന്നത് ചുവപ്പൻ കോട്ടകളെന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളുടെ അടിവേരിളക്കുമോയെന്ന ചോദ്യമുയരുന്നു. മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനും ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനും യു.ഡി.എഫ് പിൻതുണയോടെ മത്സരത്തിനിങ്ങുമ്പോൾ പാർട്ടി അണികളിലും ആശങ്ക പടരുകയാണ്. ടി.കെ ഗോവിന്ദൻ മാഷെന്ന അതികായനായ ഒരു  നേതാവ് കൂടി അഴിക്കോടൻ മന്ദിരത്തിൻ്റെ പടിയിറങ്ങിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്ല തുടക്കമിട്ട സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

അണികളും നേതാക്കളും ടി.കെ യെന്ന് വിളിക്കുന്ന ടി.കെ ഗോവിന്ദൻ മാസ്റ്റർ വെറുമൊരു നേതാവുമാത്രമല്ല, അസാമാന്യ സംഘാടകനും മികച്ച സഹകാരിയും പാർട്ടിയുടെ അടിത്തട്ടിൽ നിന്നും പ്രവർത്തിച്ചു വളർന്ന കറകളഞ്ഞ കമ്യൂണിസ്റ്റ് കൂടിയാണ്. കർഷക സമരങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെയും ചുവന്ന കാവുമ്പായിയും പാടിക്കുന്നും അടങ്ങിയ മയ്യിൽ, ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ടി.കെ ഈ മേഖലയിൽ പാർട്ടിയെ കരുത്തുറ്റതാക്കുന്നതിൽ ഏറെ വിയർപ്പൊഴുക്കിയിരുന്നു. അന്ന് ഇന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി.

തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് കൺവീനറായിരുന്ന ടി.കെ തന്നെയായിരുന്നു സി.കെ പി പത്മനാഭൻ, ജയിംസ് മാത്യു, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മണ്ഡലത്തിലെ ഓരോ ബുത്തും പാർട്ടിയുടെ ഓരോ പ്രവർത്തകനെയും പേരെടുത്തു വിളിക്കാവുന്ന വിധത്തിലുള്ള വ്യക്തിബന്ധവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മർമ്മമറിയുന്ന ടി.കെ അപ്രതീക്ഷിത എതിരാളിയായി വരുമ്പോൾ സി.പി.എം അതിൻ്റെ സംഘടനാ മെഷിനറിയുടെ മുനകൾ കൊണ്ടു തച്ചുടക്കാൻ ശ്രമിക്കുമെങ്കിലും അതത്ര എളുപമാകണമെന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,000 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമേ എൽ.ഡി.എഫിനുള്ളു. ഇതിൽ ആന്തൂർ നഗരസഭയും മലപ്പട്ടം, മയ്യിൽ പഞ്ചായത്തുകളുമാണ് നിർണായക ലീഡ് സമ്മാനിക്കാറുള്ളത്. എന്നാൽ തളിപറമ്പ് നഗരസഭയും കൊളച്ചേരി പഞ്ചായത്തും യുഡിഎഫ് ഭരിക്കുന്നവയാണ്. പാർട്ടി കേന്ദ്രങ്ങളിൽ നിന്നും വോട്ടു ചോരുകയും യു.ഡി എഫ് വോട്ടുകൾ നിർലോഭം ലഭിക്കുകയും ചെയ്താൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി.കെ ഗോവിന്ദന് തിരുവനന്തപുരത്തേക്ക് വണ്ടി പിടിക്കാം. ഡൽഹിയിൽ കോൺഗ്രസ്  സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ടി.കെയുടെ ദൂതൻ ഈ കാര്യത്തിൽ അതീവ രഹസ്യമായി ചർച്ച നടത്തി തളിപറമ്പ് മണ്ഡലത്തിലെ പിൻതുണയിൽ ഉറപ്പു വാങ്ങിയിട്ടുണ്ട്.

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോൾ ഇതു സംബന്ധിച്ചു അന്തിമ കൂടിക്കാഴ്ച്ചയും നടത്തി. ഇതിനു ശേഷമാണ് പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പാർട്ടി വിടാൻ തീരുമാനിച്ചത്. പാർട്ടിക്കുള്ളിലെ പ്രാദേശികവാദവും ടി.കെയുടെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തിന് കാരണമായിട്ടുണ്ട്. ആന്തൂർ , മയ്യിൽ മലപ്പട്ടം ഭാഗങ്ങൾ ചേർന്നാണ് തളിപറമ്പ് മണ്ഡലം എന്നാൽ സ്ഥിരമായി സ്ഥാനാർത്ഥികളുണ്ടാവാറുള്ളത് ആന്തൂരിൽ നിന്നു മാത്രമാണ്. രണ്ടുതവണ ആന്തൂരിനെ പ്രതിനിധീകരിച്ച് മോറാഴ ക്കാരനായ എം.വി ഗോവിന്ദൻ സ്ഥാനാർത്ഥിയായി.

എന്നാൽ ഇത്തവണ മലപ്പട്ടത്തുകാരനായ ടി.കെ ഗോവിന്ദന് അവസരം നൽകണമെന്ന ആവശ്യം പ്രദേശിക നേതൃത്വം ഉയർത്തിയിരുന്നു. 70 വയസു പിന്നിട്ട ടി.കെ ഗോവിന്ദൻ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രാദേശിക നേതൃത്വത്തിൻ്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല ഇതിനുപകരം വീണ്ടും മോറാഴ ക്കാരിയായ പി.കെ ശ്യാമള പിൻഗാമിയായി പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.

പാർട്ടി നേതാക്കളായ പിണറായി വിജയൻ, ഇപി ജയരാജൻ, പി. ജയരാജൻ, എം.വി ജയരാജൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം 60 വർഷത്തെ രാഷ്ട്രീയ ജീവിതമുള്ള ടി.കെ പുലർത്തിയിരുന്നു. ആന്തൂർ പാർത്ഥസ് കൺവെൻഷൻ സെൻ്റർ വിഷയത്തിൽ നിലപാട് ശരിയല്ലെന്ന് പി.കെ ശ്യാമളയ്കെതിരെ വിമർശനമുന്നയിച്ച നേതാവായിരുന്നു ടി.കെ ഗോവിന്ദൻ.

ഇതോടെ എം.വി ഗോവിന്ദൻ്റെ കണ്ണിലെ കരടായി മാറി. തളിപറമ്പ് നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളിധരനും സംഘവും പാർട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നത് ഇതേ വിഷയത്തിൽ പി.കെ. ശ്യാമളയെ വിമർശിച്ചതിനാണ്. മികച്ച സഹകാരി കൂടിയായ ടി.കെ ഗോവിന്ദൻ, കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്, പരിയാരം സഹകരണാശുപത്രി ചെയർമാൻ, ക്ളേ ആൻഡ് സെറാമിക്സ് ചെയർമാൻ, ഹാൻ വീവ് ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

എം. വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതു മുതലാണ് ടി.കെ ഗോവിന്ദൻപാർട്ടി നേതൃത്വവുമായി ഇടയാൻ തുടങ്ങിയത്. പി.ജയരാജൻ, എം വിജയരാജൻ എന്നിവർ ജില്ലാ സെക്രട്ടറിയായിരുന്ന കാലങ്ങളിൽ മുതിർന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ നിർണായകസ്ഥാനം കണ്ണൂർ പാർട്ടിയിൽ ടി.കെ ഗോവിന്ദനുണ്ടായിരുന്നു.

എം.വിജയരാജനു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിച്ചതും ടി.കെ ഗോവിന്ദനായിരുന്നു. ഇതിനിടെയാണ് അപ്രതിക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കെ.കെ രാഗേഷിൻ്റെ എൻട്രി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നോമിനിയായാണ് രാഗേഷ് വരുന്നത്. ഇതോടൊപ്പം ടി.കെ ഗോവിന്ദൻ ഉൾപ്പെടെ മുതിർത്ത നേതാക്കൾ പാർശ്വവൽക്കരിപ്പെട്ടു.

തളാപ്പിൽ അഴിക്കോടൻ മന്ദിരം കോർപറേറ്റോ സ്ഥാപനങ്ങളെ വെല്ലും വിധം പുതുതായി നിർമ്മിച്ചുവെങ്കിലും ജില്ലാ സെൻ്റർ ദുർബലമായി വല്ലപ്പോഴും സെക്രട്ടറിയേറ്റ് 'ജില്ലാ കമ്മിറ്റിയോഗങ്ങളിൽ പങ്കെടുക്കാനെത്തുന്ന അതിഥികളായി പാർട്ടിക്കായി ജീവിതത്തിൻ്റെ നല്ല കാലം ത്യജിച്ച നേതാക്കൾ മാറി.

നഷ്ടത്തിലോടുന്ന സഹകരണ സ്ഥാപനങ്ങളും ആളില്ലാത്ത കോർപറേഷനുകളും പാർട്ടി തീരുമാനമെന്ന നിലയിൽ പലരുടെയും തലയിൽ വെച്ചു കൊടുക്കുകയും ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ പരിഗണിക്കുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ടി.കെ ഗോവിന്ദൻ ഉൾപ്പെടെ ഒരു ഡസനോളം നേതാക്കൾ പാർട്ടി പ്രവർത്തനങ്ങളിൽ ഇപ്പോൾ പഴയതുപോലെ സജീവമല്ല.

പയ്യന്നൂരിൽ പാർട്ടി ചരിത്രത്തിലില്ലാത്ത വിധം രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെ നേരിട്ടപ്പോൾ പ്രതിരോധിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ഒന്നോ രണ്ടോ യുവ നേതാക്കൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

മറ്റുള്ളവരെല്ലാം കാഴ്ച്ചക്കാരായി മാറുകയായിരുന്നു. ഇതു തന്നെയാണ് തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും നടന്നത്. നിരാശരായ ഒരു പറ്റം നേതാക്കളുടെ കൂടാരമായി മാറിയിരിക്കുകയാണ് കണ്ണൂരിലെ പാർട്ടി' സീറ്റിനായി കേഴുന്നവരും സീറ്റ് നിഷേധിക്കപ്പെട്ടവരും അർഹതയും സീനിയോറിറ്റിയുണ്ടായിട്ടും തഴയപ്പെട്ടവരും അതിലുണ്ട്. സംസ്ഥാന സെക്രട്ടറിയെന്ന പദവിയുള്ളതിനാൽ എം.വി ഗോവിന്ദൻ ഇക്കുറി മത്സരിക്കുന്നില്ലെങ്കിലും തനിക്ക് പകരം ഭാര്യ മത്സരിക്കട്ടെയെന്ന തീരുമാനം അടിച്ചേൽപ്പിച്ചതാണ് ഇപ്പോഴുള്ള പൊട്ടിത്തെറിക്ക് കാരണമായത്.