ആണവോര്‍ജ്ജ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നു, അദാനിക്കുവേണ്ടിയുള്ള മോദിയുടെ നീക്കമെന്ന് സംശയം

ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ ചരിത്രപരമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 60 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമായിരുന്ന ആണവോര്‍ജ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

 

അദാനി ഗ്രൂപ്പാണ് ഈ പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നതാണ് ഇപ്പോഴത്തെ നിയമത്തിന് പിന്നില്‍ സംശയം ഉയരാന്‍ കാരണം. ഗ്രൂപ്പിന്റെ സിഫിഒ ജൂഗേഷിന്ദര്‍ സിംഗിന്റെ പ്രസ്താവനകള്‍ ഇക്കാര്യം തുറന്നുകാട്ടുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ ചരിത്രപരമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 60 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമായിരുന്ന ആണവോര്‍ജ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ശാന്തി ബില്‍ എന്ന പേരിലുള്ള പുതിയ നിയമത്തിലൂടെയാണ് ഈ മാറ്റം വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടത്തിന്റെ ഊര്‍ജ്ജ നയത്തിന്റെ ഭാഗമായി വരുന്ന ഈ പരിഷ്‌കാരം രാജ്യത്തിന്റെ ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് ത്വര വരുത്തുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും, സുരക്ഷാ-സാമ്പത്തിക റിസ്‌കുകളും കോര്‍പ്പറേറ്റ് അനുകൂലതയും ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.

ഇന്ത്യയില്‍ നിലവില്‍ 23 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വഴി സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. 8.8 ഗിഗാവാട്ട് ആണ് ഇപ്പോഴത്തെ ശേഷി. 2047-ഓടെ 100 ഗിഗാവാട്ടിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, അപകടസാധ്യതകള്‍, സിവില്‍ ലയബിലിറ്റി ആക്ട് (CLNDA, 2010) പോലുള്ള നിയമപരിമിതികള്‍, വിദേശ നിക്ഷേപത്തിന്റെ പരിമിതി എന്നിവ കാരണം സ്വകാര്യമേഖലയുടെ പങ്ക് ഇതുവരെ ഒഴിവാക്കിയിരുന്നു.

2025-ലെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ആണവ മിഷനിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നവംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആത്മനിര്‍ഭര്‍ ഭാരത്' പരിപാടിയുടെ ഭാഗമായി സ്വകാര്യപങ്കാളിത്തം പ്രഖ്യാപിച്ചു. ഡിസംബര്‍ 12-ന് മന്ത്രിസഭ അംഗീകരിച്ച 'ശാന്തി ബില്‍' ഇതിന്റെ നിയമപരമായ അടിത്തറയാണ്. ഈ ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതോടെ, സ്വകാര്യകമ്പനികള്‍ക്ക് റിയാക്ടര്‍ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ പങ്കെടുക്കാം.

വരാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ 214 ബില്യണ്‍ ഡോളര്‍ (ഏകദേശം 18 ലക്ഷം കോടി രൂപ) മൂല്യമുള്ള മേഖലയെ സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കും.

അദാനി ഗ്രൂപ്പാണ് ഈ പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നതാണ് ഇപ്പോഴത്തെ നിയമത്തിന് പിന്നില്‍ സംശയം ഉയരാന്‍ കാരണം. ഗ്രൂപ്പിന്റെ സിഎഫ്ഒ ജൂഗേഷിന്ദര്‍ സിംഗിന്റെ പ്രസ്താവനകള്‍ ഇക്കാര്യം തുറന്നുകാട്ടുന്നു. നവംബര്‍ അവസാനം നടന്ന ഒരു അഭിമുഖത്തില്‍, 'പിപിപി മോഡല്‍ സൃഷ്ടിക്കപ്പെട്ടാല്‍, അദാനി ഗ്രൂപ്പ് ആണവ മേഖലയില്‍ പ്രവേശിക്കാന്‍ തയ്യാറാണ്' എന്ന് അദ്ദേഹം പറഞ്ഞു. അദാനി പവര്‍, അദാനി എനര്‍ജി, അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലൂടെ ഗ്രൂപ്പ് ഇതിനകം ഊര്‍ജ്ജ മേഖലയില്‍ (സൗരോര്‍ജ്ജം, കോള്‍) സജീവമാണ്. ബിഹാറില്‍ 2400 MW പവര്‍ പ്ലാന്റ് നിര്‍മിക്കാനുള്ള 3000 കോടി ഡോളര്‍ നിക്ഷേപം പോലുള്ള പ്രോജക്ടുകള്‍ അദാനിയുടെ ശേഷി തെളിയിക്കുന്നു.

വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്, അദാനി മോദി ബന്ധമാണ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍, ഗൗതം അദാനിയുടെ തരാപ്പൂര്‍ ആണവ സൈറ്റ് സന്ദര്‍ശനം എന്നിവ സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.

മറ്റ് കമ്പനികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ന്യൂ-ഏജ് ഊര്‍ജ്ജ ടെക്), ടാറ്റാ പവര്‍ (SMR പങ്കാളിത്തം), JSW എനര്‍ജി, NTPC, ONGC തുടങ്ങിയവ.

സ്വകാര്യകമ്പനികള്‍ക്ക് ലാഭം മുന്‍നിര്‍ത്തി ഇവ തുറന്നുകൊടുക്കുമ്പോള്‍ ആണവ അപകടങ്ങള്‍ (ചെര്‍ണോബില്‍, ഫുകുഷിമ) ആവര്‍ത്തിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. അപകടമുണ്ടായാലുള്ള നഷ്ടപരിഹാരം കുറയ്ക്കാനുള്ള ശ്രമവും സംശയാസ്പദമാണ്.

ഇന്ത്യയുടെ ഊര്‍ജ്ജ ഭാവിക്ക് ഇത് വലിയൊരു അവസരമാണെന്ന് വിലയിരുത്തുമ്പോഴും, സുരക്ഷയും സുതാര്യതയും ഉറപ്പാക്കാതെ നടപ്പാക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.