ഓണത്തിന് സാധാരണക്കാരന്റെ കീശകീറും, സാധനങ്ങള്‍ക്കെല്ലാം വന്‍ വിലക്കയറ്റം, സര്‍ക്കാര്‍ നോക്കുകുത്തി, വിപണിയില്‍ ഇടപെടുന്നില്ല

മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം എത്തുമ്പോള്‍ ഇത്തവണ എല്ലാറ്റിനും വന്‍ വിലക്കയറ്റും. പൂക്കളം, സദ്യ, പുതുവസ്ത്രം എല്ലാം ഒരുമിച്ച് വരുന്ന ആഘോഷത്തിനൊപ്പം ചേരണമെങ്കില്‍ സാധാരണക്കാരന്റെ കീശകീറും.

 

നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം സാധാരണക്കാരന് താങ്ങാനാകാത്തതാണ്.

തിരുവനന്തപുരം: മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം എത്തുമ്പോള്‍ ഇത്തവണ എല്ലാറ്റിനും വന്‍ വിലക്കയറ്റം. പൂക്കളം, സദ്യ, പുതുവസ്ത്രം എല്ലാം ഒരുമിച്ച് വരുന്ന ആഘോഷത്തിനൊപ്പം ചേരണമെങ്കില്‍ സാധാരണക്കാരന്റെ കീശകീറും.

നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം സാധാരണക്കാരന് താങ്ങാനാകാത്തതാണ്. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും, സപ്ലൈകോയുടെ ഇടപെടല്‍ മതിയാകുന്നില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

ഓണം അടുക്കുന്നതിന് മുമ്പേ തന്നെ പച്ചക്കറി വില കുതിച്ചുയരാന്‍ തുടങ്ങിയിരുന്നു. സംസ്ഥാനമെങ്ങും വിലക്കയറ്റമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പേ വിലകയറിയിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.

കോഴിക്കോട്ട് ഇഞ്ചി കിലോയ്ക്ക് 220 രൂപയിലെത്തി. കാരറ്റ് 120 രൂപ, പാവയ്ക്ക 90 രൂപ, നേന്ത്രക്കായ (ചിപ്‌സിന്) 75 രൂപ. കറിവേപ്പില, മല്ലിയില, പുതിന എന്നിവ 100 രൂപയോടടുത്ത്. പയര്‍ 90 രൂപ, ബീന്‍സ് 80 രൂപ. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവയ്ക്ക് ആശ്വാസമുണ്ടെങ്കിലും മത്തന്‍, വെള്ളരി തുടങ്ങിയവയുടെ ലഭ്യത കുറവാണ്.

കണ്ണൂരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പല ഇനങ്ങള്‍ക്കും 8 മുതല്‍ 30 രൂപ വരെ വര്‍ധനയുണ്ടായി. പാവയ്ക്ക 60-ല്‍ നിന്ന് 90 രൂപയായി, ഉള്ളി 30-ല്‍ നിന്ന് 38, ഉരുളക്കിഴങ്ങ് 28-ല്‍ നിന്ന് 33, വെണ്ടക്ക 40-ല്‍ നിന്ന് 55, പയര്‍ 60-ല്‍ നിന്ന് 74, ചേന 55-ല്‍ നിന്ന് 65, ബീന്‍സ് 60-ല്‍ നിന്ന് 95 രൂപയായി. നേന്ത്രപ്പഴം 70-ല്‍ നിന്ന് 85, നേന്ത്രക്കായ 45-ല്‍ നിന്ന് 75 രൂപയിലെത്തി. മുരിങ്ങക്കായയും കാരറ്റും 100 രൂപ കടന്നു.

ഓണസദ്യയുടെ രുചി തന്നെ കുറയുമെന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയിലുണ്ട്. പഞ്ചസാര വിലയും കൂടുന്നതിനാല്‍ പായസത്തിന്റെ മധുരം കുറയ്‌ക്കേണ്ടി വരുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

വെളിച്ചെണ്ണയുടെ വിലയും ഓണം ഡിമാന്‍ഡ് കാരണം കുത്തനെ ഉയരുന്നു. മൊത്തവ്യാപാരത്തില്‍ കേരളത്തില്‍ കിലോയ്ക്ക് 260 രൂപയോടടുത്താണ്. കോപ്ര വിലയും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നെങ്കിലും ഇപ്പോഴും ഡിമാന്‍ഡ് സമ്മര്‍ദ്ദം തുടരുന്നു.

സര്‍ക്കാര്‍ ഓണം മാര്‍ക്കറ്റ് ഇടപെടല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഗുണകരമാകുമെന്നത് കണ്ടറിയണം. 126 നിയോജകമണ്ഡലങ്ങളിലെ ഓണം മാര്‍ക്കറ്റുകള്‍, ഹോര്‍ട്ടികോര്‍പ്പ് വഴി സബ്‌സിഡി നിരക്കില്‍ പച്ചക്കറി, അധിക അരി-ഗോതമ്പ് വിതരണം, ആന്ത്യോദയ (മഞ്ഞ കാര്‍ഡ്) കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി.

പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അരി വിതരണത്തിലും മറ്റും കുറവുവന്നു. സപ്ലൈകോ വില ഉയര്‍ത്തിയത് സാധാരണക്കാരന്റെ ഭാരം കൂട്ടി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകളും ഫെയറുകളും പരിമിതമായ പ്രദേശങ്ങളിലും സമയങ്ങളിലും മാത്രമാണ് ഫലപ്രദമാകുന്നത്.

ശക്തമായ നിരീക്ഷണം, പൂഴ്ത്തിവെയ്പ് തടയല്‍, സമയബന്ധിതമായ സബ്‌സിഡി ഇടപെടല്‍, പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെ സര്‍ക്കാരിന് കൂടുതല്‍ ചെയ്യാനാകും. ഓണം ആഘോഷിക്കാന്‍ സാധാരണക്കാരന് അവകാശമുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍, ഇത്തവണ ഓണം പലര്‍ക്കും സാമ്പത്തിക ഭാരമായി മാറും. സര്‍ക്കാര്‍ ഇനിയും ഫലപ്രദമായി ഇടപെടണം.