ഫുട്‌ബോള്‍ പാടില്ല, യൂണിഫോം അനുവദിക്കില്ല, കമ്മ്യൂണിസം മതവിരുദ്ധം, പന്നിയിറച്ചി വില്‍ക്കരുത്, സമസ്ത നേതാവിന്‌ രാജ്യം മാറിയോ? വാ തുറന്നാല്‍ വര്‍ഗീയം

വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ നടത്തുന്ന പന്നിയിറച്ചി ചലഞ്ചിനെതിരെ വര്‍ഗീയ പരാമര്‍ശവുമായെത്തിയ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ചെറിയ പുള്ളിയല്ല.
 
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന ബോധമില്ലാതെ സമുദായത്തിനകത്തും പുറത്തും മതനിയമം അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് നാസര്‍ ഫൈസിയുടെ പല വിവാദ പരാമര്‍ശങ്ങളും

കൊച്ചി: വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ നടത്തുന്ന പന്നിയിറച്ചി ചാലഞ്ചിനെതിരെ വര്‍ഗീയ പരാമര്‍ശവുമായെത്തിയ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ചെറിയ പുള്ളിയല്ല. പലവട്ടം ഈ രീതിയില്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയ നേതാവാണ് ഇദ്ദേഹം. സമസ്തയുടെ തലപ്പത്തിരുന്ന നടത്തുന്ന ഈ രീതിയിലുള്ള പരാമര്‍ശങ്ങള്‍ സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയെടുക്കാറില്ല. സമസ്തയിലെ ലീഗ് നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് നാസര്‍ ഫൈസി. മുസ്ലീം ലീഗുമായി സമസ്ത അകന്നപ്പോഴും പാര്‍ട്ടിയുമായുള്ള അടുപ്പം നാസര്‍ ഫൈസി തുറന്ന് പറഞ്ഞിരുന്നു.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന ബോധമില്ലാതെ സമുദായത്തിനകത്തും പുറത്തും മതനിയമം അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് നാസര്‍ ഫൈസിയുടെ പല വിവാദ പരാമര്‍ശങ്ങളും. ഫുട്‌ബോള്‍ ആരാധകരേപ്പോലും മത നിയമത്തിന്റെ കണ്ണിലൂടെ കാണാനാണ് ഇയാള്‍ ശ്രമിച്ചതെന്നുകാണാം. ഫുട്‌ബോള്‍ ലഹരിയും താരാരാധനും അതിരു കടക്കുന്നെന്നും ഇത് സമുദായത്തന് യോജിച്ചതല്ലെന്നുമായിരുന്നു ലോകകപ്പ് വേളയില്‍ നാസര്‍ ഫൈസിയുടെ പരാമര്‍ശം.

പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫുട്‌ബോള്‍ ആരാധനക്കെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും പറയുകയുണ്ടായി. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്നത് തെറ്റാണെന്നും നാസര്‍ ഫൈസിയുടെ കണ്ടെത്തലുകളിലുണ്ട്.

Also Read:- ദീര്‍ഘകാലം സെക്‌സ് ചെയ്തില്ലെങ്കില്‍ സംഭവിക്കുന്നത് എന്ത്?, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മിശ്രവിവാഹം നടത്തിക്കൊടുക്കുന്നത് സിപിഎമ്മാണെന്നാണ് മറ്റൊരവസരത്തില്‍ ഇയാളുടെ നിരീക്ഷണം. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നും നാസര്‍ ഫൈസി പറയുകയുണ്ടായി. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നതെന്നും മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും സമസ്ത നേതാവ് നല്‍കി.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിച്ചതും സമസ്തയാണ്. ഐഎച്ച്ആര്‍ഡി എഞ്ചിനിയറിങ് കോളേജുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ നടപടി പിന്‍വലിക്കണമെന്ന് നാസര്‍ ഫൈസി നേരിട്ട് പറഞ്ഞിരുന്നു. ഇത് മതവിരുദ്ദമാണെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാസര്‍ ഫൈസി മുന്നറിയിപ്പ് നല്‍കി.

കമ്മ്യൂണിസം മതവിരുദ്ധമാണെന്നാണ് മറ്റൊരിക്കല്‍ നാസര്‍ ഫൈസിയുടെ പ്രസംഗം. എസ്എഫ്‌ഐ ക്യാമ്പസുകളില്‍ മതനിരാസം പഠിപ്പിക്കുന്നു എന്നതാണ് ഇയാളുടെ കണ്ടെത്തല്‍. സമസ്ത സിപിഎമ്മുമായി അടുക്കുന്ന വേളയിലായിരുന്നു മുസ്ലീം ലീഗിനെ പ്രീണിപ്പെടുത്താനുള്ള നാസര്‍ ഫൈസിയുടെ ശ്രമം.

സംഘടനയ്ക്കകത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളിലൊരാളാണ് നാസര്‍ ഫൈസി. വിവാദ പരാമര്‍ശങ്ങള്‍ തുടരെ പുറത്തുവരുമ്പോഴും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സമസ്തയ്ക്ക് സാധിക്കുന്നില്ല. സംഘടനയ്ക്കകത്തെ യുവ നേതൃത്വത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് തുടര്‍ച്ചയായി വിവാദ പരാമര്‍ശം നടത്താന്‍ നാസര്‍ ഫൈസിക്ക് കഴിയുന്നത് മുസ്ലീം ലീഗുമായുള്ള അടുപ്പമാണ്. അതേസമയം, നാസര്‍ ഫൈസിയുടെ തീവ്ര നിലപാടുകള്‍ സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ ദോഷം ചെയ്യുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് കൂടുതല്‍ വേരുപിടിപ്പിക്കവെ നാസര്‍ ഫൈസിയേപ്പോലുള്ള നേതാക്കള്‍ അതിന് വെള്ളവും വളവും നല്‍കുന്ന രീതിയിലാണ് സമുദായ പ്രവര്‍ത്തനം നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.