സംഗീതപ്രേമികൾ ഓർക്കുന്നു: തലശേരിയെ ത്രസിപ്പിച്ച ജയചന്ദ്ര സംഗീതം
ഈ ലോകത്തോട് വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ ഓർമ്മകളിൽ തലശേരിയും മയ്യഴിയും.1973 ൽ പഞ്ചവടി സിനിമ റീലീസായതിന് തൊട്ട് പിന്നാലെ മാഹി സ്പിന്നിങ്ങ്മിൽ ഐഎൻടി.യു.സി വാർഷികാഘോഷത്തിന് ജയചന്രന്റെ ഗാനമേള ട്രൂപ്പ് വന്നിരുന്നു.
തലശേരി : ഈ ലോകത്തോട് വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ ഓർമ്മകളിൽ തലശേരിയും മയ്യഴിയും.1973 ൽ പഞ്ചവടി സിനിമ റീലീസായതിന് തൊട്ട് പിന്നാലെ മാഹി സ്പിന്നിങ്ങ്മിൽ ഐഎൻടി.യു.സി വാർഷികാഘോഷത്തിന് ജയചന്രന്റെ ഗാനമേള ട്രൂപ്പ് വന്നിരുന്നു.
' മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി , എന്ന സൂപ്പർ ഹിറ്റ്ഗാനം നാടെങ്ങും ചെറുപ്പക്കാർ പാടി നടന്നിരുന്ന കാലം. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തലശേരിയിൽ നിന്നും പ്രശസ്ത വയലിനിസ്റ്റ് കനകരാജും ആരാധകരും 13 കി.മീ. നടന്നാണ് പാട്ട് കേൾക്കാനെത്തിയത്. ആവശ്യപ്പെടാതെ തന്നെ ഇഷ്ട ഗാനം ജയചന്ദ്രൻ പാടിയപ്പോൾ ആസ്വാദകർ ഇളകിമറിയുകയായിരുന്നു. ഐ എൻടി.യു.സി നേതാവും, ഗായകനും , പിൽക്കാലത്ത് കാൽ നൂറ്റാണ്ടു കാലം പള്ളൂർ എം എൽ എ യുമായിരുന്ന എ.വി.ശ്രീധരനായിരുന്നു മുഖ്യസംഘാടകൻ.
പിന്നീട് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ജയചന്ദ്രൻ സുകുമാർ ഓർക്കസ്ട്രയുമായി പാടാനെത്തിയപ്പോൾ , ഗായക സംഘത്തിലുണ്ടായിരുന്ന സി.എം. വാടിയിലിന് വയലിൻ വായിക്കാനായില്ല. മുസ്ലിം ആണെന്നറിഞ്ഞതിനെത്തുടർന്ന് ചിലർ പ്രതിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ഓഫിസിൽ ഇരിക്കേണ്ടി വരികയായിരുന്നു. ഇത് ജയചന്രനെ വിഷമിപ്പിച്ചിരുന്നു.1989 ൽ പ്രശസ്ത സംഗീത ട്രൂപ്പായ തലശ്ശേരിയിലെ മെലഡി മേക്കേർസിന്റെ ഉദ്ഘാടന ചടങ്ങ് തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തത് ജയചന്ദ്രനായിരുന്നു. ഗായകരായ കൃഷ്ണചന്ദ്രൻ ,ആശാലത എന്നിവരുമുണ്ടായിരുന്നു.
-രാസാത്തിവന്ത്.......പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ...' തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് അന്ന് ആലപിച്ചതെന്ന് ട്രൂപ്പിലെ തബലിസ്റ്റും മാഹി സ്വദേശിയുമായ ടി.പി.സുരേഷ്ബാബു ഓർക്കുന്നു. കേട്ട് കൊതിതീരാത്ത മനസ്സുമായാണ് ആരാധകർ അന്ന് മടങ്ങിയത്.ഉത്തര മലബാറിൽ ജയചന്ദ്രന്റെ ഗാനമേളകളുണ്ടാകുമ്പോൾ തബലിസ്റ്റ് സുരേഷ് ബാബുവുമുണ്ടാകും. തലശ്ശേരിയിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറാണ് ജയചന്ദ്രനെ കൊണ്ടുവന്നത്.തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ ജയചന്രൻ ആലപിച്ച ആത്മീയാനുഭൂതി പകർന്ന ഭക്തി ഗാനമേള ഇന്നും തലശ്ശേരിക്കാരുടെ കാതുകളെ മധുരിതമാക്കുന്നുണ്ട്.
മാഹിയിൽ ജയചന്ദ്രനെ സംഗീതദൈവമായിക്കാണുന്ന രണ്ട് ഗായകസഹോദരങ്ങളുണ്ട്. കെ.കെ.രാജീവും, അനുജൻകെ.കെ.പ്രദീപും. വർഷങ്ങളായി ജയചന്ദ്രനുമായി പ്രദീപ് ടെലിഫോണിൽ ഏറെ നേരംസംസാരിക്കുമായിരുന്നു.ജയചന്ദ്രന്റെ ശബ്ദസാമ്യമുള്ള പ്രദീപ്
ഇഷ്ടഗായകന്റെപാട്ടുകൾ മാത്രമേ ഗാനമേ കളിലും,സുഹൃദ്സദസ്സുകളിൽ പോലും പാടാറുള്ളൂ.ജയചന്ദ്രന്റെ ഒട്ടുമിക്ക ഗാനങ്ങളും പ്രദീപിന് ഹൃദിസ്ഥമാണ്.