നടി ആക്രമണക്കേസിനുശേഷം ക്ലച്ചുപിടിക്കാതെ ദിലീപ്, സൂപ്പര്‍ ഹീറോയായി തിരിച്ചുവരാനുള്ള നീക്കം പാളിയോ?

ദിലീപ് നായകനായ ഏറ്റവും പുതിയ സിനിമ ബാന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത് മോശം അഭിപ്രായം. തമന്ന നായികയായെത്തിയ സിനിമ തീര്‍ത്തും നിരാശപ്പെടുത്തന്നതാണെന്ന് ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ആരാധകരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
 

കൊച്ചി: ദിലീപ് നായകനായ ഏറ്റവും പുതിയ സിനിമ ബാന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത് മോശം അഭിപ്രായം. തമന്ന നായികയായെത്തിയ സിനിമ തീര്‍ത്തും നിരാശപ്പെടുത്തന്നതാണെന്ന് ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ആരാധകരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഉദയ് കൃഷ്ണയുടെ തിരക്കഥയും അരുണ്‍ ഗോപിയുടെ സംവിധാനവും ദിലീപിന്റെ നായകവേഷവുമെന്ന പ്രത്യേകതയുമായെത്തിയ സിനിമയ്ക്ക് പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിലെത്താനായില്ലെന്നും വിലയിരുത്തലുകളുണ്ടായി.

തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. കലാഭവന്‍ ഷാജോണിനും സിനിമയില്‍ പ്രധാന വേഷമുണ്ട്. ഇരുവരും തങ്ങളുടെ വേഷം ഭംഗിയാക്കിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ഉദയ് കൃഷ്ണയുടെ തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും തീയേറ്ററില്‍ ശരാശരിയിലും താഴെയുള്ള പ്രകടനം മാത്രമേ സിനിമ കാഴ്ചവെക്കൂവെന്നും സോഷ്യല്‍ മീഡിയ പ്രവചിച്ചു.

നടി ആക്രമണക്കേസിനുശേഷം രാമലീല മാത്രമാണ് ദിലീപിന് ഹിറ്റെന്ന് പറയാവുന്ന സിനിമ. ജനപ്രിയ നായകനെന്ന നിലയില്‍ കൈവെച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളാക്കിയിരുന്ന ദിലീപിന് അടുത്തിടെയിറങ്ങിയ മറ്റു സിനിമകളില്‍ തന്റെ മികവ് ആവര്‍ത്തിക്കാനായില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്ത് എന്നറിയപ്പെടുന്ന ഉദയ് കൃഷ്ണയുടെ സിനിമകള്‍ തുടര്‍ച്ചയായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റുന്നതില്‍ പരാജയപ്പെടുകയുമാണ്. ആറാട്ട്, മോണ്‍സ്റ്റര്‍, ക്രിസ്റ്റഫര്‍ ഏറ്റവും ഒടുവില്‍ ബാന്ദ്രയും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. ബാന്ദ്ര ഇടവേളയ്ക്ക് മുമ്പും ശേഷവും തികച്ചും വ്യത്യസ്തമായ ഒരു കഥാശൈലിയാണെന്നും വിലിയിരുത്തലുകളുണ്ട്.

ദീലീപിന്റെ ബാന്ദ്രയ്ക്ക് ദേശീയ മാധ്യമങ്ങളിലെ റിവ്യൂവിലും റേറ്റിങ് നേടാനായില്ല. ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ എക്‌സ്പ്രസിലും പുറത്തുവന്ന റിവ്യൂകളില്‍ ശരാശരിയിലും താഴെയാണ് ജനപ്രിയ നായകന്റെ ചിത്രം ഇടംനേടിയത്.

കോമഡി സിനികളില്‍ കാണിക്കാറുള്ള ദിലീപിന്റെ ചടുലത നഷ്ടമായെന്നും നടന് പ്രായം വില്ലനാകുന്നുണ്ടെന്നുവേണം കരുതാനെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. പഴയ സിനിമകളുടെ ആവര്‍ത്തനമാണ് സിനിമയെന്നും പുതുമയില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല.