ഇന്ത്യയില്‍ ലക്ഷത്തിലധികം സ്‌കൂളുകളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് ഇല്ല, സ്വാതന്ത്ര്യം കിട്ടി 80 വര്‍ഷം ആകുമ്പോഴും രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെ

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 80ാം വര്‍ഷം ആഘോഷിക്കാനുള്ള ഒരുക്കം നടത്തുകയാണ്. പല മേഖലയിലും രാജ്യം വികസിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന മേഖലകളില്‍ പലതും ശോചനീയാവസ്ഥയിലാണ്.

 

ഇന്ത്യയില്‍ സ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടുകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമായ ടോയ്ലറ്റ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്.

ന്യൂഡല്‍ഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കം നടത്തുകയാണ്. പല മേഖലയിലും രാജ്യം വികസിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന മേഖലകളില്‍ പലതും ശോചനീയാവസ്ഥയിലാണ്. അത്തരത്തിലൊന്നാണ് രാജ്യത്തെ വിദ്യാഭ്യാസം. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ നാമിന്നും ഏറെ പിന്നലാണ്.

ഇന്ത്യയില്‍ സ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടുകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമായ ടോയ്ലറ്റ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. യുഡിഐഎസ്ഇ+ ഡാറ്റ പ്രകാരം, 2025-26 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയിലെ 14.67 ലക്ഷം സ്‌കൂളുകളിലെ (പെണ്‍കുട്ടികളുടെ സ്‌കൂളുകളും സഹവിദ്യാഭ്യാസ സ്‌കൂളുകളും ഉള്‍പ്പെടെ) ഏകദേശം 1.05 ലക്ഷം സ്‌കൂളുകളില്‍  പെണ്‍കുട്ടികളുടെ ടോയ്ലറ്റ് സൗകര്യം ശരിയായ രീതിയില്‍ ഇല്ല.

ഇതില്‍ 32,965 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ടോയ്ലറ്റ് തന്നെ ഇല്ല. മറ്റൊരു 71,959 സ്‌കൂളുകളില്‍ ടോയ്ലറ്റ് ഉണ്ടെങ്കിലും അവ പ്രവര്‍ത്തനരഹിതമാണ്. 2018-19ല്‍ 15.36 ലക്ഷം സ്‌കൂളുകളില്‍ ഏകദേശം 1.95 ലക്ഷം സ്‌കൂളുകളിലായിരുന്നു ടോയ്ലറ്റ് സൗകര്യക്കുറവ്.

ഇന്ത്യയിലെ സ്‌കൂള്‍ പ്രവേശനത്തില്‍ പെണ്‍കുട്ടികള്‍ ഏകദേശം 48 ശതമാനമാണ്. എന്നിട്ടും ഒരു ലക്ഷത്തിലധികം സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് പഠിക്കുന്നത്.

വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, ടോയ്ലറ്റ് സൗകര്യക്കുറവ് പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഹാജര്‍ നിരക്കിനെ ബാധിക്കുന്നുവെന്നാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ടോയ്ലറ്റുകളുടെ പരിപാലനം പ്രധാനമായും പ്രാദേശിക അധികാരികളുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തമാണ്.

''വികസിത് ഭാരത്'', ''ബേഠി ബച്ചാവോ, ബേഠി പഠാവോ'', ക്ലാസ്‌റൂമുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി മുദ്രാവാക്യങ്ങള്‍ക്ക് ക്ഷാമമില്ലെങ്കിലും അടിസ്ഥാന സൗകര്യ വികസനം എങ്ങുമെത്തിയിട്ടില്ല.

ടോയ്‌ലറ്റ് എന്ന പേരില്‍ കെട്ടിടമുണ്ടെങ്കിലും അതിനകത്ത് കടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ വൃത്തിഹീനമാണ് പല സ്‌കൂളുകളിലേയും അവസ്ഥ. കൃത്യമായി പരിപാലിക്കാനോ പ്രാഥമിക കാര്യങ്ങള്‍ക്ക് സൗകര്യമൊരുക്കാനോ സര്‍ക്കാരിന് സാധിക്കുന്നില്ല.

കേരളം, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചമാണ്. എന്നാല്‍, വടക്കുകിഴക്കന്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്. മഹാരാഷ്ട്രയില്‍ മാത്രം 9,900-ത്തിലധികം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ടോയ്ലറ്റ് ഇല്ല.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ടോയ്ലറ്റ് നിര്‍മ്മാണത്തിന് സമഗ്ര ശിക്ഷ പദ്ധതി വഴി ഫണ്ട് നല്‍കുന്നു. നിര്‍മ്മാണം നടക്കുന്നു. പക്ഷേ പരിപാലനം, വൃത്തിയാക്കല്‍, വെള്ളം, സോപ്പ് ഇവയൊന്നും ശരിയായി നടക്കുന്നില്ല. പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഹാജര്‍, ആരോഗ്യം, ആത്മാഭിമാനം എല്ലാം ബാധിക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും സമാനമായ ബുദ്ധിമുട്ടുകളുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 80 വര്‍ഷമായി. രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി. ബഹിരാകാശത്ത് മിഷനുകള്‍ അയയ്ക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ മുന്നേറുന്നു. എന്നിട്ടും സ്‌കൂളിലെ ഒരു കുട്ടിക്ക് ടോയ്ലറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു.

''ബേഠി ബച്ചാവോ, ബേഠി പഠാവോ'' എന്ന് പറയുമ്പോള്‍, ആ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ ടോയ്ലറ്റ് ഇല്ലാതെ എന്ത് പഠനമാണ്. വികസിത് ഭാരത് പറയുമ്പോള്‍, അടിസ്ഥാന സൗകര്യം ഇല്ലാത്ത ഒരു ലക്ഷത്തിലധികം സ്‌കൂളുകള്‍ എന്ത് വികസനമാണ്?

വികസിക്കുന്നുണ്ടെന്ന് പറയുന്നു. പക്ഷേ മനുഷ്യന്റെ അന്തസ്സും അഭിമാനവും ഉയര്‍ന്നിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ 80-ാം വര്‍ഷത്തില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം ഇനിയും അടിസ്ഥാന സൗകര്യങ്ങളുടെ ചോദ്യങ്ങളുടെ മുന്നില്‍ മുട്ടുകുത്തുകയാണ്.