നേമം മണ്ഡലത്തില്‍ വൈഷ്ണയോ വീണയോ, കരുത്തരെ ഇറക്കാന്‍ മടിച്ച് കോണ്‍ഗ്രസ്, എല്‍ഡിഎഫ് ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലാകുമോ?
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം.
ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലം വീണ്ടും ഹൈവോള്‍ട്ടേജ് ആയി. മികച്ച മന്ത്രിമാരിലൊരാളായി പേരെടുത്ത ശിവന്‍കുട്ടി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത.
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു തവണ ജയിച്ച ഇവിടെ മൂന്നു മുന്നണികള്‍ക്കും ഒരുപോലെ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
2016-ല്‍ ഒ രാജഗോപാലിലൂടെ ബിജെപി ചരിത്രം സൃഷ്ടിച്ച സീറ്റ്, 2021-ല്‍ വി ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ബിജെപി ജയിക്കാനിടയായത് യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണെന്ന ആരോപണം ഇന്നും സജീവമാണ്. 2016ല്‍ യുഡിഎഫ് വോട്ടുകള്‍ കുത്തനെ കുറയുകയും 2021 കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ വോട്ടുകള്‍ തിരിച്ചെത്തുകയും ചെയ്തത് ആരോപണം ശരിവെക്കുന്നതാണ്.
ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലം വീണ്ടും ഹൈവോള്‍ട്ടേജ് ആയി. മികച്ച മന്ത്രിമാരിലൊരാളായി പേരെടുത്ത ശിവന്‍കുട്ടി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം പ്രകടമാണ്. ഇത്തവണ ദുര്‍ബല സ്ഥാനാര്‍ത്ഥിയാകുമോ അതോ വീണ്ടും കരുത്തരെ ഇറക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം, യുവ നേതാക്കളായ വൈഷ്ണ സുരേഷ്, വീണ എസ് നായര്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
നേമം മണ്ഡലത്തിന്റെ ചരിത്രം ത്രികോണ മത്സരത്തിന്റേതാണ്. 2021-ല്‍ യുഡിഎഫ് വോട്ട് തിരിച്ചുപിടിച്ചത് എല്‍ഡിഎഫിന് ഗുണകരമായി. 2026-ല്‍ യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിജെപി എല്‍ഡിഎഫ് നേരിട്ടുള്ള ഏറ്റുമുട്ടലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റവും മണ്ഡലത്തിലെ ബിജെപി സാധ്യതകള്‍ ശക്തമാക്കുന്നു.
കെഎസ്യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, ആയിരുന്ന വൈഷ്ണ സുരേഷ് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 397 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നു. നാമനിര്‍ദേശ പട്ടികയില്‍ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിലും നിയമപോരാട്ടം നടത്തി വിജയിച്ചതോടെയാണ് വൈഷ്ണ ശ്രദ്ധേയയാത്.
അഭിഭാഷക, മുന്‍ ടിവി അവതാരക, ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയയാണ് വീണ. 2021-ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലമായാല്‍ 2021 പോലെ വോട്ട് സ്പ്ലിറ്റ് ഉണ്ടാകില്ല. ആ വോട്ടുകള്‍ വീണ്ടും ബിജെപിയിലേക്ക് പോകാനാണ് സാധ്യതയേറെ. അങ്ങിനെയെങ്കില്‍ നേമം ഒരിക്കല്‍ക്കൂടി എല്‍ഡിഎഫ് ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ മണ്ഡലമാകും.