ദുരന്തമായി ഗംഭീറിന്റെ ടീം സെലക്ഷന്‍, ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടി20 കളിക്കാര്‍, അശ്വിനും ജേഡജയും പുറത്ത്, ബാറ്റിങ്ങില്‍ തോല്‍വിയായി കോഹ്ലി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ കളിയില്‍ സര്‍പ്രൈസ് ടീമിനെ കളിക്കിറക്കി ഇന്ത്യ. ടി20 കളിക്കാരെ കുത്തിനിറച്ച് പരിചയസമ്പന്നര്‍ കുറഞ്ഞൊരു ടീമിനേയാണ് പരിശീലകന്‍ ഗംഭീര്‍ പരീക്ഷണത്തിനിറക്കിയത്.

 

രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും സര്‍ഫ്രാസ് ഖാനുമെല്ലാം പുറത്തായപ്പോള്‍ ദേവദത്ത് പടിക്കലും നിതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും അപ്രതീക്ഷിതമായി ടീമിലെത്തി.

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ കളിയില്‍ സര്‍പ്രൈസ് ടീമിനെ കളിക്കിറക്കി ഇന്ത്യ. ടി20 കളിക്കാരെ കുത്തിനിറച്ച് പരിചയസമ്പന്നര്‍ കുറഞ്ഞൊരു ടീമിനേയാണ് പരിശീലകന്‍ ഗംഭീര്‍ പരീക്ഷണത്തിനിറക്കിയത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും സര്‍ഫ്രാസ് ഖാനുമെല്ലാം പുറത്തായപ്പോള്‍ ദേവദത്ത് പടിക്കലും നിതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും അപ്രതീക്ഷിതമായി ടീമിലെത്തി.

രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനെയും കളിപ്പിക്കാത്തത് അതിശയിപ്പിക്കുന്ന തീരുമാനമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം താരം മൈക്കല്‍ ഹസി പ്രതികരിച്ചത്. ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അവരില്‍ ഒരാള്‍ കളിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഏക സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറാണ് കളിക്കിറങ്ങിയത്.

ഓസ്ട്രേലിയന്‍ ടീമിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ നേരിടാനുള്ള അനുഭവവും കഴിവുമുള്ള അശ്വിന്‍ ടീമിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. അശ്വിനെ തഴഞ്ഞ് വാഷിങ്ടണ്‍ ടീമിലെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വാഷിങ്ടണ്‍ സുന്ദര്‍.

നിതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഇന്ത്യന്‍ ടീമിനായി ആദ്യ ടെസ്റ്റാണ് കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ മൂന്ന് ടെസ്റ്റുകളും തോറ്റ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പരമ്പര നിര്‍ണായകമാണ്. എന്നാല്‍, പെര്‍ത്തിലെ ബൗണ്‍സി ട്രാക്കില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ കൂട്ടത്തകര്‍ച്ചയേയാണ് നേരിട്ടത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കോഹ്ലി 5 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ന്യൂസിലന്‍ഡ് പരമ്പരയില്‍ വന്‍ പരാജയമായ കോഹ്ലിക്ക് ഓസ്‌ട്രേലിയയിലും ഫോമിലേക്ക് തിരിച്ചെത്താനായില്ല. യശസ്വി ജയ്‌സ്വാളും ദേവദത്ത് പടിക്കലും റണ്ണെടുക്കാതെ പുറത്തായ കളിയില്‍ ഇന്ത്യക്ക് ഇനി ജയിക്കുക എളുപ്പമല്ല.