വയനാട്ടില്‍ നിര്‍മിച്ച വീട് 20 ലക്ഷം രൂപയില്‍ താഴെയുള്ളതല്ല, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് നീതുസ് അക്കാദമി, എത്ര രൂപ കൃത്യമായി ചെലവായി എന്ന് പറയുവാന്‍ കമ്പനി പോളിസി അനുവദിക്കുന്നില്ല
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
മാതൃകാ വീടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 30 ലക്ഷത്തോളം രൂപ ഇതിന് ചെലവഴിച്ചോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. മാത്രമല്ല, നീതുസ് അക്കാദമി നിര്‍മിച്ച ഇതിനേക്കാള്‍ ഭംഗിയുള്ള വീടിന് 20 ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവായുള്ളൂ എന്നും കണക്കുനിരത്തി.
കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. മാതൃകാ വീടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 30 ലക്ഷത്തോളം രൂപ ഇതിന് ചെലവഴിച്ചോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. മാത്രമല്ല, നീതുസ് അക്കാദമി നിര്‍മിച്ച ഇതിനേക്കാള്‍ ഭംഗിയുള്ള വീടിന് 20 ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവായുള്ളൂ എന്നും കണക്കുനിരത്തി.
ഊരാളുങ്കല്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട്ടിലെ സൗകര്യങ്ങള്‍ പണത്തിന്റെ മൂല്യത്തിനൊപ്പമില്ലെന്ന ആരോപണങ്ങള്‍ക്കിടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നീതുസ് അക്കാദമി. നീതുസ് അക്കാദമി പണിത വീടിന് കൂടുതല്‍ തുക ചെലവഴിച്ചെന്നും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇന്റീയര്‍ ഉള്‍പ്പെടെ പണിത് തീര്‍ക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യമാണെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നീതുസ് അക്കാദമിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൗത്ത് ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.
അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവര്‍ത്തിയായിരുന്നു. അതിനെ വിവാദങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.
ഞങ്ങള്‍ വീട് പണിയുവാന്‍ ഏല്‍പ്പിച്ച കോണ്‍ട്രാക്റ്റര്‍ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങള്‍ക്ക് ഇവിടെയുള്ള ഒരു കോണ്‍ട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിന്റെ ചേട്ടന്‍ പ്രവീണ്‍ കണക്റ്റ് ചെയ്ത അഞ്ച് കോണ്‍ട്രാക്റ്റര്‍മാറില്‍ നിന്നും ഇദ്ദേഹത്തിന്റെ കൊട്ടേഷന്‍ കണ്ടിട്ട് വര്‍ക്ക് അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങള്‍ക്ക് അറിയില്ല.
കോണ്‍ട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിന്റെ യഥാര്‍ഥ ചിലവുകള്‍ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോണ്‍ട്രാക്റ്റര്‍ക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇന്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായി നിലനില്‍ക്കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാന്‍ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓര്‍മ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇന്റീയര്‍ ഉള്‍പ്പെടെ പണിത് തീര്‍ക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യവുമാണ്.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങള്‍ ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
വയനാട് ദുരന്തം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങള്‍ സംഭാവന ചെയ്തിരുന്നു. ഇനിയും സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ കൂടെയുണ്ടാകും.