ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടുമെന്ന കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവിന്റെ പ്രവചനം ഫലിച്ചു, അഴിമതി പുറത്തുകൊണ്ടുവന്നത് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്ന വ്യക്തിയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.
 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്ന വ്യക്തിയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിജയം പ്രവചിച്ചപ്പോഴും ജനം ബിജെപിയെ വെറുതെവിടില്ലെന്ന് അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ടിലൂടെ സഹസ്രകോടികള്‍ നേടിയ ബിജെപി കോര്‍പ്പേറ്റുകള്‍ക്ക് നിയമവിരുദ്ധമായ നീക്കങ്ങള്‍ക്ക് സഹായം നല്‍കിയെന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ പുറത്തുവന്നിരുന്നു. സിപിഎം വര്‍ഷങ്ങളോളം നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നേടിയെടുത്ത സംഭാവനകളുടെ കണക്ക് പുറത്തുവരികയും ചെയ്തു.

തെരഞ്ഞെടുപ്പ് ബോണ്ട് വമ്പന്‍ അഴിമതിയാണെന്നാണ് പരകാല പ്രഭാകര്‍ വിലയിരുത്തിയത്. ലോകത്തിലെ തന്നെ വമ്പന്‍ അഴിമതിയാണിത്. ജനങ്ങള്‍ ഇതിന് ബിജെപിക്ക് തിരിച്ചടി നല്‍കും. പ്രശ്‌നത്തിന്റെ അനന്തരഫലമായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രഭാകര്‍ പ്രവചിച്ചിക്കുകയുണ്ടായി. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചില്ല.

സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 6,986.5 കോടി രൂപ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നേടി. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 1,397 കോടിയും കോണ്‍ഗ്രസ് 1,334 കോടിയും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) 1,322 കോടിയും ഇതുവഴി നേടി.