ഗില്ലിനെ ഏതുവിധേനയും ടി20 ടീമില്‍ കുത്തിത്തിരുകാന്‍ ഗംഭീറിന്റെ വാശി, സഞ്ജുവിനെ ലോകകപ്പിലും കളിപ്പിക്കില്ല, ഗംഭീര്‍ അഗാര്‍ക്കര്‍ ജയ് ഷാ കൂട്ടുകെട്ടെന്ന് ആരാധകര്‍

മാസങ്ങളായി ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ചര്‍ച്ചയാണ് ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിന് ആരെ തിരഞ്ഞെടുക്കുമെന്നത്.

 

ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് മനസിലാക്കാന്‍ സെലക്ഷന്‍ ലോജിക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്ക് കണ്ടെത്താനാകുന്നില്ല. ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഫോം നഷ്ടപ്പെട്ട ഒരു ഓപ്പണറെ ഇപ്പോഴും പിന്തുണക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകരും ചോദിക്കുന്നു.

ന്യൂഡല്‍ഹി: മാസങ്ങളായി ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ചര്‍ച്ചയാണ് ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിന് ആരെ തിരഞ്ഞെടുക്കുമെന്നത്. സഞ്ജു സാംസണ്‍ ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പരിശീലകന്‍ ഗൗതം ഗംഭീറിനും സെലക്ടര്‍ അജിത് അഗാര്‍ക്കറിനും തൃപ്തി പോര.

ഇടംകൈയന്‍ താരം അഭിഷേക് ശര്‍മ തന്റെ മികച്ച ഫോമും ആക്രമണോത്സുകതയും കൊണ്ട് സ്ഥാനം ഉറപ്പിച്ചു. എന്നാല്‍, പങ്കാളിയുടെ കാര്യം ഇപ്പോഴും ചര്‍ച്ചയായി നടക്കുന്നു. സഞ്ജുവിനെ ഒഴിവാക്കി ശുഭ്മാന്‍ ഗില്ലിനെയാണ് ഗംഭീര്‍ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, ഗില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ആരെ ഈ സ്ഥാനത്ത് കളിപ്പിക്കും എന്നതില്‍ വ്യക്തതയില്ല.

ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് മനസിലാക്കാന്‍ സെലക്ഷന്‍ ലോജിക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്ക് കണ്ടെത്താനാകുന്നില്ല. ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഫോം നഷ്ടപ്പെട്ട ഒരു ഓപ്പണറെ ഇപ്പോഴും പിന്തുണക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകരും ചോദിക്കുന്നു.

സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് ടീമില്‍ നിന്നും തഴയപ്പെട്ടത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന താരങ്ങള്‍ വിരളമാണ്. ഇതില്‍ കൂടുതല്‍ എന്താണ് സഞ്ജു ചെയ്യേണ്ടത് എന്നത് പരിശീലകന്‍ വ്യക്തമാക്കേണ്ട കാര്യമാണ്. അഭിഷേകിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

എന്നാല്‍, 2025 ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ താഴെയിറക്കി മധ്യനിരയിലേക്ക് മാറ്റി. പിന്നീട് ബെഞ്ചിലേക്കും. പല പൊസിഷനുകളിലേക്ക് തട്ടിക്കളിച്ചാണ് ഒടുവില്‍ സഞ്ജുവിനെ ബെഞ്ചിലിരുത്തുന്നത്.

ശുഭ്മന്‍ ഗില്‍ സ്ഥാനം നിലനിര്‍ത്തുന്നത് മികച്ച പ്രകടനങ്ങള്‍ കൊണ്ടല്ല. ടീമിലെ ഫേവററ്റിസം കൊണ്ടാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡക്ക് പുറത്താകല്‍ കൂടി വന്നതോടെ പരിശീലകനെതിരെ വിമര്‍ശനം ശക്തമാണ്. കഴിഞ്ഞ 17 ടി20 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധസെഞ്ച്വറി പോലും ഗില്ലിനില്ല.

ഗില്ലിന്റെ ടി20 കരിയര്‍ ആരംഭം മുതല്‍ തന്നെ മികച്ചതല്ല. ശരാശരി 30.42, സ്‌ട്രൈക്ക് റേറ്റ് 139.27 മാന്യമെങ്കിലും ആകര്‍ഷകമല്ല. അതേസമയം ഓപ്പണറായി സഞ്ജുവിന്റെ കണക്കുകള്‍, ശരാശരി 32.62, സ്‌ട്രൈക്ക് റേറ്റ് 178.76, മൂന്ന് സെഞ്ച്വറികള്‍.

സഞ്ജുവിനെ താഴെയിറക്കിയതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിന് കൃത്യമായ വിശദീകരണം നല്‍കാനാകുന്നില്ല. പല കാരണങ്ങള്‍ പറയുമ്പോള്‍ ഇവ മറ്റു കളിക്കാര്‍ക്ക് ബാധകമല്ലേയെന്നാണ് ചോദ്യമുയരുന്നത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കള്‍ കൂടിയുണ്ട്, പിന്നീട് ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ അഞ്ച് മത്സരങ്ങള്‍. ഇത് കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ മതിയായ സമയമാണ്. എന്നാല്‍, ഗില്ലിന്റെ ഓരോ പരാജയവും ഇന്ത്യ അവഗണിക്കുന്നു. ഇത് ടി20 ലോകകപ്പില്‍ തിരിച്ചടിക്ക് കാരണമായേക്കും.

ഗംഭീറിന് കടുപ്പമേറിയ തീരുമാനമെടുക്കേണ്ട സമയമായി. ലോകകപ്പ് സെന്റിമെന്റിനോ ദീര്‍ഘകാല പ്ലാനിങ്ങിനോ വേണ്ടി കാത്തിരിക്കില്ല. ഇത് വ്യക്തത ആവശ്യപ്പെടുന്നു  കണക്കുകള്‍ ആവശ്യപ്പെടുന്നപോലെ വലിയ താരത്തെ പോലും ബെഞ്ചിലിരുത്താന്‍ തയ്യാറാകണം.

ശുഭ്മാന്‍ ഗില്‍ തന്റെ ഫോം തിരിച്ചുപിടിച്ചേക്കാം, പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇപ്പോള്‍ സഞ്ജു സാംസണാണ് ഓപ്പണിങ് സ്ലോട്ടിന് അര്‍ഹതയുള്ളത്. മികച്ച ഫോമിലുള്ള താരത്തെ ഒഴിവാക്കി ഫോം നഷ്ടപ്പെട്ട വൈസ് ക്യാപ്റ്റനെ നിലനിര്‍ത്തുന്നത് തന്ത്രമല്ല, മറിച്ച് വാശിയാണ്.

ഇന്ത്യയ്ക്ക് ഇപ്പോഴും തിരുത്താന്‍ സമയമുണ്ട്. എന്നാല്‍ ഈ ട്രാക്കില്‍ തുടര്‍ന്നാല്‍, ടി20 ലോകകപ്പില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല, ഫേവറിറ്റിസത്തിന്റെ അടിസ്ഥാനത്തിലാകും ടീമിനെ തെരഞ്ഞെടുക്കുക. ഗംഭീര്‍ അഗാര്‍ക്കര്‍ ജയ് ഷാ എന്നിവര്‍ക്കെതിരേയാണ് ആരാധകര്‍ വിരല്‍ചൂണ്ടുന്നത്.