അദാനിയുടെ രഹസ്യ ഡീല്‍ പൊളിച്ച് നാട്ടുകാര്‍ക്കിടയില്‍ താരമായി നെല്‍സണ്‍ അമേനിയ, കെനിയയിലും മോദിയുടെ സുഹൃത്തിന് രക്ഷയില്ല
ഇന്ത്യയില്‍ നടത്തിയ വിവാദ ഇടപെടലിനെ തുടര്‍ന്ന് അമേരിക്കയില്‍ കേസില്‍ കുടുങ്ങിയ ഗൗതം അദാനിയും കമ്പനിയും നേരത്തേയും പല രാജ്യങ്ങളിലും തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നു.
അടിക്കടിയുള്ള വൈദ്യുതി മുടക്കവും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതും ഉള്‍പ്പെടെയുള്ള തകരാറുകള്‍ പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ അദാനി കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കം നടത്തിയത്.
ഹരാരെ: ഇന്ത്യയില്‍ നടത്തിയ വിവാദ ഇടപെടലിനെ തുടര്‍ന്ന് അമേരിക്കയില്‍ കേസില്‍ കുടുങ്ങിയ ഗൗതം അദാനിയും കമ്പനിയും നേരത്തേയും പല രാജ്യങ്ങളിലും തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നു. അമേരിക്കയിലെ കേസിന് പിന്നാലെ ഇന്ത്യയിലെ ഓഹരി വിപണികളില്‍ അദാനിയുടെ കമ്പനി കൂപ്പുകുത്തി. കൂടാതെ, 700 മില്യണ്‍ ഡോളറിലധികം വരുന്ന കരാര്‍ കെനിയ റദ്ദാക്കുകയും ചെയ്തു.
അദാനിക്കെതിരെ പുതിയ കേസുകള്‍ ഉയരുമ്പോള്‍ കെനിയ ആശ്വാസത്തിലാണ്. ഇത്രയും വലിയ തുകയ്ക്കുള്ള ഒരു കരാര്‍ അദാനിയെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കെനിയക്കാര്‍ ഇപ്പോള്‍ കരുതുന്നത്. നേരത്തെതന്ന അദാനിയുടെ മറ്റൊരു കരാര്‍ രാജ്യത്തിന്റെ ഹീറോയായ നെല്‍സണ്‍ അമേനിയ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. അമേനിയക്ക് ഇപ്പോള്‍ പിന്തുണ ഏറിവരികയാണ്. രാജ്യത്തിന്റെ സ്വത്ത് അമേനിയ സംരക്ഷിച്ചെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
കെനിയന്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള രഹസ്യ ഇടപാടുകളാണ് നെല്‍സണ്‍ അമേനിയ പുറത്തുകൊണ്ടുവന്നത്. കെനിയയിലെ ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ജെകെഐഎ) അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു കരാര്‍. അമേനിയയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ രാജ്യത്ത് പ്രക്ഷോഭം ആരംഭിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തു.
സോളാര്‍ എനര്‍ജി കരാറുകളുടെ പേരില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അമേരിക്കയില്‍ കേസ് നേരിടുന്ന സാഹചര്യത്തില്‍, അമേനിയയുടെ മുന്നറിയിപ്പുകള്‍ രാജ്യത്തിന് നേട്ടമായെന്ന് കെനിയയില്‍ ജനങ്ങള്‍ പ്രതികരിച്ചു. ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാല്‍ രണ്ടാമത്തെ റണ്‍വേ കൂട്ടിച്ചേര്‍ക്കുന്നതിനും ടെര്‍മിനല്‍ നവീകരിക്കുന്നതിനുമായി 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്നായിരുന്നു അദാനിയുടെ കമ്പനിയുടെ വാഗ്ദാനം.
ആഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടികുളിലൊന്നാണ് ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. അടിക്കടിയുള്ള വൈദ്യുതി മുടക്കവും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതും ഉള്‍പ്പെടെയുള്ള തകരാറുകള്‍ പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ അദാനി കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കം നടത്തിയത്. എന്നാല്‍, മത്സരാധിഷ്ടിത ടെന്‍ഡര്‍ ഇല്ലാതെയാണ് കരാറെന്ന് അമേനിയ വെളിപ്പെടുത്തി.
ഇത് എയര്‍പോര്‍ട്ട് ജീവനക്കാരുടെ സമരത്തിലേക്കും പാര്‍ലമെന്ററി അന്വേഷണത്തിലേക്കും നയിച്ചു. കെനിയന്‍ ഏവിയേഷന്‍ അതോറിറ്റി ഒരു ദിവസത്തിനുള്ളില്‍ അദാനിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയെന്ന് അറിഞ്ഞപ്പോള്‍ രാജ്യമെങ്ങും ജനങ്ങള്‍ ഇതിനെതിരെ പ്രതകരിച്ചു. പിന്നാലെ കെനിയ 2 ബില്യണ്‍ ഡോളറിന്റെ എയര്‍പോര്‍ട്ട് കരാര്‍ റദ്ദാക്കുകയും ചെയ്തു. അമേനിയയുടെ സമയോചിത ഇടപെടലാണ് രാജ്യത്തിന് തുണയായത്. ഇതിന്റെ പേരില്‍ യുവാവിന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നെങ്കിലും രാജ്യതാത്പര്യത്തിന് വിരുദ്ധമായി നില്‍ക്കില്ലെന്നായിരുന്നു അമേനിയയുടെ നിലപാട്.