പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, രാഷ്ട്രീയ കേരളത്തിന്റെ ഭാവി പ്രവചിച്ച് മുരളി തുമ്മാരുകുടി
തിരുവനന്തപുരം: മറ്റൊരു തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിരക്കിലാണ് കേരളം. തെരഞ്ഞെടുപ്പ് ഏതായാലും ചര്‍ച്ചകളും പ്രചാരണങ്ങളുമായി സജീവമാകുന്നതാണ് മലയാളികളുടെ രീതി. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും സ്ഥിരതി വ്യത്യസ്തമല്ല. പ്രധാനപ്പെട്ട രണ്ട് മുന്നണികളായ യുഡിഎഫും എല്‍ഡിഫും സ്ഥാനാര്‍ഥികളെ തീരുമാനിച്ചുകഴിഞ്ഞു. ഇടതുവലതു മുന്നണികളുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതായിരിക്കില്ല മത്സരഫലം. തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നതിലും ഏറെക്കുറെ ഏവര്‍ക്കും നിശ്ചയവുമുണ്ട്.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകവെ രാഷ്ട്രീയം സംസാരിക്കുന്നത് ഇഷ്ടപ്പെടുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭാവി അത്ര നല്ലതായിരിക്കില്ലെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയുടെ പ്രവചനം. യുവാക്കള്‍ കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ അവരുടെ അഭിപ്രായം ആരും ആരായുന്നില്ലെന്നും എന്നാല്‍ അവരെ ശ്രദ്ധിക്കേണ്ട കാലം വരുമെന്നും അദ്ദേഹം പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കൈ കൊണ്ട് വോട്ട് ചെയ്യുന്നവരും കാലുകൊണ്ട് വോട്ട് ചെയ്യുന്നവരും
പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കാണുന്നു.
എന്ത് ആവേശമാണ് ഇരു ഭാഗത്തും.
പോര്‍വിളി, കളിയാക്കല്‍, ഹാസ്യം, അപഹാസ്യം, എല്ലാമുണ്ട്.
എന്നെ ചിന്തിപ്പിക്കുന്നത് മറ്റൊന്നാണ്
കേരളത്തില്‍ ഇപ്പോള്‍ രണ്ടു തരം വോട്ടമാര്‍ ഉണ്ട്.
ഒന്ന് കേരളത്തില്‍ നിന്ന് രാഷ്ട്രീയത്തെ പറ്റി ചിന്തിച്ച്, ചര്‍ച്ചിച്ചു കുത്തി മറയുന്നവര്‍. മുപ്പത് വയസ്സിന് മുകളില്‍ ഉള്ള ആണുങ്ങള്‍ ആണ് ഇതില്‍ ബഹുഭൂരിപക്ഷവും.
രണ്ട്, കേരളത്തില്‍ നിന്നും പ്ലസ് റ്റു കഴിയുമ്പോള്‍ തന്നെ പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍. അതില്‍ വിജയം കാണുന്നവര്‍. ഇരുപത്തി അഞ്ചിന് താഴെ പ്രായമുള്ളവര്‍, ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ.
അവര്‍ വോട്ട് ചെയ്യുന്നില്ല
ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല
ഈ രാഷ്ട്രീയത്തില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അവരുടെ ഭാവിക്ക് ഗുണകരമായ എന്തെങ്കിലും ഉണ്ടാകുമെന്നൊരു പ്രതീക്ഷ അവര്‍ കാണുന്നില്ല.
എങ്ങനെയെങ്കിലും പുറം രാജ്യങ്ങളില്‍ എത്തി കിട്ടുന്ന ജോലി എടുത്ത് ജീവിതം തുടങ്ങാന്‍ ഉള്ള ശ്രമമാണ്.
അവരുടെ ചിന്തകള്‍ അവര്‍ ആരോടും പറയുന്നില്ല, ആരും അവരോട് ചോദിക്കുന്നുമില്ല. വോട്ട് ചെയ്താല്‍ പോലും അവര്‍ ഒരു ചെറിയ ശതമാനമേ വരൂ, അപ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് രാഷ്ട്രീയ കണക്കു കൂട്ടലില്‍ പ്രസക്തിയില്ല.
പക്ഷെ കേരളത്തിന്റെ ഭാവിയാണ് കടന്നു പോകുന്നത്
അവര്‍ കൈ കൊണ്ടല്ല കാലുകൊണ്ടാണ് വോട്ട് ചെയ്യുന്നത്
അവരെ ശ്രദ്ധിക്കേണ്ട കാലം വരും
അതിനി അധികം കാലമില്ല
മുരളി തുമ്മാരുകുടി