നവകേരള സദസ്സ് കഴിയുമ്പോഴേക്കും ലീഗിന്റെ ഒരുഭാഗം ഇടതിനൊപ്പം ചേരും
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് ഇതിനകം തന്നെ യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്ത് ആണിതെന്നും യഥാര്‍ത്ഥ പ്രശ്‌നം മറച്ചുപിടിച്ചുള്ള ഇത്തരം യാത്രകള്‍ ജനങ്ങള്‍ തള്ളുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. യുഡിഎഫ് എംഎല്‍എമാരോ നേതാക്കളോ സദസ്സുമായി സഹകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി നടക്കുന്ന നവകേരള സദസ്സില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനും അത് പരിഹരിക്കാനും ഭാവി കേരളത്തിനുള്ള അഭിപ്രായ ശേഖരണത്തിനുമെല്ലാം എംഎല്‍എമാര്‍ക്കും അവസരം ലഭിക്കുമെന്നും അറിയിച്ചെങ്കിലും യുഡിഎഫ് എംഎല്‍എമാര്‍ സഹകരിച്ചില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത നിലപാടെടുക്കുമ്പോഴും മുസ്ലീം ലീഗ് നവകേരള സദസ്സിനോട് അതേ രീതിയില്‍ ഇടപെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സദസ്സിന്റെ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചെങ്കിലും മുസ്ലീം ലീഗിനെതിരെ കാര്യമായ പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല. അടുത്തകാലത്ത് ഇടതുപക്ഷവുമായി ലീഗ് പല കാര്യങ്ങളിലും സഹകരിക്കുന്നതിനാലാകാം മുഖ്യമന്ത്രി മുസ്ലീം ലീഗിനെ ഒഴിവാക്കിയത്.
പലസ്തീന്‍ വിഷയത്തിലും ഏറ്റവുമൊടുവില്‍ കേരള ബാങ്ക് വിഷയത്തിലും ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ ലീഗിന് മടിയുണ്ടായില്ല. ഇത് യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍ വിഡി സതീശനും കെ സുധാകരനും പാണക്കാട് നേരിട്ടെത്തിയതും സംഭവത്തിന്റെ ഗൗരവം അത്രമേലുള്ളതുകൊണ്ടാണ്.
ഇപ്പോഴിതാ നവകേരള സദസ്സിനെ പരിഹസിച്ചും വിമര്‍ശിച്ചും വിഡി സതീശന്‍ തള്ളിക്കളയുമ്പോള്‍ മുസ്ലീം ലീഗ് നേതാവ് സദസ്സില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിരിക്കുകയാണ്. നവകേരള സദസ്സില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല തീരുമാനം ഇതോടെ ഇല്ലാതായി.
ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യവസായിയുമായ എന്‍എ അബൂബക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു. രണ്ടാം ദിവസത്തെ പ്രഭാത യോഗത്തില്‍ കലാ സാംസ്‌കാരിക വ്യവസായ രംഗങ്ങളിലെ പ്രമുഖരെ ക്ഷണിച്ചപ്പോഴാണ് ഒഴിഞ്ഞുമാറാതെ അബൂബക്കര്‍ വേദിയിലെത്തിയത്. ലീഗ് സംസ്ഥാന ഭാരവാഹി നവകേരള സദസ്സില്‍ പങ്കെടുത്തത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. മുസ്ലീം ലീഗിലെ ഒരുവിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ നേട്ടം എല്‍ഡിഎഫിന് ഉണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്. യുഡിഎഫില്‍ നിന്നും പരസ്യമായ ഒരു വിട്ടുപോകല്‍ ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് ഇപ്പോഴത്തെ നീക്കത്തിലൂടെ സാധിച്ചേക്കും.