ആദ്യം പള്ളിയില്‍ സ്ത്രീകള്‍ക്ക് നിസ്‌കാര സൗകര്യം ഒരുക്കൂ, കോളേജില്‍ നിന്നും മതമനുഷ്യരല്ല പുറത്തുവരേണ്ടത്

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന മുസ്ലീം പെണ്‍കുട്ടികളുടെ ആവശ്യം വലിയ വിവാദത്തിനാണ് ഇടയാക്കിയത്.
 

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന മുസ്ലീം പെണ്‍കുട്ടികളുടെ ആവശ്യം വലിയ വിവാദത്തിനാണ് ഇടയാക്കിയത്. വിശ്രമമുറികളില്‍ ഇനിമുതല്‍ നിസ്‌കാരം പാടില്ലെന്ന വിലക്ക് വന്നതോടെയാണ് ചില വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടത്. എന്നാല്‍, കോളേജിന് തൊട്ടടുത്ത് പള്ളിയുണ്ടെന്നും അവിടെ പോകാമെന്നുമാണ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

പെണ്‍കുട്ടികളുടെ നിസ്‌കാര ആവശ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ആയതുകൊണ്ടുതന്നെ കാസ ഉള്‍പ്പെടെയുള്ള നവമാധ്യമ കൂട്ടായ്മകള്‍ മുസ്ലീം വിരുദ്ധ പ്രചാരണത്തിന് വിഷയം ഉപയോഗിച്ചു. എന്നാല്‍, പ്രശ്‌നം വഷളാകും മുന്‍പ് മഹല്ല് നേതൃത്വം വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടികളുടെ പക്വതയില്ലായ്മയ്ക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. പള്ളിയില്‍ പെണ്‍കുട്ടികള്‍ക്ക് സൗകര്യമൊരുക്കാമെന്നും അവര്‍ അറിയിച്ചതോടെ വിവാദം അവസാനിക്കുകയും ചെയ്തു.

നവമാധ്യമങ്ങളില്‍ ഇപ്പോഴും ഇതേക്കുറിച്ചുള്ള ചര്‍ച്ച സജീവമാണ്. പലരും പല രീതിയിലാണ് അഭിപ്രായം പ്രകടിപ്പിച്ചത്. മാനേജ്‌മെന്റ് കോളേജുകള്‍ക്ക് അവരുടെ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പെണ്‍കുട്ടികള്‍ പള്ളിയില്‍ പോകുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷവും. എന്നാല്‍, സ്ത്രീകള്‍ക്ക് നമസ്‌കാരം അനുവദിക്കുന്ന പള്ളികള്‍ കുറവാണെന്നും കോളേജില്‍ തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം സമുദായത്തിലെ അപരിഷ്‌കൃത നിയമങ്ങള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി ആരാധനാലയങ്ങളിലാണ് അതിനുള്ള സൗകര്യമൊരുക്കേണ്ടതെന്ന അഭിപ്രായക്കാരിയാണ്. കോളേജില്‍ നിന്നും മതമനുഷ്യരല്ല പുറത്തുവരേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ചെറിയൊരിടം മതിയെന്നും സമുദായ നേതാക്കള്‍ കോളേജുകള്‍ക്ക് പുറത്ത് അത് ചെയ്തുകൊടുക്കണമെന്നും മറ്റൊരാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ധാരാളം ദേവാലയങ്ങളും ധാരാളം മതകേന്ദ്രങ്ങളും ഉള്ള നാടാണ് നമ്മുടേത്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ആരാധന നടത്താനുള്ള സൗകര്യങ്ങള്‍ കൂടുതലായി വേണമെങ്കില്‍ അവിടെത്തന്നെ ഒരുക്കി കൊടുക്കാവുന്നതേയുള്ളു. പെണ്‍കുട്ടികള്‍ക്കു വേണമെങ്കില്‍ അവര്‍ക്കും ആരാധനാ സൗകര്യം അവിടെ ഉണ്ടാകണം. അതാണ് ചെയ്യേണ്ടത്.
വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മതനിരപേക്ഷമായി തുടരണം. അവിടെ നിന്ന് മതമനുഷ്യരല്ല, സാമൂഹിക ഉത്തരവാദിത്തങ്ങളും പൗരബോധവുമുള്ള മനുഷ്യരാണ് പുറത്തേക്ക് വരേണ്ടത്.
മതകേന്ദ്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമിടയില്‍ അദൃശ്യമായെങ്കിലും ഒരു മതില്‍ ഉണ്ടായിരിക്കേണ്ടതാണ്.

ശ്രദ്ധേയമായ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്,

ഹിജാബിന്റെ കാര്യത്തില്‍ കര്‍ണ്ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണോ പ്രാര്‍ത്ഥനാമുറി നേടാനുള്ള ആവശ്യം വഴി കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്നു തോന്നുന്നു. കവിഞ്ഞാല്‍ ദുഹ്ര്‍ എന്ന ഉച്ചയ്ക്കുള്ള നമസ്‌കാരത്തിനു മാത്രമായിരിക്കും പ്രയാസം. വിലക്കുണ്ടെങ്കിലും അസൗകര്യമുണ്ടെങ്കിലും ആ സമയത്ത് നമസ്‌കാരം എങ്ങനെ നിര്‍വ്വഹിക്കണമെന്നതിനു ഇസ് ലാമിക കര്‍മ്മശാസ്ത്രത്തില്‍ നിയമമുണ്ട്. വിമാനയാത്രയില്‍ നമസ്‌കാര സമയം ആയാല്‍ സീറ്റിലിരുന്നു കൊണ്ടു തന്നെ അത് നിര്‍വ്വഹിക്കാം. അംഗശുദ്ധി വരുത്താന്‍ നിവൃത്തിയില്ലെങ്കില്‍ അതിനാണ് തയമ്മും എന്ന സംവിധാനം. ക്ലാസ് മുറികളിലെ തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരുന്നു പോലും ഒരാള്‍ക്ക് നമസ്‌കാരം നിര്‍വ്വഹിക്കാം. ട്രെയിനിലും ബസ്സിലും കാറിലും വിമാനത്തിലും ഫാക്ടറിയിലും തെരുവിലും പോലും നിര്‍വ്വഹിക്കാവുന്നത്ര ലളിതമായ കാര്യമാണ് ഇസ്ലാമിലെ നമസ്‌കാരം! അതിനാല്‍ വിരലുവെക്കാന്‍ ലഭിച്ച ഇടത്തില്‍ ഉരലുവെക്കാതിരിക്കാനുള്ള വിവേകം ബന്ധപ്പെട്ടവര്‍ കാണിക്കുകയാണ് വേണ്ടത്. കേരളത്തിലെ കാമ്പസുകള്‍ കലക്കി ആ കലങ്ങിയ വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ വേണ്ടി വലയും നെയ്ത് കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. എന്തെങ്കിലുമൊരു അവസരം കിട്ടിയാല്‍ മുതലാക്കാമായിരുന്നു എന്നു കരുതി തക്കം പാര്‍ത്തിരിക്കുന്നവരെ തോല്‍പ്പിക്കുന്ന കാര്യത്തിലാണ് വിദ്യാര്‍ത്ഥികളും ബന്ധപ്പെട്ടവരും മിടുക്ക് കാണിക്കേണ്ടത്.

മുസ്ലിം സംഘടനകളോടും സ്ഥാപനങ്ങളോടും ധനികരോടുമാണ് ഇനി ചോദിക്കാനുള്ളത് ! കോടിക്കണക്കിനു പണം എത്രയോ നിഷ്പ്രയോജനകരമായ കാര്യങ്ങള്‍ക്ക് ചില വഴിക്കുന്ന നിങ്ങള്‍ക്ക്, കേരളത്തിലെ എല്ലാ പൊതു കലാലയങ്ങളുടേയും സ്‌കൂളുകളുടേയും അടുത്ത് മുസ് ലിം പെണ്‍കുട്ടികള്‍ക്ക് നമസ്‌കാര സൗകര്യം ഏര്‍പ്പെടുത്തരുതോ? പളളിതന്നെ വേണമെന്ന വാശി ബന്ധപ്പെട്ട ആര്‍ക്കും ഇല്ലെന്നിരിക്കെ ഒരു അഞ്ഞൂറ് ചതുരശ്രയടിയെങ്കിലുമുള്ള ഒരു മുറിയും അംഗ വിശുദ്ധി വരുത്താനുള്ള സംവിധാനവും ഉണ്ടാക്കരുതോ? പത്തുലക്ഷം രൂപ പോലും വേണ്ടിവരില്ലല്ലോ ആഡംബര രഹിതമായ അത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍! കൊച്ചു നഗരങ്ങളിലാണെങ്കില്‍ ഏതെങ്കിലും ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലോ രണ്ടാം നിലയിലോ ഉള്ള ഒരു കൊച്ചുമുറി ചെറിയ വാടകയ്ക്ക് എടുത്ത് നിങ്ങള്‍ ഇക്കാര്യത്തിനു നീക്കിവെക്കരുതോ?