ഒടിടികള്‍ക്ക് പോലും വേണ്ടാതെ ദിലീപ് സിനിമകള്‍, നടി ആക്രമണ കേസിനുശേഷം കുത്തനെ മൂല്യമിടിഞ്ഞു, തീയേറ്ററുകളിലും വമ്പന്‍ പരാജയം

തീയേറ്ററുകളില്‍ പരാജയമായ സിനിമകള്‍ പോലും ഒടിടികളില്‍ കൈയ്യടി നേടുന്ന കാലത്ത് ജനപ്രിയ നായകനെന്ന് വിശേഷണമുള്ള ദിലീപിന്റെ സിനിമകള്‍ ആര്‍ക്കും വേണ്ട.
 

കൊച്ചി: തീയേറ്ററുകളില്‍ പരാജയമായ സിനിമകള്‍ പോലും ഒടിടികളില്‍ കൈയ്യടി നേടുന്ന കാലത്ത് ജനപ്രിയ നായകനെന്ന് വിശേഷണമുള്ള ദിലീപിന്റെ സിനിമകള്‍ ആര്‍ക്കും വേണ്ട. റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ദിലീപ് സിനിമകള്‍ നേടാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളൊന്നും രംഗത്തെത്തിയില്ല. കഴിഞ്ഞ വര്‍ഷം തിയെറ്ററുകളില്‍ റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് അവസാനമായി ഒടിടിയില്‍ വന്ന ദിലീപ് ചിത്രം. അതിനു ശേഷം മൂന്നു സിനിമകള്‍ ദിലീപിന്റേതായി തിയെറ്ററുകളിലെത്തിയെങ്കിലും ഇവയെ ഒടിടികള്‍ തഴഞ്ഞു. തീയേറ്ററുകളില്‍ വന്‍ പരാജയമായതും ദിലീപിന്റെ മൂല്യമിടിഞ്ഞതുമാണ് ഒടിടി പോലും തഴയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍നിര നടിയെ ഓടുന്ന വാഹനത്തില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലിപ് അറസ്റ്റിലായിരുന്നു. ഇതിനുശേഷം രാമലീല മാത്രമാണ് ഭേദപ്പെട്ട കളക്ഷന്‍ നേടിയ സിനിമ. മറ്റൊരു ദിലീപ് സിനിമയും നിലവാരത്തിലെത്തിയില്ല. ബാന്ദ്ര, തങ്കമണി, പവി കെയര്‍ടേക്കര്‍ എന്നീ പടങ്ങള്‍ ഒടിടിയില്‍ പോലും വന്നില്ലെന്ന് സിനിമാ ആസ്വാദകര്‍ ചൂണ്ടിക്കാട്ടുന്നു.

പവി കെയര്‍ടേക്കര്‍ എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടിയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണിതെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍, സിനിമ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു. താര സാന്നിധ്യം മാത്രം നോക്കിയല്ല ഇപ്പോള്‍ ഓടിടിയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തിയേറ്റര്‍ റിപ്പോര്‍ട്ടും, പ്രേക്ഷകര്‍ സ്വീകരിക്കാനുള്ള സാധ്യതയുമെല്ലാം ഇക്കൂട്ടത്തില്‍ പ്രധാന ഘടകങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്.

അറിയപ്പെടാത്ത അഭിനേതാക്കളുടെ സിനിമകള്‍ പോലും ഒടിടിയില്‍ ഓടുമ്പോഴാണ് ദിലീപ് സിനിമകള്‍ക്ക് പ്രേക്ഷകരില്ലാത്തത്. നടി ആക്രമണ കേസിനുശേഷം ദിലീപിനെ ആരാധകരില്‍ വലിയൊരു വിഭാഗവും കൈയ്യൊഴിഞ്ഞു. മാത്രമല്ല, ദിലീപിന്റെ സിനിമയ്ക്ക് വന്‍ തുക ആവശ്യപ്പെടുന്നതും ഒടിടി കള്‍ മുഖംതിരിക്കാന്‍ കാരണമായിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഹിറ്റ് സിനിമ വരികയാണെങ്കില്‍ മുന്‍ ചിത്രങ്ങള്‍ക്കും ഒടിടിയില്‍ ഡിമാന്റുണ്ടാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.