തോമസ് ഐസക് മികച്ച സ്ഥാനാര്‍ത്ഥി, പക്ഷെ, പാര്‍ലമെന്റിലെത്താതിരിക്കാന്‍ ബിജെപി പാരവെക്കുമോ?

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പ്രഖ്യാപിച്ചപ്പോള്‍ ഏവരും ഒരേസ്വരത്തില്‍ പറഞ്ഞൊരു കാര്യമാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്ന തോമസ് ഐസക് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നത്.
 

പത്തനംതിട്ട: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പ്രഖ്യാപിച്ചപ്പോള്‍ ഏവരും ഒരേസ്വരത്തില്‍ പറഞ്ഞൊരു കാര്യമാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്ന തോമസ് ഐസക് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നത്. രണ്ടുതവണ ധനമന്ത്രിയായിരുന്ന തോമസ് ഐസക് മികച്ച പാര്‍ലമെന്റേറിയനായിരിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയും രംഗത്തുണ്ട്. ക്രിസ്ത്യന്‍, ഹിന്ദു പ്രാതിനിധ്യമുള്ള മണ്ഡലത്തില്‍ രണ്ട് സമുദായങ്ങളും ജയപരാജയങ്ങളില്‍ സ്വാധീനം ചെലുത്താറുണ്ട്. പലതവണ ഇവിടെനിന്നും എംപിയായ ആന്റോ ആന്റണിക്ക് ഇത്തവണ പ്രതീക്ഷിച്ച ജനപിന്തുണ കിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്റണിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകള്‍ കിട്ടാനിടയില്ല.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമല്ലെങ്കിലും മണ്ഡലത്തിലെ മികവുറ്റ സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ഇക്കുറി ലോക്‌സഭയിലെത്താന്‍ ബിജെപി അനുവദിക്കുമോയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. വീണ്ടും ബിജെപി നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ വരികയും തോമസ് ഐസക് സഭയിലുണ്ടാവുകയും ചെയ്താല്‍ കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ചിറ്റമ്മനയം കടുത്ത രീതിയില്‍ ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ചും ധനകാര്യ വിഷയത്തില്‍ കേമനായ തോമസ് ഐസക്കിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര ധനകാര്യമന്ത്രി പതറുമോ എന്ന ഭയം ബിജെപിക്കുണ്ട്.

കേരളത്തിന് ലഭിക്കേണ്ട ധനസഹായമെല്ലാം പല കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവെക്കുമ്പോഴും കോണ്‍ഗ്രസ് എംപിമാര്‍ മൗനം പാലിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ലോക്‌സഭയില്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവരാറില്ല. എന്നാല്‍, തോമസ് ഐസക് ജയിക്കുകയാണെങ്കില്‍ പല ചോദ്യങ്ങള്‍ക്കും കേന്ദ്രം ഉത്തരം നല്‍കേണ്ടതായി വരും. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ ആന്റോ ആന്റണിക്ക് മറിഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ തോമസ് ഐസക് പാര്‍ലമെന്റിലെത്താനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.