തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞയിൽ 'പാസ്' വിവാദം; പൊതുചടങ്ങ് സ്വകാര്യ വിരുന്നാക്കിയെന്ന് ആക്ഷേപം, പുത്തരിയിൽ കല്ലുകടി..!

തളിപ്പറമ്പ് നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദച്ചുഴിയിൽ. ചടങ്ങിനായി ഒരുക്കിയ അമിത സന്നാഹങ്ങളും

 

കോഴിക്കോട് നിന്ന് എത്തിച്ച പ്രത്യേക തരം ടെന്റ് ഉപയോഗിച്ചാണ് താൽക്കാലിക ഹാൾ നിർമ്മിച്ചിരിക്കുന്നത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദച്ചുഴിയിൽ. ചടങ്ങിനായി ഒരുക്കിയ അമിത സന്നാഹങ്ങളും നിയന്ത്രണങ്ങളുമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ജനപ്രതിനിധികൾ അധികാരമേൽക്കുന്ന പൊതുചടങ്ങിനെ സ്വകാര്യ പരിപാടിയുടെ മാതൃകയിൽ 'പാസ്' ഏർപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കമാണ് വിവാദമായത്.

പ്രത്യേകം സജ്ജമാക്കിയ ഹാളിൽ വൻ സന്നാഹത്തോടെയാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്. ഹാളിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടി വിതരണം ചെയ്ത പാസ് നിർബന്ധമാക്കിയതാണ് പ്രധാന തർക്കവിഷയം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ ക്ഷണിച്ചെത്തുന്നവരെ പോലും അകത്ത് പ്രവേശിപ്പിക്കാതെ, പുറത്ത് എൽ.ഇ.ഡി വാളിലൂടെ ചടങ്ങ് കാണാനാണ് ഉദ്യോഗസ്ഥർ സൗകര്യമൊരുക്കിയത്. ഇതോടെ, സാധാരണ ജനകീയ ഉത്സവമായി നടക്കാറുള്ള സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപം ശക്തമായി.

സംഭവം വിവാദമാവുകയും മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിശദീകരണം തേടുകയും ചെയ്തതോടെ ഉദ്യോഗസ്ഥർ ന്യായീകരണവുമായി രംഗത്തെത്തി. ആരെയും തടയില്ലെന്നും പാസ് വിശിഷ്ട അതിഥികൾക്കും കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും നിശ്ചയിച്ച സീറ്റുകൾ തിരിച്ചറിയാൻ മാത്രമാണെന്നുമാണ് പുതിയ വിശദീകരണം. എന്നാൽ ചടങ്ങിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് വിവാദങ്ങളിൽ നിന്ന് തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം.

കോഴിക്കോട് നിന്ന് എത്തിച്ച പ്രത്യേക തരം ടെന്റ് ഉപയോഗിച്ചാണ് താൽക്കാലിക ഹാൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനായി വലിയ തുക ചെലവഴിക്കുന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു. പുതിയ ഭരണസമിതി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ ഈ 'പാസ് വിവാദം' സുഗമമായ തുടക്കത്തിന് കല്ലുകടിയായിരിക്കുകയാണ്.