നീറ്റ് ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാനമായ പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അഴിമതിയുടെ കൂടാരമോ? ഒരൊറ്റ സ്ഥിരം ജീവനക്കാരില്ല, പരീക്ഷാ നടത്തിപ്പെല്ലാം കരാറുകാര്‍
രാജ്യത്തെ സുപ്രധാന പരീക്ഷകളുടെ ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോര്‍ന്നതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്തില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രക്ഷോഭം അരങ്ങേറുകയാണ്.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വാതില്‍ തുറക്കുന്ന പ്രധാന പരീക്ഷകളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആണ്.
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന പരീക്ഷകളുടെ ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോര്‍ന്നതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രക്ഷോഭം നടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന പ്രതിഷേധത്തിനിടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടത്തിപ്പും ചോദ്യം ചെയ്യപ്പെടുന്നു.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വാതില്‍ തുറക്കുന്ന പ്രധാന പരീക്ഷകളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആണ്. NEET, JEE Main, CUET, UGC NET തുടങ്ങിയവ ഉള്‍പ്പെടെ ഏകദേശം 20-ലധികം പരീക്ഷകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്നു. എന്നാല്‍, ഭീമമായ ഉത്തരവാദിത്തം വഹിക്കുന്ന ഈ സ്ഥാപനത്തിന്റെ ആന്തരിക ഘടനയും പ്രവര്‍ത്തനരീതിയും കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്..
2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച NTA-യില്‍ 9 വര്‍ഷത്തിനിടെ സ്ഥിരം ജീവനക്കാരുടെ നിയമനം നടന്നിട്ടില്ല. ഏകദേശം 39 സ്ഥിരം പോസ്റ്റുകള്‍ ഡെപ്യൂട്ടേഷനിലൂടെ നികത്തുകയാണ്. കരാര്‍ ജീവനക്കാരും ഔട്ട്സോഴ്‌സ് ജീവനക്കാരുമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത്രയും കുറഞ്ഞ മാനവശേഷിയോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷകള്‍ നടത്തുന്നത് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്നതില്‍ ഈ മോഡല്‍ പരാജയപ്പെടുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
NTA യുടെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടത് പേപ്പര്‍ ചോര്‍ച്ചകളിലൂടെയാണ്. 2024-ല്‍ NEET-UG പരീക്ഷയില്‍ പേപ്പര്‍ ലീക്ക് ആരോപണങ്ങള്‍ ഉയര്‍ന്നു, ഗ്രേസ് മാര്‍ക്കുകളുടെ വിവാദം, ബിഹാറിലെ അറസ്റ്റുകള്‍ തുടങ്ങിയവ സുപ്രീം കോടതി വരെ എത്തി. 2026-ല്‍ മെയ് 3-ന് നടന്ന NEET പരീക്ഷയും ചോര്‍ച്ച ആരോപണങ്ങളെത്തുടര്‍ന്ന് റദ്ദാക്കപ്പെട്ടു. വാട്ട്സാപ്പ് ഗസ് പേപ്പറും യഥാര്‍ത്ഥ ചോദ്യപേപ്പറും തമ്മിലുള്ള സാമ്യം, സര്‍ക്കാര്‍ അന്വേഷണം എന്നിവയെല്ലാം വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായി.
ഇത്തരം വിവാദങ്ങളില്‍ ഒരു കമ്പനിയുടെ പങ്ക് ശ്രദ്ധേയമാണ്. Eduquity Career Technologies എന്ന സ്വകാര്യ സ്ഥാപനം മുന്‍കാലങ്ങളില്‍ പേപ്പര്‍ ലീക്കുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നിട്ടും NTA ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇവരുമായി കരാറുകള്‍ ഉണ്ടാക്കിയത് ദുരൂഹമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഒരു ബ്ലാക്ക്ലിസ്റ്റഡ് വെണ്ടറിന് ആവര്‍ത്തിച്ച് കരാര്‍ നല്‍കുന്നത് സുതാര്യതയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
2023-ല്‍ മധ്യപ്രദേശിലെ പട്വാരി (വില്ലേജ് ഓഫീസര്‍) പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുകള്‍ ലഭിച്ചവരില്‍ ഭൂരിഭാഗവും ഗ്വാളിയോറിലെ NRI കോളേജ് ഓഫ് എഞ്ചിനീയറിങ് & മാനേജ്മെന്റില്‍ നിന്ന് പരീക്ഷ എഴുതിയവരായിരുന്നു. ഈ കോളേജിന്റെ ഉടമ ബിജെപി നേതാവും മുന്‍ MLAയുമായ സഞ്ജീവ് കുശ്വാഹ ആയിരുന്നു. ഒരു കോളേജ് സെന്ററില്‍ നിന്ന് ഇത്രയധികം ടോപ്പര്‍മാര്‍ ഉണ്ടാകുന്നത് യാദൃശ്ചികമാണോ എന്ന ചോദ്യം ഉയര്‍ന്നു. ഇത്തരം സംഭവങ്ങള്‍ പണവും രാഷ്ട്രീയ ബന്ധവും ഉപയോഗിച്ച് യോഗ്യതയില്ലാത്തവര്‍ക്ക് പോലും അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം പണക്കാരുടെ മോണോപൊളിയാക്കുന്നതിന് വഴിയൊരുക്കുന്നതാണ് എന്‍ടിഎയുടെ പരീക്ഷാ നടത്തിപ്പ്. ലക്ഷക്കണക്കിന് യുവാക്കളുടെ കഠിനാധ്വാനവും സ്വപ്നങ്ങളും ഇത്തരം അഴിമതിയില്‍ തകരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു.
സര്‍ക്കാര്‍ തലത്തില്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. സ്ഥിരം ജീവനക്കാരുടെ നിയമനം, കരാര്‍ സംവിധാനത്തിന്റെ കര്‍ശന നിയന്ത്രണം, ഡിജിറ്റല്‍ സുരക്ഷ മെച്ചപ്പെടുത്തല്‍, സ്വതന്ത്ര അന്വേഷണം എന്നിവ ആവശ്യമാണ്. അല്ലാത്തപക്ഷം, NTA യുവത്വത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു സ്ഥാപനമായി മാറുമെന്ന ഭീതി യാഥാര്‍ത്ഥ്യമാകും.