ഇന്ന് ആടിന്റെ തല, നാളെ എന്റെ തലയോ? തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുമ്പോട്ടു വരാമെന്ന് കെടി ജലീല്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെടി ജലീലിനെതിരെ അധിക്ഷേപകരമായ ആഹ്ലാദപ്രകടനവുമായി മുസ്ലീം ലീഗ്.

 

മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും 'തലയറുപ്പ് രാഷ്ട്രീയ'ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്ന് ജലീല്‍ വ്യക്തമാക്കി.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെടി ജലീലിനെതിരെ അധിക്ഷേപകരമായ ആഹ്ലാദപ്രകടനവുമായി മുസ്ലീം ലീഗ്. ആടിന്റെ തലയറുത്താണ് ജലീലിനെതിരെ ആഘോഷം നടത്തിയത്. മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും 'തലയറുപ്പ് രാഷ്ട്രീയ'ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്ന് ജലീല്‍ വ്യക്തമാക്കി.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും 'തലയറുപ്പ് രാഷ്ട്രീയ'ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും. 
ആയിരം തവണ വര്‍ഗ്ഗീയ കൂട്ടുമുന്നണി എന്നെ തോല്‍പിച്ചാലും നിങ്ങള്‍ക്കു കീഴടങ്ങുന്ന പ്രശ്‌നമില്ല. 
മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. 
തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുമ്പോട്ടു വരാം. 
വെട്ടിവീഴ്ത്താന്‍ ചങ്കൂറ്റമുള്ളവര്‍ക്ക് അങ്കത്തിനിറങ്ങാം. 
തല വെട്ടുന്നവരുടേതല്ല മലപ്പുറം,
തല കാക്കുന്നവരുടേതാണ് മലപ്പുറം. 
ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം. 
ഇന്‍ക്വിലാബ് സിന്ദാബാദ്.