തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു, ചര്‍ച്ചയായി കളക്ടറുടെ വെളിപ്പെടുത്തല്‍, കേസില്‍ നിര്‍ണായകമാകും
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റിയതിന് പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ചര്‍ച്ചയാകുന്നു.
കോടതി വിധിപ്പകര്‍പ്പിലെ മൊഴി അരുണ്‍ കെ വിജയന്‍ സ്ഥിരീകരിച്ചു. തന്റെ മൊഴിയായി വന്നകാര്യം ശരിയാണെന്നും നവീന്‍ ബാബു തന്നെ വന്നുകണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞതായും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റിയതിന് പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ചര്‍ച്ചയാകുന്നു. ദിവ്യക്ക് ജാമ്യം നിഷേധിച്ച കോടതിവിധിയിലാണ് കളക്ടറുടെ മൊഴി ഉള്‍പ്പെടുത്തിയിട്ടുള്ളത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ടെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമാണ് കളക്ടറുടെ മൊഴി.
കോടതി വിധിപ്പകര്‍പ്പിലെ മൊഴി അരുണ്‍ കെ വിജയന്‍ സ്ഥിരീകരിച്ചു. തന്റെ മൊഴിയായി വന്നകാര്യം ശരിയാണെന്നും നവീന്‍ ബാബു തന്നെ വന്നുകണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞതായും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൊഴി പൂര്‍ണമായും പുറത്തുവന്നിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. തന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് കളക്ടര്‍ പറയുന്നത്.
കളക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് താന്‍ വന്നതെന്ന് ദിവ്യ നേരത്തെ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആരേയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടറുടെ നിലപാട്. മാത്രമല്ല, എഡിഎമ്മിനെതിരായ ആരോപണം കളക്ടറോട് നേരത്തെ ദിവ്യ സൂചിപ്പിച്ചിരുന്നു. തെളിവോ പരാതിയോ ഇല്ലാതെ ഇക്കാര്യം പുറത്തുപറയരുതെന്നാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും കളക്ടര്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
കേസിലെ പ്രധാന സാക്ഷിയെന്ന നിലയില്‍ കളക്ടറുടെ മൊഴി നിര്‍ണായകമാകും. എഡിഎം ആത്മഹത്യ ചെയ്തത് കുറ്റബോധംകൊണ്ടാണെന്ന് സ്ഥാപിക്കാന്‍ കളക്ടറുടെ മൊഴി കാരണമായേക്കാം. അതേസമയം, തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞത് അഴിമതി നടത്തി എന്നത് സാധൂകരിക്കുന്നതല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.