മറക്കില്ലൊരിക്കലും കല്ലെറിഞ്ഞിട്ടും കരുണവറ്റാതെ കണ്ണൂരിനെ സ്‌നേഹിച്ച ഉമ്മന്‍ചാണ്ടി

 

കണ്ണൂര്‍: കല്ലെറിഞ്ഞിട്ടും കരുണവറ്റാതെ കണ്ണൂരിനെസ്‌നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയെന്നത് കേരളസംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യസംഭവങ്ങളിലൊന്നായിരുന്നു.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍2013- ഒക്‌ടോബര്‍ 27- ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. കാറില്‍ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ.സി ജോസഫും ടി.സിദ്ദിഖുമുണ്ടായിരുന്നു.

കല്ല് കാറിന്റെ ചില്ലില്‍ തട്ടി തെറിച്ചു മുഖ്യമന്ത്രിക്ക് നെറ്റിക്ക് മുറിവേറ്റു. മുറിവേറ്റു ചോരയൊഴുകിയ നിലയിലാണ് അദ്ദേഹം പൊലിസ് മേളയുടെ സമാപനവേദിയിലെത്തിയത്. പിന്നീട് അവിടെ നിന്നും ആശുപത്രിയിലേക്ക് തിരിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതോടെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. ഇതോടെ കണ്ണൂരില്‍ സി.പി. എം -കോണ്‍ഗ്രസ് സംഘര്‍ത്തിന്റെ മഞ്ഞുരുകകയും ചെയ്തു. സി.കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിങ്ങനെ രണ്ടു സി.പി. എം എം. എല്‍. എമാരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നായിരുന്നു കേസ്.നൂറ്റിപത്തു സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസില്‍ മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും മറ്റുളളവരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ഈ കേസ് നടത്തുന്നതിനോട് തുടക്കത്തിലെ ഉമ്മന്‍ചാണ്ടി താല്‍പര്യം കാണിച്ചിരുന്നില്ല.

നേരിട്ടു അറിയാവുന്ന രണ്ടു നിയമസഭാ സമാജികരുടെ പേരും അദ്ദേഹം കോടതിയില്‍ പറഞ്ഞില്ല. കേസിലെ പ്രതിയായി പിന്നീട് ശിക്ഷിക്കപ്പെട്ട സി.ഒ. ടി നസീറിനെ തലശേരിയിലെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോള്‍ വാരിപുണര്‍ന്ന് സ്‌നേഹം പ്രകടിപ്പിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. കൊന്നും കൊലവിളിച്ചും മുന്നേറിയിരുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിന് പുത്തന്‍ അനുഭവമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശാലഹൃദയവും കാരുണ്യവും നിറഞ്ഞ വഴികള്‍.

അതുകൊണ്ടു തന്നെ കണ്ണൂരുകാര്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി അദ്ദേഹത്തെ സ്‌നേഹിച്ചു. ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി വീണ്ടും ഉമ്മന്‍ചാണ്ടി കണ്ണൂര്‍ പൊലിസ് മൈതാനിയിലെത്തിയപ്പോള്‍ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാണാനെത്തിയത്.

ജനങ്ങളുടെ പരാതി കേട്ടുകൊണ്ടു പുലര്‍ച്ചെ വരെ ഒരേ നില്‍പ്പില്‍ നിരവധി പരാതികള്‍ പരിഹരിച്ച മുഖ്യമന്ത്രി ഓരോരുത്തര്‍ക്കും അത്ഭുതം തന്നെയായിരുന്നു.