മനുതോമസിന്റെ ആരോപണങ്ങളില്‍ കുടുങ്ങി കണ്ണൂരിലെ ചെന്താരകത്തിന് മുഖം നഷ്ടപ്പെടുന്നു,  പി.ജെയെ പ്രതിരോധിക്കാതെ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു പാര്‍ട്ടി നേതൃത്വം 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയകാരണങ്ങള്‍ വിലയിരുത്തകയും തെറ്റുതിരുത്തലുകള്‍ കീഴ്ഘടകങ്ങളില്‍ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെ പാര്‍ട്ടിയില്‍ നിന്നും ഒഴിവായ മുന്‍ ഡി.വൈ. എഫ്. ഐ ഉയര്‍ത്തുന്ന ആരോപണ പെരുമഴയില്‍ സി.പി. എം നേതൃത്വം നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണങ്ങള്‍ സിപിഎം
 

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയകാരണങ്ങള്‍ വിലയിരുത്തകയും തെറ്റുതിരുത്തലുകള്‍ കീഴ്ഘടകങ്ങളില്‍ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെ പാര്‍ട്ടിയില്‍ നിന്നും ഒഴിവായ മുന്‍ ഡി.വൈ. എഫ്. ഐ ഉയര്‍ത്തുന്ന ആരോപണ പെരുമഴയില്‍ സി.പി. എം നേതൃത്വം നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണങ്ങള്‍ സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റികളിലും ചര്‍ച്ച ചെയ്തപ്പോള്‍ സൈബര്‍ഗുണ്ടാ, ക്വട്ടേഷന്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നില്ല.  മുഖ്യമന്ത്രിയുടെ ശൈലി, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍, ഇ.പി.ജയരാജന്റെ  ബിജെപി ബന്ധവും സാമ്പത്തിക  ഇടപാടും, എം.വി.ഗോവിന്ദന്റെ പരിഹാസ്യമായ താത്വികനിലപാടുകള്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രധാനമായും ചര്‍ച്ചയായിരുന്നത്.

ഇവ താഴെത്തട്ടിലേക്ക് സിപിഎം വിശദീകരിക്കാനിരിക്കെയാണ് പി.ജയരാജനെതിരേയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. തോല്‍വി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സമിതിയിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇ.പി.ജയരാജനെതിരേയും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പി.ജയരാജനെതിരേയാണ് നിലവില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നവെന്നതും ശ്രദ്ധേയമാണ്. 

അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ  മക്കളില്‍ തുടങ്ങിയ ആരോപണങ്ങള്‍ അവസാനം പി.ജയരാജന്റെ മകനില്‍ എത്തി നില്‍ക്കുന്നു. ഇതോടെ  നേതാക്കളില്‍ മക്കളില്‍ കുടുങ്ങി കിടക്കുകയാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം. വ്യക്തിപൂജയുടെ പേരിലാണ്മുഖ്യമന്ത്രി പിണറായിവിജയനുമായി പി.ജയരാജന്‍ അകലുന്നത്. പി.ജയരാജനെ കുറിച്ചുളള വ്യക്തിപൂജാ ആരോപണങ്ങള്‍ പാര്‍ട്ടി സംഘടനാ രീതിക്ക് നിരക്കാത്തതാണെന്നു  അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിലയിരുത്തിയിരുന്നു. 

ഇതോടെയാണ് ഇലയ്ക്കും മുളളിനും കേടില്ലാത്തതെ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാവേറായി മത്‌സരിപ്പിച്ചു പി.ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും  നേതൃത്വം തന്ത്രപരമായി മാറ്റുന്നത്. എന്നാല്‍ കോടിയേരിക്കു ശേഷം സംസ്ഥാനസെക്രട്ടറിയായ എം.വി ഗോവിന്ദന്‍പി.ജയരാജനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ സംസ്ഥാനകമ്മിറ്റിയില്‍ ഉന്നയിച്ച വൈദകം റിസോര്‍ട്ടിലുളള കുടുംബത്തിന്റെ പങ്കാളിത്തത്തെ കുറിച്ചുളള ആരോപണം ഈരഹസ്യധാരണയുടെ ഫലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ അതിനെക്കാള്‍ ഗൗരവകരമായ ആരോപണങ്ങളാണ് പാര്‍ട്ടി വിട്ടുപോയ യുവനേതാവ് ഇപ്പോള്‍ പി.ജയരാജനും മകനുമെതിരെ ഉയര്‍ത്തുന്നത്. പ്രതിരോധിക്കാന്‍ ആരുമില്ലാത്തെ കെട്ടിപ്പൊക്കിയ നിസ്വാര്‍ത്ഥനും കളങ്കരഹിതനുമായ ധീരനായ നേതാവെന്ന മുഖം രക്ഷിക്കാനാവാതെ നില്‍ക്കുകയാണിപ്പോള്‍ അണികളുടെ പ്രീയങ്കരനായ പി.ജെ.