'നെയ്മർ ' കിരീടമില്ലാത്ത സുൽത്താന്റെ കഥ

മഞ്ഞ നിറത്തിലുള്ള ജഴ്സിയിൽ കാനറി പക്ഷികളെ പോലെ ഗ്രൗണ്ടിൽ കവിത രചിക്കുന്ന ബ്രസീൽ.

 

കളിക്കളത്തിലെ റിസൾട്ടുകളുടെയും പരിക്കുകകളുടെയും രൂപത്തിൽ ഭാഗ്യം നെയ്മറിന് എന്നും ഒരു എതിരാളി ആയി തന്നെ നില കൊണ്ടു. കളിച്ചതിനേക്കാൾ കൂടുതൽ പരിക്ക് കാരണം കളിക്കാതെ പുറത്ത് ഇരുന്ന മത്സരങ്ങൾ.

ലോക ഫുട്ബോളിലെ അതികായന്മാരാണ് ബ്രസീൽ. 1930 ലെ ആദ്യ ലോകകപ്പ് മുതൽ ഉള്ള വിജയികളുടെ കണക്കെടുപ്പ് നടത്തിയാൽ അതിൽ 5 ലോകകപ്പുകൾ നേടിയ ഒരേ ഒരു രാജ്യമേ ഉള്ളു, അത് ബ്രസീൽ ആണ്. മഞ്ഞ നിറത്തിലുള്ള ജഴ്സിയിൽ കാനറി പക്ഷികളെ പോലെ ഗ്രൗണ്ടിൽ കവിത രചിക്കുന്ന ബ്രസീൽ. എല്ലാ കാലത്തും ബ്രസീലിൽ പ്രതിഭകളുടെ ധാരാളിത്തം ഉണ്ടായിരുന്നു. അവരൊക്കെ ഫുട്ബോൾ പ്രേമികളുടെ ആരാധന മൂർത്തികളും ആയി. പെലെയിൽ തുടങ്ങി റൊമാരിയോയും റിവാൾഡോയും റൊണാൾഡോയും കക്കയും റൊബിന്യോയും അടങ്ങിയ നീണ്ട ലിസ്റ്റ്. അവരുടെ ഇടയിൽ ആണ് ആ ചെറുപ്പക്കാരൻ തന്റെ സ്ഥാനം ഉറപ്പിച്ചത്. നെയ്മർ ജൂനിയർ.

തന്റെ പൂർവ്വികരിൽ പലരെയും പോലെ ഒരു ലോകകപ്പിന്റെ അലങ്കാരം അണിയാൻ ഉള്ള ഭാഗ്യം നെയ്മറിന് ഉണ്ടായില്ല. അല്ലെങ്കിലും ഭാഗ്യം ഒരിക്കലും നെയ്മറിന്റെ ഒപ്പം ആയിരുന്നില്ലല്ലോ. കളിക്കളത്തിലെ റിസൾട്ടുകളുടെയും പരിക്കുകകളുടെയും രൂപത്തിൽ ഭാഗ്യം നെയ്മറിന് എന്നും ഒരു എതിരാളി ആയി തന്നെ നില കൊണ്ടു. കളിച്ചതിനേക്കാൾ കൂടുതൽ പരിക്ക് കാരണം കളിക്കാതെ പുറത്ത് ഇരുന്ന മത്സരങ്ങൾ. ഇങ്ങനൊക്കെ ആണെങ്കിലും ആരാധകർക്ക് അവൻ അവരുടെ പ്രിയപ്പെട്ട സുൽത്താൻ ആണ്. കിരീടമില്ലാത്ത സുൽത്താൻ. ഇപ്പോൾ ലോകകപ്പ് മേള ഒരിക്കൽ കൂടി അലയടിക്കുമ്പോൾ ഒരു അങ്കത്തിന് കൂടി ഉള്ള ബാല്യം നെയ്മർ ജൂനിയറിൽ ബാക്കിയുണ്ടോ..? 

ബ്രസീലിലെ സാന്റോസ് ക്ലബ്ബിൽ പുറത്തെടുത്ത പ്രകടനങ്ങളിലൂടെ ആണ് നെയ്മർ തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ബ്രസീലിലെ അത്ര നല്ലതല്ലാത്ത പിച്ചുകളുടെയും പരുക്കൻ കളിയുടെയും ഇടയിലും അവൻ പന്ത് കൊണ്ട് നൃത്തമാടി. നെയ്മർ സാന്റോസിന് വേണ്ടി നേടിയ സോളോ ഗോളുകൾ വിസ്മയങ്ങൾ ആണ്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ഒറ്റയ്ക്ക് തുടങ്ങി അഞ്ചും ആറും പ്രതിരോധതാരങ്ങളെ വെട്ടിയുഴിഞ്ഞ് നെയ്മർ നേടിയ ഗോളുകൾ എത്ര എത്ര. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്സലോണയെ, നെയ്മറിനെ വിലയ്ക്ക് വാങ്ങാൻ പ്രേരിപ്പിച്ചതും അവന്റെ ആ മിന്നലാട്ടങ്ങൾ ആയിരുന്നു. നെയ്മറിന് വേണ്ടി ബാഴ്‌സലോണ ചിലവാക്കിയ ഒരു രൂപ പോലും നഷ്ടമായില്ല. മെസ്സിയോടും പിന്നീട് വന്ന സുവാരസിനോടും കൂടി ചേർന്ന് നെയ്മർ ബാഴ്സലോണയിൽ രചിച്ചത് ചരിത്രം ആയിരുന്നു. ഫുട്ബോൾ ലോകം പാടിപ്പുകഴ്ത്തിയ ആക്രമണ ത്രയം ആയ MSN ഉണ്ടായത് അവരുടെ ആ കൂട്ടുകെട്ടിൽ ആണ്.

ഒരു ചാമ്പ്യൻസ് ലീഗും രണ്ട് സ്പാനിഷ് ലീഗുകളും ആ കൂട്ടുകെട്ട് ബാഴ്സയിലെത്തിച്ചു. ട്രോഫികൾക്കും റെക്കോർഡുകൾക്കും അപ്പുറം എത്ര എത്ര സുന്ദരമായ നിമിഷങ്ങൾ. ആ കാലഘട്ടം ആയിരുന്നു നെയ്മറിന്റെ പ്രൈം. മെസ്സിക്കും റൊണാൾഡോയ്ക്കും ശേഷമുള്ള മൂന്നാമൻ ആയി ആരാധകരും പണ്ഡിറ്റ്‌സും നെയ്മറിനെ അവരോധിച്ച കാലം. എന്നാൽ 2017 ൽ നെയ്മറിൽ നിന്ന് ഒരു അപ്രതീക്ഷിത തീരുമാനം വന്നു. ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബ് ആയ പിഎസ്ജി യിലേക്ക് നെയ്മർ കൂടുമാറുന്നു. അവിടെയായിരുന്നു അയാളുടെ പതനത്തിന്റെ ആരംഭം. ബാഴ്സലോണയ്ക്ക് വേണ്ടി ചെയ്തത് ഒന്നും പിഎസ്ജിക്ക് വേണ്ടി ആവർത്തിക്കാൻ നെയ്മറിന് കഴിഞ്ഞില്ല. തുടർച്ചയായി അലട്ടിയ പരിക്കുകളും ഒത്തിണക്കം ഇല്ലാത്ത സഹകളിക്കാരും അവനെ തളർത്തി.

ഇതിനിടയിലും ബ്രസീലിന് വേണ്ടി കളിക്കുമ്പോൾ ഒക്കെ നെയ്മർ തന്റെ വിശ്വരൂപം പുറത്തെടുത്ത് കൊണ്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആണ് സ്വന്തം നാട്ടിൽ നടന്ന 2014 ലോകകപ്പിലേക്ക് ബ്രസീൽ എത്തിയത്. ടീമിന്റെ കുന്തമുന നെയ്മർ തന്നെ. ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മർ മികച്ച കളി പുറത്തെടുക്കുക കൂടി ചെയ്തതോടെ സ്വന്തം മണ്ണിൽ തന്നെ അവൻ ബ്രസീലിനെ കിരീടം ചൂടിക്കും എന്ന പ്രതീക്ഷ ഉണ്ടായി. മാരക്കാനയിൽ കപ്പുയർത്തുന്ന നെയ്മറിനെ ബ്രസീലിയൻ തെരുവുകൾ സ്വപ്നം കണ്ടുതുടങ്ങി. എന്നാൽ ക്വാർട്ടറിൽ ഇക്വഡോറിന് എതിരെ ഉള്ള മത്സരത്തിൽ ഉണ്ടായ ഗുരുതരമായ പരിക്ക് കാരണം നെയ്മറിന് പിന്നീട് ടൂർണമെന്റിൽ തുടരാനായില്ല. നെയ്മറിന്റെ അഭാവത്തിൽ സെമി ഫൈനലിൽ ജർമ്മനിയോട് 7-1 ന്റെ നാണം കെട്ട തോൽവി ആയിട്ടാണ് ബ്രസീൽ മടങ്ങിയത്. എത്ര തേച്ചാലും മായ്ച്ചാലും മായാത്ത നാണക്കേടും മുറിവും ആയി അത് ഓരോ ബ്രസീൽ പൗരന്റെയും മനസ്സിൽ ഉണ്ട്. 2018 ലെയും 22 ലെയും ലോകകപ്പുകളിൽ ആവും വിധം പൊരുതിയെങ്കിലും ബ്രസീലിനെ ക്വാർട്ടറിന് അപ്പുറം കടത്താൻ നെയ്മറിന് ആയില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കളം വിടുന്ന നെയ്മറിന്റെ ചിത്രങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നു. 

2026 ൽ ഇത് അയാളുടെ അവസാന അവസരം ആണ്. ഇപ്പോഴും പരിക്കുകൾ അയാളെ വല്ലാതെ അലട്ടുന്നുണ്ട്. ലോകകപ്പ് തുടങ്ങുന്നതിന് ആഴ്ചകൾ മുന്നേ പോലും പുതിയൊരു പരിക്ക് പിടിപെട്ട വാർത്തകൾ പുറത്ത് വരുന്നുണ്ട്. ആദ്യ ഇലവനിൽ ഉണ്ടാകുമോ, എത്ര മിനിറ്റ് കളിക്കാൻ കഴിയും എന്നതിന് ഒന്നും ആരാധകർക്ക് ഉത്തരം ഇല്ല. ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഉള്ള ശാരീരികക്ഷമത ഇല്ലെങ്കിൽ പരുക്കൻ കോച്ച് ആയ ആഞ്ചലോട്ടി നെയ്മറിനെ നിർദാക്ഷിണ്യം തഴയും എന്നുറപ്പാണ്. എന്നാലും നെയ്മർ ജൂനിയർ എന്ന കളിക്കാരന്റെ ഡ്രസ്സിംഗ് റൂമിലെ സാന്നിദ്ധ്യം ബ്രസീലിനു നൽകുന്ന ഉന്മേഷവും കരുത്തും നിസ്സാരം ആയിരിക്കില്ല. 2014 ലെ കണ്ണീരിന് മറുപടി പറഞ്ഞ് ഒരു ലോകകപ്പോടെ കരിയർ അവസാനിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. സ്പെയിനും ഫ്രാൻസും അറേബ്യയും ചുറ്റി സഞ്ചരിച്ച് ഇപ്പോൾ തന്റെ ആദ്യ ക്ലബ്ബായ സാന്റോസിൽ തന്നെ തിരിച്ചെത്തിയിരിക്കുന്ന നെയ്മറിന് തന്റെ പ്രതിഭയുടെ അളവ് അനുസരിച്ച് നോക്കുമ്പോൾ അർഹിക്കുന്ന ഒരു സ്ഥാനം ഭാഗ്യക്കേട് കൊണ്ട് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ആ മുറിവിൽ പുരട്ടാൻ ഉള്ള ഒരു ആശ്വാസ മരുന്ന് ആയിരിക്കാം ഒരു പക്ഷെ ഈ ലോകകപ്പ്. ആകാശത്തോളം ഉയരുന്ന മോഹങ്ങളും പ്രതീക്ഷകളും സഫലമാക്കാൻ അയാൾക്ക് കഴിയട്ടെ. മെസ്സിക്ക് ലഭിച്ച കാവ്യനീതി നെയ്മറിനും കാലം കാത്തുവെക്കട്ടെ...!